
തരുൺ മൂർത്തി സംവിധാനം ചെയ്ത് 2021 ൽ പുറത്തുവന്ന ഹിറ്റ് ആക്ഷൻ ക്രൈം സിനിമയായിരുന്നു 'ഓപ്പറേഷൻ ജാവ'. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് തരുൺ മൂർത്തി. 'ഓപ്പറേഷൻ കംബോഡിയ' എന്ന് പേരിട്ട സിനിമയിൽ പൃഥ്വിരാജ് സുകുമാരൻ ആണ് നായകനായി എത്തുന്നത്.
പൃഥ്വിരാജിനൊപ്പം ആദ്യ ഭാഗത്തിലെ താരങ്ങളായ ലുക്മാൻ, ബാലു വർഗീസ്, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടർ, ഇർഷാദ് അലി എന്നിവരുമുണ്ട്. ഓപ്പറേഷൻ ജാവ യൂണിവേഴ്‌സ് ആരംഭിക്കുകയാണെന്നും അതിലെ അടുത്ത സിനിമയാണ് ഇതെന്നുമാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അടുത്ത ചിത്രമായ ടോർപിഡോക്ക് ശേഷമാകും തരുൺ ഈ സിനിമയിലേക്ക് കടക്കുക. '2021-ൽ നിർത്തിയ സ്ഥലത്ത് നിന്ന് പുനരാരംഭിക്കുന്നു. പുതിയ OPJ ഫ്രാഞ്ചൈസിയായ ഓപ്പറേഷൻ കംബോഡിയയിലേക്ക് പൃഥ്വിരാജിന് സ്വാഗതം'-എന്നാണ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് തരുൺ മൂർത്തി കുറിച്ചത്.
വി സിനിമാസ് ഇന്റർനാഷണൽ, വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യ, ദി മാനിഫെസ്റ്റഷൻ സ്റ്റുഡിയോ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. അതേസമയം, തരുണിന്റെ അടുത്ത സിനിമയായ ടോർപിഡോയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഫഹദ് ഫാസിൽ, നസ്‌ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് എഡിറ്റിങ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽ ദാസ് ആർട്ട് ഡയറക്ടഷനും നിർവഹിക്കുന്നു.
Content Highlights: Tharun moorthy announces Operation java 2 with prithviraj