ധര്‍മസ്ഥല കേസ്: മനാഫ് ഇന്ന് എസ്‌ഐടിക്ക് മുമ്പില്‍ ഹാജരാകും; 'വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നു'

അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും കൈവശമുള്ള തെളിവുകള്‍ എസ്‌ഐടിക്ക് സമര്‍പ്പിക്കുമെന്നും മനാഫ്

ധര്‍മസ്ഥല കേസ്: മനാഫ് ഇന്ന് എസ്‌ഐടിക്ക് മുമ്പില്‍ ഹാജരാകും; 'വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നു'
dot image

കോഴിക്കോട്: ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍ കേസില്‍ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബര്‍ മനാഫ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മനാഫിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഓണവും നബിദിനവുമായതിനാല്‍ രണ്ട് ദിവസത്തിന് ശേഷം ഹാജരാകാനുള്ള അനുമതി മനാഫ് തേടുകയായിരുന്നു.

ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനാഫ് പറഞ്ഞു. ഈ ആവശ്യവുമായി കമ്മീഷണറെ കണ്ടിരുന്നുവെന്നും കേരള പൊലീസിന്റെ സംരക്ഷണയിലാകും എസ്‌ഐടിക്ക് മുമ്പില്‍ ഹാജരാകുന്നതെന്നും മനാഫ് വ്യക്തമാക്കി. മതസ്പര്‍ധ ആരോപിച്ചാണ് ഉഡുപ്പി പൊലീസ് കേസെടുത്തതെന്നും എന്നാല്‍ താന്‍ ഇതുവരെ നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മനാഫ് പറഞ്ഞു. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും കൈവശമുള്ള തെളിവുകള്‍ എസ്‌ഐടിക്ക് സമര്‍പ്പിക്കുമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തിയാണ് ഉഡുപ്പി ടൗണ്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടത്. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്. ധര്‍മ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.


ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒളിവില്‍പ്പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു.

കേരളത്തിലെ ആള്‍ക്കാരെ വിഷയം അറിയിച്ചു. ഇതാണ് താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് നേരത്തെ പറഞ്ഞത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു. ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്.

കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സി എന്‍ ചിന്നയ്യ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ധര്‍മ്മസ്ഥലയില്‍ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളുമെല്ലാം ഉയര്‍ന്നിരുന്നു. പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയായിരുന്നു.

Content Highlights: Manaf will present before SIT in Darmasthala case

dot image
To advertise here,contact us
dot image