കൊവിഡിന് ശേഷം ആരോഗ്യ സംരക്ഷണ മേഖലയിൽ പിടിമുറുക്കുന്ന വമ്പന്മാർ! ലാഭം കൊയ്യുന്ന പ്രൈവറ്റ് ഇക്വിറ്റി ഭീമന്മാർ

വമ്പന്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖല, പിന്നിലെന്ത്?

കൊവിഡിന് ശേഷം ആരോഗ്യ സംരക്ഷണ മേഖലയിൽ പിടിമുറുക്കുന്ന വമ്പന്മാർ! ലാഭം കൊയ്യുന്ന പ്രൈവറ്റ് ഇക്വിറ്റി ഭീമന്മാർ
dot image

കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഒരു വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമീപ മാസങ്ങളില്‍, കെകെആര്‍, ബ്ലാക്ക്സ്റ്റോണ്‍ തുടങ്ങിയ ആഗോള പ്രൈവറ്റ് ഇക്വിറ്റി (പിഇ) ഭീമന്മാര്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ഇടപാടുകളിലൂടെ പിഇ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ ചില ആശുപത്രി ശൃംഖലകളില്‍ നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ആരോഗ്യ മേഖലയിലെ പ്രൈവറ്റ് ഇക്വിറ്റി ഡീലുകളുടെ പ്രവാഹം നമ്മുടെ മുന്നില്‍ ഒരു പ്രധാനപ്പെട്ട ചോദ്യം ഉയര്‍ത്തുന്നു- എന്താണ് ആഗോളതലത്തിലെ നിക്ഷേപ ഭീമന്മാര്‍ ഇന്ത്യന്‍ ആതുര സേവനമേഖലയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് ഇത്തരത്തില്‍ അടിയന്തര താല്‍പര്യം പ്രകടിപ്പിക്കാനുള്ള കാരണം?

ഇന്ത്യന്‍ ആരോഗ്യമേഖലയിലേക്ക് ആഗോള പ്രൈവറ്റ് ഇക്വിറ്റി ഭീമന്മാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍

കൂടുതലായി ബ്രാന്‍ഡഡ് ആശുപത്രികളില്‍ ചികിത്സതേടുന്ന രീതിയിലേക്ക് സമീപകാലത്ത് ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു എന്നതാണ് ആഗോള പ്രൈവറ്റ് ഇക്വിറ്റി ഭീമന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാരണം. കൊവിഡിന് ശേഷമാണ് ഈ രീതിയിലുള്ള മാറ്റം കൂടുതലായി പ്രകടമാക്കപ്പെട്ട് തുടങ്ങിയത്. ഡോക്ടര്‍മാരുടെ ജനപ്രീതിയോ പ്രശസ്തിയോ മുന്‍നിര്‍ത്തിയായിരുന്നു മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ ജനത ആതുരസേവനം തേടിയിരുന്നത് എങ്കില്‍ ഇന്ന് ഈ തീരുമാനം പ്രധാനമായും നിര്‍ണയിക്കുന്നത് ആശുപത്രിയുടെ ബ്രാന്‍ഡാണ്. ഈ പ്രവണത ഇനിയും വളരുമെന്നാണ് കരുതപ്പെടുന്നത്.


ജനങ്ങളുടെ വരുമാനത്തിലെ വര്‍ദ്ധനവും ഇന്‍ഷുറന്‍സിന്റെ സാധ്യതകളിലുണ്ടായ സ്വീകാര്യതയും പരിരക്ഷയും വര്‍ദ്ധിച്ചുവരുന്ന അവബോധവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലം ഉപഭോക്താക്കള്‍ ഇപ്പോള്‍ NABH/ JCI അംഗീകൃത ആശുപത്രികള്‍, സ്വകാര്യ മുറികള്‍, പ്രീമിയം സേവനങ്ങള്‍ എന്നിവ കൂടുതലായി ആവശ്യപ്പെടുന്നു. കേന്ദ്രീകൃത സ്വഭാവമില്ല എന്നത് ഇന്ത്യന്‍ ആരോഗ്യമേഖലയുടെ പ്രത്യേകതയാണ്. രാജ്യത്തെ ആകെ ഹോസ്പിറ്റല്‍ ബെഡ്ഡുകളില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് പ്രധാനപ്പെട്ട 8 ഹോസ്പിറ്റല്‍ ബ്രാന്റുകളുടെ കൈവശമുള്ളത്. ശേഷിക്കുന്ന 95 ശതമാനവും ആയിരക്കണക്കിന് ആശുപത്രികളിലായി ചിതറി കിടക്കുകയാണ്. ഇത് ഈ മേഖലയിലെ ഏകീകരണത്തിന് വേദിയൊരുക്കുന്നു. ഇതോടൊപ്പം തന്നെ ചെറിയ ആശുപത്രികള്‍ നിലനില്‍പ്പിനായി വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പതിനഞ്ചും ഇരുപതുമൊക്കെ വര്‍ഷങ്ങള്‍ ഒറ്റയ്ക്ക് ചെറിയ ആശുപത്രികള്‍ നടത്തിക്കൊണ്ടിരുന്ന ഡോക്ടര്‍മാര്‍ സ്ഥാപനങ്ങളെ നയിക്കാന്‍ പിന്‍തലമുറയില്ലാത്തതും, ചെലവുകള്‍ വര്‍ദ്ധിച്ച് വരുന്നതും ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളുമെല്ലാം കാരണം അത് തുടര്‍ന്ന് കൊണ്ടുപോകുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്..

ഇതിനെല്ലാം പുറമെ, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ യു എസ്സിലെ ആതുരസേവന മേഖലയിലെ എല്ലാ നിക്ഷേപ സാധ്യതകളും ഉപയോഗപ്പെടുത്തി കഴിഞ്ഞ ശേഷം മുന്നോട്ട് പുതിയതൊന്നും തന്നെ സാധ്യമല്ലാത്ത ഒരു സാഹചര്യത്തിലാണുള്ളത്. ഇതിന്റെ ഭാഗമായി നിരവധിയായ വിമര്‍ശനങ്ങള്‍ അവിടെ അവര്‍ നേരിട്ടു കൊണ്ടിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തിലാണ് യു എസിന് പുറത്ത് ഇന്ത്യപോലുള്ള രാജ്യത്തേക്ക് സാന്നിദ്ധ്യം വ്യാപിപ്പിക്കുവാന്‍ അവര്‍ ശ്രമിക്കുന്നത്. കേരളത്തെക്കുറിച്ച് പറയുകയാണെങ്കില്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വൃദ്ധജനസംഖ്യ ഇവിടെയാണ്. നമ്മുടെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 16%-ല്‍ അധികം 60 വയസ്സിന് മുകളിലുള്ളവരാണ് (ദേശീയ ശരാശരി 10% മാത്രമാണ്). കൂടാതെ, ജീവിതശൈലിജന്യ രോഗങ്ങള്‍ വളരെ വ്യാപകമാണ് - ഉദാഹരണത്തിന്, കേരളത്തില്‍ 25% പേര്‍ക്ക് പ്രമേഹവും 44.3% പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും (ഹൈപ്പര്‍ടെന്‍ഷന്‍) ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിവ്യക്തി വരുമാനവും ഗുണമേന്‍മയുള്ള ആരോഗ്യ പരിചരണത്തിനായി പണം ചെലവഴിക്കാനുള്ള ശക്തമായ സന്നദ്ധതയും ചേരുമ്പോള്‍, കേരളം പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ക്ക് ഏറെ ആകര്‍ഷകമായ ഒരു കേന്ദ്രമായി മാറുന്നു.

പ്രൈവറ്റ് ഇക്വിറ്റികള്‍ ഇരുതലമൂര്‍ച്ചയുള്ള വാളായിമാറുമോ?

പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപങ്ങള്‍ ആശുപത്രികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുകയും മികച്ച രീതിയിലുള്ള മാനേജ്മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വഴി കൂടുതല്‍ കാര്യക്ഷയമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒന്നിലധികം ആശുപത്രികളെ സംയോജിപ്പിച്ച് അവയുടെ വാങ്ങല്‍ പ്രക്രിയ കേന്ദ്രീകരിക്കുന്നതിലൂടെ, മെറ്റീരിയല്‍ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇതോടൊപ്പം തന്നെ കൂടുതല്‍ മികച്ച സാങ്കേതിക വിദ്യകളും സൗകര്യങ്ങളും പുതിയ ചികിത്സാ രീതികളും സജ്ജീകരിക്കുവാനും, കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആശുപത്രികളുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കുവാനും ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ സഹായകരമാകും. എന്നാല്‍, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ ഹ്രസ്വകാല ലാഭം ( short-term profitabiltiy) ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കാറുള്ളത്. ഇത് രോഗികളുടെ ചികിത്സ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു എന്ന് യു.എസില്‍ നിന്നുള്ള പല പഠനങ്ങളും തെളിയിക്കുന്നു. ഹ്രസ്വകാലലാഭം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളും ചെലവ് ചുരുക്കല്‍ നടപടികളും രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അമേരിക്കന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ 2023-ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്, ഒരു ആശുപത്രിയെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ഏറ്റെടുത്ത ശേഷം അവിടെ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പുതിയ അണുബാധകള്‍ ഉണ്ടാകാനോ, അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ദോഷങ്ങള്‍ സംഭവിക്കാനോ ഉള്ള സാധ്യത കൂടുതലാണ് എന്നാണ്.

പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ സ്വീകരിക്കുന്ന ആശുപത്രികള്‍ക്ക് സ്വയംഭരണാവകാശം പരിമിതപ്പെടുകയും സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കുന്നതിലുള്ള പങ്കാളിത്തും കുറയുകയും ചെയ്യുന്നു. കൂടാതെ പ്രാദേശിക ആശുപത്രികള്‍ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം സ്വീകരിച്ച വന്‍കിട ആശുപത്രികളുമായി മത്സരിച്ചു പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും, സ്വാഭാവികമായും അവരുടെ പ്രാക്റ്റീസ് വന്‍കിടക്കാര്‍ക്ക് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. മേല്‍ പറഞ്ഞ നിരീക്ഷണങ്ങളൊക്കെ പ്രധാനമായും യു എസ്സിലെ മാര്‍ക്കറ്റിനെ അനുസരിച്ച് മാത്രമുള്ളവയാണ്. മറ്റ് രാജ്യങ്ങളിലേക്ക് വരുമ്പോള്‍ ഇതില്‍ മാറ്റങ്ങള്‍ക്കുള്ള സാധ്യതയുമുണ്ട് എന്നതാണ് പ്രതീക്ഷ.

താല്‍പര്യങ്ങളിലെ വൈരുദ്ധ്യം

പ്രൈവറ്റ് ഇക്വിറ്റി (പി ഇ) വഴിയുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട് പൊതുവേ എല്ലാ വിദഗ്ദ്ധരും ഉന്നയിക്കാറുള്ള ഏറ്റവും പ്രധാനപ്പെട്ട ആശങ്ക എന്നത് പി ഇ സ്ഥാപനവും അവര്‍ ഏറ്റെടുക്കുന്ന ആശുപത്രികളുമായുള്ള താല്‍പര്യങ്ങളിലെ വ്യത്യാസമാണ്.

പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് മാനേജര്‍മാരുടെ ആനുകൂല്യങ്ങള്‍ പലപ്പോഴും അവര്‍ വാങ്ങുന്ന ആസ്തിയുടെ മൂല്യവുമായി ബന്ധപ്പെട്ടായിരിക്കും- അതിനാല്‍ അവര്‍ വാങ്ങുന്ന ആശുപത്രികളുടെ വാലുവേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരിക്കും അവര്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിന്റെ ആയുസ്സ് പൊതുവെ പത്ത് വര്‍ഷമാണ്. ഈ സമയപരിധി മുന്‍നിര്‍ത്തി പരമാവധി ലാഭം ഉണ്ടാക്കുകയും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ (37 വര്‍ഷം) ആസ്തിയില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്യുക എന്ന മനോഭാവത്തോടെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. രോഗികളുമായും സമൂഹവുമായും ആഴത്തില്‍ വേരൂന്നിയ ബന്ധമുള്ള ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരു വ്യക്തിഗത ആശുപത്രി ഉടമയില്‍ നിന്ന് വ്യത്യസ്തമായി, PE ഫണ്ട് മാനേജര്‍മാര്‍ക്ക് സമൂഹവുമായി അത്തരത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത തീരെയില്ല.

പി ഇ കമ്പനികള്‍ സാധാരണയായി റോള്‍ അപ്പ് സ്ട്രാറ്റജിയാണ് പിന്തുടരാറുള്ളത്. തനിച്ച് നില്‍ക്കുന്ന നിരവധി സ്ഥാപനങ്ങളെ ഏറ്റെടുക്കുകയും അവയെ ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയും ചെയ്യും. ഇത്തരത്തിലുള്ള ഏകീകരണം നടക്കുന്നതിലൂടെ പൊതുവായ ചെലവുകള്‍ വളരെയധികം കുറയ്ക്കുകയും വിവിധങ്ങളായ ഇടപെടലുകളിലൂടെ വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കുകയും 3-5 വര്‍ഷത്തിനിടയില്‍ 'ലക്ഷ്യം' കൈവരിച്ച് പുറത്ത് കടക്കുകയും ചെയ്യും. എന്നാല്‍, സുസ്ഥിരമായ ആരോഗ്യസംരക്ഷണം കെട്ടിപ്പടുക്കണമെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള വീക്ഷണവും നിക്ഷേപവും ആവശ്യമാണ്.

പുതിയ യാഥാര്‍ത്ഥ്യത്തിലൂടെ മുന്നേറുമ്പോള്‍

ഇന്ത്യന്‍ ആരോഗ്യമേഖലയിലേക്ക് സ്വകാര്യ ഇക്വിറ്റികളുടെ കടന്നുവരവ് ആവശ്യമായ മൂലധന ലഭ്യത ഉറപ്പുവരുത്തുന്നതിനും, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിനും സഹായകരമാകുമെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. എങ്കിലും രോഗിപരിചരണത്തിന്റെ ഗുണനിലവാരം, ചികിത്സാ ചെലവുകളിലുണ്ടാകുന്ന വലിയ വര്‍ദ്ധനവും, പ്രാദേശിക സേവനദാതാക്കളുടെ ലഭ്യത കുറയല്‍ ഒക്കെ പരിഗണിക്കേണ്ട ആശങ്കകളാണ്. നമ്മുടെ ആരോഗ്യ മേഖലയുടെ ഈ പുതിയ യാഥാര്‍ത്ഥ്യം തിരിച്ചറിയാനും, മേല്‍പ്പറഞ്ഞ ഗുണദോഷങ്ങള്‍ തുലനം ചെയ്ത് ജാഗ്രതയോടെ മുന്നോട്ടുപോകുവാനും ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുമാണ്.
Content Highlights: Global Private Equity taking hold in health care sector post Covid

dot image
To advertise here,contact us
dot image