
മലയാള സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ആടിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് എത്തി സൈജു കുറുപ്പ്. തന്റെ കഥാപാത്രമായ അറക്കൽ അബുവായിട്ടാണ് അദ്ദേഹം സെറ്റിൽ എത്തിയത്. കാരവനിൽ നിന്ന് ഇറങ്ങി സംവിധായകൻ മിഥുൻ അടുത്തേക്ക് ചെല്ലുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അബുവിന്റെ കൈകളിലേക്ക് ഒരു വാൾ നൽകിയ മിഥുൻ ഇത് ആയിട്ട് അവിടെ പോയി മുടി ചീകിക്കൊള്ളൂ എന്നാണ് പറയുന്നത്. 'അബു ഭീകരൻ എത്തി, ഇപ്പോഴത്തെ ടൈംലൈനിൽ', എന്നാണ് വീഡിയോ പങ്കുവെച്ച് മിഥുൻ മാനുവൽ കുറിച്ചത്.
ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ആട് 3 അവരുടെ എല്ലാവരുടെയും ഇൻട്രോ വീഡിയോ സംവിധായകൻ മിഥുൻ പുറത്തിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ആട് 3 ഒരു ടൈം ട്രാവൽ ചിത്രമായിരിക്കുമെന്നാണ് ആദ്യം ഇറങ്ങിയ പോസ്റ്ററുകൾ നൽകുന്ന സൂചനകൾ. ആടിന്റെ രണ്ടു ഭാഗങ്ങളിൽ ഒന്നാം ഭാഗം തിയേറ്ററിൽ വിജയമാകാതെ ഡിജിറ്റൽ റിലീസിന് ശേഷമാണ് വലിയ ആരാധകവൃന്ദം ഉണ്ടായത്.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Content Highlights: Saiju Kurupp Joins the sets of Aadu 3 as Arakkal Abu