
150 ബോഡിഗാര്‍ഡ്, 800 വീട്ടുജോലിക്കാര്‍, അടുക്കളയില്‍ ലിഫ്റ്റ്, വസ്ത്രങ്ങള്‍ സൂക്ഷിക്കാനായി ഒരു നില.. പറഞ്ഞുവരുന്നത് ഏതെങ്കിലും ബോളിവുഡ് താരത്തെയോ, ഇന്ത്യയിലെ പ്രമുഖരായ വ്യവസായ പ്രമുഖരെ കുറിച്ചോ അല്ല. സല്‍മാന്‍ ഖാന്‍ ആതിഥേയത്വം വഹിക്കുന്ന റിയാലിറ്റി ഷോയായ ബിഗ്‌ബോസ് 19-ാം സീസണിലെ ഒരു മത്സരാര്‍ഥിയെ കുറിച്ചാണ്. അതേ, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താന്യ മിത്തല്‍ എന്ന ഇന്‍ഫ്‌ളുവന്‍സറാണ് താരം. സംരംഭക, സ്പിരിച്വല്‍ കണ്ടന്റ് ക്രിയേറ്റര്‍, ഇന്‍ഫ്‌ളുവന്‍സര്‍, പോഡ്ക്‌സ്റ്റര്‍, ബ്യൂട്ടി പേജന്റ് തുടങ്ങി വിവിധ തലങ്ങളില്‍ പ്രശസ്തയാണ് താന്യ. 3.4 മില്യണ്‍ ഫോളോവേഴ്‌സാണ് താന്യയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. പക്ഷെ രാജ്യം മുഴുവന്‍ താന്യയെ കുറിച്ച് സംസാരിച്ചുതുടങ്ങുന്നത് ബിഗ്‌ബോസ് മത്സരാര്‍ഥിയായി ഇവര്‍ എത്തുന്നത് മുതലാണ്.
800 സാരികളും, ഏഴ് പെട്ടികളില്‍ ആഭരണവും, രണ്ട് സ്യൂട്ട്‌കേസുമായാണ് താന്യ ബിഗ്‌ബോസ് ഹൗസിലെത്തുന്നത്. ഷോയിലെ മറ്റുമത്സരാര്‍ഥികളോട് തന്റെ ആഡംബര ജീവിതത്തെകുറിച്ച് സംസാരിച്ചുതുടങ്ങിയതോടെ ഇവര്‍ പറയുന്നത് സത്യമാണോ എന്ന നിലയില്‍ പലര്‍ക്കും സംശയം ഉടലെടുത്തു. തനിക്ക് 150 ബോഡിഗാര്‍ഡ്‌സ് ഉണ്ട്. മഹാകുംഭ് മേളയില്‍ അവളുടെ ബോഡിഗാര്‍ഡ് ആളുകളെ സഹായിച്ചു,വീട്ടില്‍ സഹായത്തിനായി 850 ജോലിക്കാരുണ്ട്.5 സ്റ്റാര്‍-7 സ്റ്റാര്‍ ഹോട്ടലുകളേക്കാള്‍ സൗകര്യമുള്ള, അതിമനോഹരമായ വീടാണ് തന്റേത്, തന്റെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം ഒരു നില മാറ്റിവച്ചിരിക്കുകയാണ്,കുടുംബം അവളെ ബോസ് എന്നാണ് വിളിക്കുന്നതെല്ലാം താന്യ അവകാശപ്പെട്ടു. ആഡംബര വാഹനങ്ങളും വിലകൂടിയ ബ്രാന്‍ഡ് സാരികളും ആഭരണങ്ങളും ചെരിപ്പുകളുമെല്ലാം ഉള്ള ഇവര്‍ അത്യാഡംബര ജീവിതമാണ് നയിക്കുന്നത്. ഇതോടെ ആരാണ് ഈ കോടീശ്വരി എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നു.ചിലരാകട്ടെ സത്യാവസ്ഥ തിരഞ്ഞ് ഗ്വാളിയോറിലേക്ക് പോവുകയും ചെയ്തു.
താന്യയുടെ അവകാശവാദങ്ങളൊന്നും സത്യമല്ലെന്നും കല്ലുവച്ച നുണകളാണെന്നും അവകാശപ്പെട്ട് പല സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും രംഗത്തെത്തി. തെളിവായി പലരും താനിയയുടെ വീടിന്റെ വീഡിയോയും അവളുടെ ഫാക്ടറിയുടെ വീഡിയോയും പങ്കുവച്ചു. ചിലര്‍ താന്യയുടെ തന്നെ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി അതില്‍ നിന്ന് താന്യക്കുള്ളത് അത്ര വലിയ ആഡംബര വസതിയല്ലെന്ന് ആരോപിച്ചു. ഇതോടെ ഒരു ട്രോള്‍ മറ്റീരിയലായി അവര്‍ മാറിക്കഴിഞ്ഞു. എന്നാല്‍ പുറത്തുനടക്കുന്നതൊന്നും അറിയാത്ത താന്യ തന്റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള വര്‍ണനകളില്‍ നിന്ന് പിറകോട്ട് പോയിട്ടുമില്ല.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 2000 സെപ്റ്റംബര്‍ 27നാണ് താന്യ ജനിക്കുന്നത്. വിദ്യ പബ്ലിക് സ്‌കൂളില്‍ പഠനം, രിന്നീട് ചണ്ഡിഗഢ് സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം എടുത്തു. 2018ലാണ് മിസ് ഏഷ്യ ടൂറിസം യൂണിവേഴ്‌സ് സൗന്ദര്യ കിരീടം ചൂടുന്നത്. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതും ഇന്‍ഫ്‌ളുവന്‍സര്‍ ആകുന്നതും. ഹാന്‍ഡ്‌മെയ്ഡ് വിത് ലവ് ബൈ താന്യ എന്ന പേരില്‍ ഒരു സംരംഭം താനിയ ആരംഭിച്ചിട്ടുണ്ട്. സാരികള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിവയാണ് ഇവരുടെ ഉല്പന്നങ്ങള്‍. വെറും അഞ്ഞൂറുരൂപയില്‍ നിന്നാണ് താന്യ ബിസിനസ് ആരംഭിച്ചതത്രേ.
ഇതിലെല്ലാം പുറമേ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗേള്‍ അപ് എന്ന എന്‍ജിഒയുടെയും ഭാഗമാണ് ഇവര്‍. ഗ്വാളിയോറില്‍ ഇവര്‍ ഒരു ഗ്രാമം ദത്തെടുത്തെന്നും രണ്ടുകുട്ടികളുടെ പഠനം ഉള്‍പ്പെടെ സകല ചെലവുവഹിക്കുന്നതും ഇവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം താന്യയുടെ പ്രതിമാസ വരുമാനം ആറുലക്ഷം രൂപയാണ്. ബ്രാന്‍ഡ് കൊളാബറേഷന്‍, എന്‍ഡോഴ്‌സ്‌മെന്റ്, മറ്റ് ബിസിനസ്സുകള്‍ എന്നിവയിലൂടെയാണ് കൂടുതല്‍ വരുമാനവും ഇവര്‍ക്ക് ലഭിക്കുന്നത്. റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ രണ്ട് കോടിയാണ് ഇവരുടെ ആസ്തി. അങ്ങനെയാണെങ്കില്‍ ബിഗ്‌ബോസ് 19 ലെ ഏറ്റവും സമ്പന്നയായ മത്സരാര്‍ഥിയാണ് ഇവര്‍.
ബിഗ്‌ബോസിലെ ഒരു എപ്പിസോഡില്‍ 'സെല്‍ഫ് മെയ്ഡ് വുമണി'ലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് താന്യ തുറന്നുപറയുന്നുണ്ട്. കുട്ടിക്കാലത്ത് പലപ്പോഴും അച്ഛന്‍ താനിയയെ മര്‍ദിച്ചിരുന്നു. അന്നെല്ലാം അവരെ രക്ഷിച്ചിരുന്നത് അമ്മയായിരുന്നു. ഒട്ടേറെ കടമ്പകള്‍ കടന്നാണ് ബിസിനസ് ആരംഭിച്ചതെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദം നേടിയതെന്നും അവര്‍ പറയുന്നുണ്ട്. പ്രായം കുറഞ്ഞ കോടീശ്വരിയെന്നാണ് ഇവര്‍ ഇവരെത്തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ബയോയില്‍ വിശേഷിപ്പിക്കുന്നത്.
Content Highlights: have 150 bodyguards, 800 house staff, came with 800 sarees Who is Bigg Boss 19 contestant Tanya Mittal