
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി കള്ളക്കേസില്‍ കെപിസിസി നേതൃത്വത്തിന്റെ ഇടപെടല്‍. കേസില്‍ കുടുങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തങ്കച്ചന്‍ അഗസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടുത്ത നടപടിയെടുക്കാന്‍ കെപിസിസി നിര്‍ദേശം നല്‍കി. വിവാദം ഡിസിസി അന്വേഷിക്കും. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. രാജേഷിനാണ് അന്വേഷണ ചുമതല. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്ന് തങ്കച്ചന്‍ അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തങ്കച്ചനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് തങ്കച്ചന്‍ കെപിസിസിക്ക് രേഖാമൂലം പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ ജൂലൈ 22നാണ് സംഭവങ്ങളുടെ തുടക്കമെന്ന് തങ്കച്ചന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുള്ളംകൊല്ലി പാടിത്തറയില്‍വെച്ച് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗം ചേര്‍ന്നിരുന്നു. അന്ന് പാര്‍ട്ടിയിലെ ചില വിഷയങ്ങള്‍ പറഞ്ഞ് കശപിശയുണ്ടായിരുന്നു. അതിന്റെ പുറത്ത് ഡിസിസി സെക്രട്ടറി തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നു. വീട്ടില്‍ കിടത്തിയുറക്കില്ലെന്നാണ് പറഞ്ഞത്. അതിന് ശേഷമാണ് തനിക്കെതിരായ പ്രതികാരനടപടികള്‍ക്ക് തുടക്കമായതെന്നും തങ്കച്ചന്‍ പറഞ്ഞു.
രണ്ടാം വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍, പെരിക്കല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയ, മുള്ളംകൊല്ലിയിലെ മുന്‍ മണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറര്‍ അടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു. ഡിസിസി അദ്ധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്റെ പങ്കും സംശയിക്കുന്നുണ്ട്. ക്വാറി മാഫിയയുമായി ബന്ധപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും ഇതാകാം തന്നെ കുടുക്കാന്‍ കാരണമായതെന്നും തങ്കച്ചന്‍ ആരോപിച്ചു. വീട്ടില്‍ സിസിടിവി ഇല്ല. ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയുന്ന ആളുകളാണ് സംഭവത്തിന് പിന്നില്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ആകെ മരവിച്ച അവസ്ഥയിലായിരുന്നു. ഓഗസ്റ്റ് 22 ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി. പിറ്റേദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ സ്‌റ്റേഷനില്‍ തുടര്‍ന്നു. മൂന്നരയ്ക്കാണ് കോടതിയില്‍ ഹാജരാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയായിരുന്നു പതിനേഴ് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം തങ്കച്ചന്‍ മോചിതനായത്. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി പ്രസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞിരുന്നു. സംഭവത്തില്‍ കര്‍ശന അന്വേഷണവും നടപടിയും ഉണ്ടാകും. വയനാട്ടില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ കടുത്ത വിഭാഗീയതയുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ ചതിയിലൂടെ കുടുക്കുന്നത് അന്തസ്സ് ഇല്ലാത്ത രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Content Highlights- DCC will investigate fake case against Thankachan agustin