അമേരിക്കയുടെ 'സ്വർണകവചത്തേ'ക്കാൾ മുന്നിലെത്താൻ ചൈനയുടെ പുത്തൻ പദ്ധതി; ആരാദ്യം ?

അമേരിക്കയുടെ ഗോൾഡൻ ഡോമിന് ചെക്കുവെക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ചൈന. പ്രത്യേകതകൾ എന്തൊക്കെ ?

അമേരിക്കയുടെ 'സ്വർണകവചത്തേ'ക്കാൾ മുന്നിലെത്താൻ ചൈനയുടെ പുത്തൻ പദ്ധതി; ആരാദ്യം ?
dot image

ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനം നിർമിക്കാൻ അമേരിക്ക ഒരുങ്ങി എന്ന വാർത്ത നമ്മൾ കേട്ട് കാണും. ട്രംപിന്റെ ഏറെനാളത്തെ സ്വപ്നം എന്ന് വിശേഷിപ്പിച്ച ഗോൾഡൻ ഡോം പദ്ധതി ഇസ്രയേലിന്റെ അയേൺ ഡോമിനേക്കാൾ ശക്തിയുള്ളതാകുമെന്നതും പറയപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയുടെ ആ പദ്ധതിക്ക് ചെക്കുവെക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ചൈന. അമേരിക്കയുടെ ഗോൾഡൻ ഡോമിനോട് സമാനമായ ഒരു ആഗോള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് വിന്യസിച്ചിരിക്കുകയാണ് ചൈന.

ഈ മിസൈൽ പ്രതിരോധ സംവിധാനം വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണിപ്പോൾ. 'ഡിസ്ട്രിബ്യൂട്ടഡ് ഏർലി വാണിംഗ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം' എന്നറിയപ്പെടുന്ന ഈ സംവിധാനത്തിന് ഭൂമിയിൽ എവിടെ നിന്നും ചൈനയ്ക്ക് നേരെ തൊടുത്തുവിടുന്ന ആയിരം മിസൈലുകൾ ഒരേസമയം ട്രാക്ക് ചെയ്യാനുള്ള ശേഷിയുണ്ടെന്ന് ആണ് ചൈന അവകാശപ്പെടുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ബഹിരാകാശത്തും കടലിലും വായുവിലും കരയിലും പ്രവർത്തിക്കുന്ന വിവിധ സെൻസറുകൾ സംയോജിപ്പിച്ചുകൊണ്ട് ചൈനക്ക് നേരെ വരുന്ന ഭീഷണികളെ തത്സമയം തിരിച്ചറിയാനും അതിനെതിരെ പ്രവർത്തിക്കാനും കഴിവും ഈ പുത്തൻ സംവിധാനത്തിന്. ഫ്ലൈറ്റ് ട്രജക്ടറികൾ, എതിരെ വരുന്ന തരത്തിലുള്ള ആയുധങ്ങൾ, മിസൈൽ എന്നിവയുടെ വിശദാംശങ്ങൾ എടുക്കാനും അത് പ്രകാരം ഇന്റർസെപ്ഷൻ സിസ്റ്റങ്ങൾ കൃത്യതയോടെ പ്രവർത്തിപ്പിക്കാനും ഈ സംവിധാനത്തിന് സാധിക്കും. ഭൂമി മുഴുവൻ കവറേജ് ഉള്ള ആദ്യത്തെ മിസൈൽ പ്രതിരോധ സംവിധാനമാണിത് എന്നാണ് ചൈന അവകാശപ്പെടുന്നത്.

അമേരിക്കയുടെ ഗോൾഡൻ ഡോമിനേക്കാൾ പ്രത്യേകതകൾ എന്തൊക്കെ ?

മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ട്രംപ് പറഞ്ഞ പദ്ധതിയാണ് അമേരിക്കയുടെ ഗോൾഡൻ ഡോം. 17,500 കോടി ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. പേര് ഗോൾഡൻ ഡോം എന്നാണെങ്കിലും നമ്മൾ ഉദ്ദേശിക്കുന്ന പോലെ ഒരു സ്വർണ്ണ കവചമല്ല ഇത്. ബഹിരാകാശത്തു ത്രിതല മിസൈൽ സ്ഥാപിക്കുന്നതുൾപ്പെടെ പല ഘട്ടങ്ങളായുള്ള പദ്ധതിയാണിത്. ബഹിരാകാശത്തുനിന്നു പോലും തൊടുക്കാനിടയുള്ള ശത്രുമിസൈലുകളെ തകർക്കാൻ കരുത്തുള്ളതാകും ഈ സംവിധാനം എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ചൈന, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ ആയുധങ്ങളെ ചെറുക്കുകയാണ് പ്രധാന കർത്തവ്യം.

ഇസ്രയേലിന്റെ അയേൺ ഡോമില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ട നിർമ്മിക്കുന്ന പദ്ധതി 2029 നു മുൻപ് പൂർത്തീകരിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ബഹിരാകാശത്ത് മാത്രമല്ല, കരയിലും സമുദ്രത്തിലുമായുള്ള നിരീക്ഷണ സംവിധാനങ്ങൾ, വിവിധതരം പ്രതിരോധ മിസൈലുകൾ അടങ്ങിയ ശൃംഖല ആയതുകൊണ്ട് തന്നെ ഈ ഡോം ഭൂമി മുഴുവൻ വ്യാപിക്കുന്ന പ്രതിരോധശൃംഖലയാണ് അമേരിക്കയും അവകാശപ്പെടുന്നുണ്ട്. കരയിൽ ആണെങ്കിൽ മൂന്നെണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഭൂഖണ്ഡത്തിനകത്തും മറ്റ് രണ്ടെണ്ണം ഹവായിയിലും അലാസ്കയിലുമായിരിക്കും ഒരുങ്ങുക.

എന്നാൽ ആ വാർത്ത അറിഞ്ഞതോടെ ആകാം അതിനൊരു മറുപടിയെന്നോണം ചൈനയുടെ പുതിയ നീക്കം നടത്തിയിരിക്കുന്നത്. ട്രംപിന്റെ സ്വപ്നം നടപ്പാക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ചൈന ബഹിരാകാശത്തിന്റെ സൈനികവൽക്കരണത്തിന് ഈ പദ്ധതി കാരണമാവുകയും ആഗോള തന്ത്രപരമായ സന്തുലിതാവസ്ഥയെയും സ്ഥിരതയെയും ദോഷകരമായി ബാധിക്കുമെന്നും നേരത്തെ പ്രസ്താവിച്ചിരുന്നു. അതിനു ശേഷമാണ് പുതിയ സംവിധാനവുമായി ചൈന എത്തുന്നത്, നിലവിൽ അമേരിക്ക അവരുടെ നിർമ്മാണത്തിൽ ആണ്. ഇരു രാജ്യങ്ങളുടെയും സംവിധാനങ്ങൾ താരതമ്യപ്പെടുത്തുമ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഗോൾഡൻ ഡോം പദ്ധതി ഇതുവരെ ഒരു പ്രവർത്തന മാതൃക നിർമ്മിച്ചിട്ടില്ല എന്ന് മനസിലാക്കാം. ട്രംപ് മുന്നോട്ടുവച്ച പദ്ധതിക്ക് ഇപ്പോഴും വ്യക്തമായ സാങ്കേതിക വാസ്തുവിദ്യയോ നടപ്പാക്കൽ പദ്ധതിയോ ഇല്ല എന്നാണ് റിപ്പോർട്ട്.

US golden dome

ഗോൾഡൻ ഡോമിന്റെ ഏറ്റവും വലിയ വെല്ലുവിളി ആയുധങ്ങളല്ല, തന്ത്രപ്രധാന ഡേറ്റ ശേഖരിക്കുക എന്നതാണെന്ന് വിദഗ്ധർ വാദിക്കുന്നു. അങ്ങനെ യുഎസ് അവരുടെ പദ്ധതികളിൽ കാലതാമസം നേരിടുമ്പോൾ ചൈന മുന്നോട്ട് പോകുകയാണെന്ന് ചില പ്രതിരോധ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൈപ്പർസോണിക് മിസൈലുകൾ, ഉയർന്ന ശക്തിയുള്ള ലേസറുകൾ, ആറാം ജനറേഷൻ യുദ്ധവിമാനങ്ങൾ, ഇലക്ട്രോമാഗ്നറ്റിക് കാറ്റപ്പൾട്ടുകൾ എന്നിവയെല്ലാം യുഎസിൽ മന്ദഗതിയിൽ ഉള്ള വികസനപാതയിൽ ആണ് എന്നാൽ ചൈന ആ കാര്യത്തിൽ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്നും വിലയിരുത്തൽ ഉണ്ട്. ചൈനയുടെ പ്രോട്ടോടൈപ്പ് ഇതുവരെ പൂർണത നേടിയിട്ടില്ല, എന്നാൽ അത് വിന്യസിക്കാൻ അവർക്ക് സാധിച്ചാൽ ലോകത്തിലെ ആദ്യത്തെ ഗ്രഹം മുഴുവൻ വ്യാപിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനം നിർമ്മിക്കുന്നതിൽ ചൈന മുന്നിൽ എത്തിയേക്കാം എന്നാണ് പറയപ്പെടുന്നത്.

Content Highlights : China deploys golden dome prototype similar to US golden dome

dot image
To advertise here,contact us
dot image