കെഎസ്ആർടിസിയിൽ പ്ലാസ്റ്റിക് മാലിന്യം;ബസ് തടഞ്ഞുനിർത്തി ഗണേഷ് കുമാറിന്റെ മിന്നൽപരിശോധന,ജീവനക്കാർക്ക് പരസ്യശകാരം

ബസില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെയാണ് മന്ത്രി പിന്നാലെയെത്തി ബസ് തടഞ്ഞുനിര്‍ത്തിയത്

കെഎസ്ആർടിസിയിൽ പ്ലാസ്റ്റിക് മാലിന്യം;ബസ് തടഞ്ഞുനിർത്തി ഗണേഷ് കുമാറിന്റെ മിന്നൽപരിശോധന,ജീവനക്കാർക്ക് പരസ്യശകാരം
dot image

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിലെ എം സി റോഡിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന മന്ത്രി ആയൂര്‍ ടൗണില്‍ വെച്ചാണ് വാഹനം നിര്‍ത്തിച്ച് മിന്നല്‍ പരിശോധന നടത്തിയത്. ബസില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെയാണ് മന്ത്രി പിന്നാലെയെത്തി ബസ് തടഞ്ഞുനിര്‍ത്തിയത്. പ്ലാസ്റ്റിക് കുപ്പി നീക്കം ചെയ്യാത്തതില്‍ മന്ത്രി ജീവനക്കാരെ ശകാരിച്ചു.

'വണ്ടിയുടെ മുന്‍വശത്ത് മുഴുവന്‍ പ്ലാസ്റ്റിക് കുപ്പി വാരിയിട്ടേക്കുവാ. കുടിച്ചുകഴിഞ്ഞാല്‍ പ്ലാസ്റ്റിക് കുപ്പി എവിടേക്കെങ്കിലും കളഞ്ഞൂടേ. പ്ലാസ്റ്റിക് കുപ്പി ഇടാനുള്ളതാണോ വണ്ടിയുടെ മുന്‍വശം. പിഴയിടും. ഇങ്ങനെ ഇടാന്‍ പാടില്ലെന്ന് കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശം ഉണ്ട്. ഇനി ഇത് ആവര്‍ത്തിക്കരുത്. നടപടി വരുമ്പോള്‍ പഠിച്ചോളും. ഇന്നലെ വെള്ളം കുടിച്ച കുപ്പി ഇന്നും കിടക്കുമ്പോള്‍ അത് ജീവനക്കാരുടെ തെറ്റാണ്', എന്നും മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു.

കൊടിക്കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. ബസിലെ മാലിന്യങ്ങള്‍ അതാത് സമയത്ത് തന്നെ നീക്കം ചെയ്യണമെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു.

കഴിഞ്ഞദിവസം സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി മന്ത്രി റദ്ദാക്കിയതും ചര്‍ച്ചയായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസ്സില്‍ ആളില്ലാത്തതുമായിരുന്നു മന്ത്രിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സംഘാടകരായ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഔദ്യോഗിക വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയത്.

Content Highlights: Ganesh Kumar's inspection in Ksrtc Bus at kollam

dot image
To advertise here,contact us
dot image