തെറിവിളി, മര്‍ദ്ദനം, പരാതിക്കാരന്‍റെ നിലവിളി; DySP മധുബാബുവിന്‍റെ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്‍റെ തെളിവ് പുറത്ത്

തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞപ്പോഴാണ് മധുബാബു കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തിയത്

തെറിവിളി, മര്‍ദ്ദനം, പരാതിക്കാരന്‍റെ നിലവിളി; DySP മധുബാബുവിന്‍റെ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്‍റെ തെളിവ് പുറത്ത്
dot image

തൊടുപുഴ: ഡിവൈഎസ്പി മധു ബാബു തൊടുപുഴ സ്വദേശി മുരളിധരനെ മർദ്ദിക്കുന്നതിൻ്റെയും അസഭ്യം പറയുന്നതിൻ്റെ ശബ്ദരേഖ റിപ്പോർട്ടറിന്. 2022 ഡിസംബറിൽ നടന്ന സംഭവത്തിന്റെ തെളിവാണ് പരാതിക്കാരൻ പുറത്ത് വിട്ടത്. അസഭ്യം പറയുന്നതും ആക്രാശിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. മർദ്ദനത്തെ തുടർന്ന് മുരളീധരൻ നിലവിളിക്കുന്നത് കേൾക്കാം. തെറ്റ് ചെയ്തില്ലെന്ന് മുരളീധരൻ പറയുമ്പോഴാണ് മധുബാബു കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തിയിരിക്കുന്നത്. പരാതി പറയാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ വയർലെസ് എടുത്ത് മുരളീധരന് നേരെ എറിയുകയായിരുന്നു. കസേരയിലിരുന്ന മുരളീധരനെ ചവിട്ടിവീഴ്ത്തി. രണ്ട് കൈകൾ ചേർത്ത് മുഖത്തും ചെവിക്കും അടിക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടമായ മുരളീധരൻ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ക്ഷമിക്കണം സാറേ എന്ന് മുരളീധരൻ പറയുന്നതും ശബ്ദ രേഖയിലുണ്ട്.

അതേസമയം എസ് ഐ ആയിരുന്നപ്പോൾ മധുബാബു മുൻ ബി എസ് എഫ് ജവാനെയും പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ചതായും പരാതി.
ചേർത്തല സ്വദേശി സുബൈറാണ് പരാതിക്കാരൻ. 2006 ജനുവരിയിൽ ചേർത്തല പൊലീസ് സ്റ്റേഷനിൽവെച്ചാണ് മർദ്ദനമേറ്റത്. അന്നത്തെ
എസ് ഐ ആയിരുന്ന മധുബാബു പൊലീസ് സ്റ്റേഷനിലെ തന്റെ മുറിയിലേക്ക് സുബൈറിനെ വിളിപ്പിച്ചു.
മറ്റൊരു മുറിയിലേക്ക് സുബൈറിനെ കൊണ്ടുപോയി മധു ബാബു കുനിച്ച് നിർത്തി പുറത്ത് ഇടിച്ചുവെന്നാണ് പരാതി.
ഭാര്യയുടെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും മുന്നിൽ വച്ച് അസഭ്യം പറഞ്ഞതായും സുബൈർ പറയുന്നു.
25000 രൂപ സുബൈർ ഒരാളിൽ നിന്നും കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു കൊടുക്കാത്തതിന് ആയിരുന്നു എസ് ഐ മധുബാബു മർദ്ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെ സുബൈർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കോന്നി എസ് ഐ ആയിരുന്ന സമയത്ത് മധുബാബു മർദിച്ചതായി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട് വെളിപ്പെടുത്തിയിരുന്നു. മധുബാബു തന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.

ഈ സംഭവത്തിൽ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ എസ്പി ഹരിശങ്കർ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. പത്തനംതിട്ട എസ്പിയായിരിക്കെ ഹരിശങ്കർ ഡിജിപിക്ക് അയച്ച റിപ്പോർട്ടാണ് പുറത്തുവന്നത്.

പരാതിക്കാരൻ ജയകൃഷ്ണനെ മധുബാബു ക്രൂരമായ ദേഹോപദ്രവം ഏൽപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ പരാതിക്കാരന്റെ മുഖത്തും മറ്റും പരിക്കേറ്റിരുന്നതായി വ്യക്തമാണ്. പരാതിക്കാരൻ കുറച്ചുനാൾ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

Content Highlights: Audio recording of DYSP Madhu Babu beating Thodupuzha native Muraleedharan

dot image
To advertise here,contact us
dot image