കേരള-​ഗൾഫ് സർവീസുകൾ കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം; താൽക്കാലികമെന്ന് അധികൃതർ

'സീസൺ അനുസരിച്ചുള്ള യാത്രാ രീതികളെ അടിസ്ഥാനമാക്കിയുള്ള താൽക്കാലിക മാറ്റമാണ്.'

കേരള-​ഗൾഫ് സർവീസുകൾ കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം; താൽക്കാലികമെന്ന് അധികൃതർ
dot image

കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം താൽക്കാലികമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. തീരുമാനം ഒക്ടോബർ മുതൽ മാർച്ച് വരെ നീളുന്ന വിന്റർ ഷെഡ്യൂളിൽ മാത്രമായിരിക്കും. അതിനുശേഷം സർവീസുകൾ സാധാരണ നിലയിൽ തന്നെ തുടരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ​ഗൾഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി വിമാന കമ്പനി രം​ഗത്തെത്തിയത്.

'ഇത് സീസൺ അനുസരിച്ചുള്ള യാത്രാ രീതികളെ അടിസ്ഥാനമാക്കിയുള്ള താൽക്കാലിക മാറ്റമാണ്. വിന്റർ മാസങ്ങളിൽ ഗൾഫിൽ നിന്ന് വടക്കേ ഇന്ത്യൻ സെക്ടറുകളിലേക്ക് യാത്രക്കാർ വളരെ കൂടുതലാണ്. സമാനമായി, വേനൽ മാസങ്ങളിൽ, സ്കൂൾ അവധികളും ഓണം പോലുള്ള ആഘോഷങ്ങളും കാരണം കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്കും വർദ്ധിക്കാറുണ്ട്.' എയർ ഇന്ത്യ പ്രതിനിധി വ്യക്തമാക്കി.

​ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനത്തിനെതിരെ യുഎഇയിലെ പ്രവാസികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകിയിരുന്നു. ഗൾഫ് മേഖലയിലേക്ക് കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും കുടുംബങ്ങളെയും ഈ നീക്കം ദുരിതത്തിലാക്കുമെന്ന് പ്രവാസികൾ കത്തിൽ അറിയിച്ചു.

യുഎഇയിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ, പ്രസിഡൻ്റ് നിസാർ തളങ്കര ഒപ്പിട്ട ഔദ്യോഗിക നിവേദനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. കേരളത്തിനും ജിസിസി രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന കുറഞ്ഞതും ഇടത്തരം വരുമാനമുള്ളവരെയും വിദ്യാർത്ഥികളെയും തീരുമാനം ​ഗുരുതരമായി ബാധിക്കുമെന്ന് കത്തിൽ പറയുന്നു.

ഒക്ടോബർ അവസാനം മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്ന വരാനിരിക്കുന്ന വിന്റർ ഷെഡ്യൂളിൽ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കാൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്. എങ്കിലും ഇതുവരെയും എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Air India Express' decision to reduce Kerala-Gulf services; Officials say it is temporary

dot image
To advertise here,contact us
dot image