
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം കളിത്തിലിറങ്ങാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. സൂര്യകുമാർ യാദവിന് കീഴിൽ ഇറങ്ങുന്ന ഇന്ത്യൻ സ്‌ക്വാഡിൽ മികച്ച കളിക്കാരുണ്ട്. ടെസ്റ്റ് നായകനായ ശുഭ്മാൻ ഗിൽ ഉപനായകനായി ടീമിലെത്തിയിട്ടുണ്ട്. എല്ലാ ഫോർമാറ്റിലും ഒരു നായകൻ എന്ന ഇന്ത്യൻ ടീമിന്റെ പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി നിലവിൽ ഇന്ത്യക്ക് മൂന്ന് നായകൻമാരുണ്ട്. ടെസ്റ്റിൽ ഗിൽ നായകനായപ്പോൾ ഏകദിനത്തിൽ രോഹിത് ശർമയും ട്വന്റി-20യിൽ സൂര്യകുമാർ യാദവുമാണ് നായകൻമാർ.
എന്നാൽ ഉടനെ തന്നെ മൂന്ന് ഫോർമാറ്റിലും ഗില്ലിനെ നായകനാക്കാനായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ട് പരമ്പരയിലും ദക്ഷിണാഫ്രിക്കൻ പരമ്പരയിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന സൂര്യകുമാറിന് ഏഷ്യാ കപ്പിൽ തിരിച്ചുവരവ് നടത്തേണ്ടതുണ്ടെന്നും ഐപിഎല്ലിൽ അദ്ദേഹം മികച്ച രീതിയിൽ കളിച്ചെന്നും പറയുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സൂര്യ ക്യാപ്റ്റൻസിയെ കുറിച്ച് ഇപ്പോൾ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ച കുറച്ച് കളികളിൽ അദ്ദേഹത്തിന്റെ ഷോട്ടുകൾ കുറച്ച് മോശമായിരുന്നുവെന്നും എന്നാൽ ഐപിഎല്ലിൽ തിരിച്ചുവരവ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യക്ക് വേണ്ടി അവന്റെ അവസാനത്തെ കുറച്ച് കളികൾ മോശമായിരുന്നു. അവൻ റൺസ് കണ്ടെത്താത്തത് ബുദ്ധിമുട്ടാണ്. സ്‌ക്വയർ ലെഗ് അല്ലെങ്കിൽ ലെഗ് സൈഡിൽ കളിക്കാനാണ് അവൻ കൂടുതൽ ശ്രമിച്ചത്. മോശം ഷോട്ട് സെലക്ഷനായിരുന്നു അവന്റേത്. എന്നാൽ അതിന് ശേഷം അവൻ തിരിച്ചുവന്നു, ഐപിഎല്ലിൽ വേറെ തന്നെ ഒരു കളിക്കാരനായിരുന്നു അവൻ.
അവൻ ഓഫ്‌സൈഡിലും കളിക്കാൻ ആരംഭിച്ചു. ഗ്രൗണ്ടിന് എല്ലാ ഭാഗത്തേക്കും സൂര്യ കളിക്കാൻ തുടങ്ങിയാൽ ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല. അവൻ അത്ര അപകടകാരിയാണ്. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂര്യക്ക് സാധിച്ചു,' വസീം ജാഫർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
എല്ലാ പരമ്പരയിലും ഉപനായകൻമാരുണ്ടാകുമെന്നും അതിന്റെ അർത്ഥം ക്യാപ്റ്റന്റെ സ്ഥാനം പ്രശ്‌നത്തിലല്ലെന്നും നിലവിൽ കാര്യങ്ങളുടെ തീരുമാനങ്ങളെല്ലാം എടുക്കുന്നത് സൂര്യയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- Wasim Jaffer Backs Indian t20 Captain SuryaKumar Yadav