പരസ്പരം സംസാരിക്കുന്നത് 'ബില്ലു'കളെ കുറിച്ച് മാത്രം; 'സൈലന്റ് ഡിവോഴ്‌സ്' എന്ന 'സ്ലോ പോയ്‌സൺ'

കുടുംബ ചടങ്ങുകളിലും കുടുംബചിത്രങ്ങളിലുമെല്ലാം ഇവര്‍ ഒന്നിച്ചുതന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും

പരസ്പരം സംസാരിക്കുന്നത് 'ബില്ലു'കളെ കുറിച്ച് മാത്രം; 'സൈലന്റ് ഡിവോഴ്‌സ്' എന്ന 'സ്ലോ പോയ്‌സൺ'
dot image

താമസിക്കുന്നത് ഒരൂ കൂരയ്ക്കുള്ളില്‍, പക്ഷെ ജീവിക്കുന്നത് രണ്ട് ലോകങ്ങളില്‍..ഭക്ഷണം തയ്യാറാണ്, ഇന്ന് മാര്‍ക്കറ്റില്‍ നിന്ന് എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ, കറന്റ് ബില്‍ അടച്ചോ? തുടങ്ങി വളരെ അത്യാവശ്യ കാര്യങ്ങള്‍ മാത്രം സംസാരിക്കും. ചിരിയോ, പങ്കാളിയുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കയോ, പരസ്പരമുള്ള കരുതലോ, ഊഷ്മളതയോ, ശാരീരിക അടുപ്പമോ ഇവര്‍ക്കിടയിലില്ല. എന്നാല്‍ കുടുംബ ചടങ്ങുകളിലും കുടുംബചിത്രങ്ങളിലുമെല്ലാം ഇവര്‍ ഒന്നിച്ചുതന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. പറഞ്ഞുവരുന്നത് ഇന്ത്യയില്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന നിശബ്ദ വിവാഹമോചനത്തെ കുറിച്ചാണ്.

മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മുതല്‍ ചെറിയ നഗരങ്ങളില്‍ വരെ ഈ നിശബ്ദ വിവാഹമോചനം ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാര്യേജ് കൗണ്‍സലര്‍മാര്‍ സമ്മതിക്കുന്നുണ്ട്. പല ദമ്പതികള്‍ക്കിടയിലും സ്‌നേഹം നഷ്ടപ്പെട്ടു, പക്ഷെ അവര്‍ കുട്ടികള്‍ക്ക് വേണ്ടി, സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ പേരില്‍ പിരിയാതെ അടഞ്ഞ വാതിലിനപ്പുറത്ത് ഒരു വീട്ടിനുള്ളില്‍ തങ്ങളുടേതായ ലോകത്ത് സൈര്യമായി ജീവിക്കുകയാണ്.

വിവാഹമോചനത്തെ ഇന്നും ജീവിത പരാജയമായി കണക്കാക്കാന്‍ തയ്യാറാകുന്ന ഒരു സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റിന് ദമ്പതികള്‍ തയ്യാറാകുന്നത്. ഇന്ത്യയില്‍ പലപ്പോഴും ഇത് കുട്ടികളെ ഓര്‍ത്ത് എന്ന കാരണത്താലും. പക്ഷെ പുതിയ കാലത്തെ പ്രവണതയായി ഇതിനെ വിലയിരുത്താനാകില്ലെന്നാണ് സൈക്കോളജിസ്റ്റുകള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. പണ്ടുകാലത്തും അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ വഴിപിരിഞ്ഞ് ഒരു വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്ന ദമ്പതികള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

മാറ്റത്തിനോടുള്ള ഭയവും ഇത്തരത്തിലുള്ള നിശബ്ദ വിവാഹമോചനത്തിലേക്ക് നയിക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത ഒരു വിവാഹത്തില്‍ നിന്ന് ഇറങ്ങുന്നതും മറ്റൊരു ബന്ധത്തിലേക്കോ, പുതിയൊരു ജീവിതത്തിലേക്കോ കടക്കുന്നത് കംഫര്‍ട്ട്‌സോണിന് ഭീഷണിയായാണ് ഇത്തരക്കാര്‍ കാണുന്നത്. ദീര്‍ഘകാലം ഒരുമിച്ച് കഴിഞ്ഞതിന്റെ ഭാഗമായി ഹാബിച്ച്വല്‍ അറ്റാച്ച്‌മെന്റ് ഇവര്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കാം.

നിശബ്ദ വിവാഹമോചനം പക്ഷെ മാനസികാരോഗ്യത്തിന് അത്ര നല്ലതല്ല. സ്ലോ പോയ്‌സണ്‍ എന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. പങ്കാളികളെ മാത്രമല്ല ഇത് കുട്ടികളെയും ബാധിച്ചേക്കാം. പരസ്പരം വൈകാരിക ബന്ധമില്ലാതെ കഴിയുന്ന ഇവര്‍ക്ക് ഏകാന്തത, നിരാശ, വിഷാദം എന്നിവ അനുഭവപ്പെട്ടേക്കാം. ജീവിതത്തിന്റെ മനോഹിരിത നഷ്ടപ്പെടുകയും വെറും ചടങ്ങായി ശീലമായി ഇവര്‍ക്ക് ജീവിച്ചുതീരേണ്ടി വന്നേക്കാം. പരസ്പരമുള്ള വഴക്ക് ഇല്ലാത്തതിനാല്‍ കുട്ടികളെ ഒരു തരത്തിലും തങ്ങളുടെ ജീവിതം ബുദ്ധിമുട്ടിക്കില്ലെന്നാണ് ഇവരുടെ ചിന്ത. എന്നാല്‍ ബന്ധങ്ങളുടെ ഊഷ്മളതയിലും സ്‌നേഹത്തിലും വളരാത്തതിനാല്‍ ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും, അവരുടെ ബന്ധങ്ങളെയും ബാധിക്കും. അരക്ഷിതാവസ്ഥയ്‌ക്കൊപ്പം ഒരാളോട് ബന്ധം സ്ഥാപിക്കാന്‍ അവര്‍ മടിക്കും.

വിവാഹേതര ബന്ധങ്ങള്‍, ലഹരി എന്നിവയിലേക്കും നിശബ്ദ വിവാഹമോചനങ്ങള്‍ മനുഷ്യരെ തള്ളിവിടുന്നുണ്ട്. ഒരു രാത്രിയില്‍ സംഭവിക്കുന്ന അഭിപ്രായ വ്യത്യാസങ്ങളായിരിക്കില്ല നിശബ്ദ വിവാഹമോചനചത്തിലേക്ക് നയിക്കുക. വര്‍ഷങ്ങളുടെ അവഗണനയുടെ കഥകള്‍ ഇതിന് പിന്നില്‍ ഉണ്ടായേക്കാം. അമിതജോലിഭാരം, ഉപദ്രവം, രക്ഷിതാക്കളുടെ കടമകള്‍, സാമൂഹിക ബാധ്യതകള്‍, കുടുംബത്തിനകത്തെ ജെന്‍ഡര്‍ റോളുകളില്‍ തുല്യത അനുഭവപ്പെടാതിരിക്കുക, കുടുംബത്തിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടുള്ള വിവാഹം ഇതെല്ലാം നിശബ്ദ വിവാഹ മോചനത്തിലേക്ക് ദമ്പതികളെ നയിക്കുന്നുണ്ട്.

എന്തുചെയ്യാം

നിശബ്ദത ഭേദിക്കുക എന്നതുതന്നെയാണ് ആദ്യപടി. തീര്‍ച്ചയായും അതിന് അസാമാന്യ ധൈര്യം ആവശ്യമാണ്. തുടക്കത്തില്‍ കംഫര്‍ട്ടബിള്‍ ആയി അനുഭവപ്പെടില്ലെങ്കിലും പരസ്പരമുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ ഒരു കൗണ്‍സലറുടെ സഹായം തേടുക.

Content Highlights: Silent divorces are increasingly common in India

dot image
To advertise here,contact us
dot image