
വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ശിക്ഷിക്കപ്പെട്ട വ്യക്തിയോട് അവസാന ആഗ്രഹം എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്നതും അത് നടത്തിക്കൊടുക്കുന്നതും നാം സിനിമയില്‍ കണ്ടിട്ടില്ലേ..യഥാര്‍ഥത്തില്‍ വധശിക്ഷയ്ക്ക് മുന്‍പ് ഇപ്രകാരം അവസാന ആഗ്രഹം നടത്തിക്കൊടുക്കുന്നത് ആരംഭിച്ചത് പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലാണ്. പിന്നീട് ലോകം അതേറ്റെടുക്കുകയായിരുന്നുവത്രേ. പക്ഷെ
എന്തിനാണ് ഇപ്രകാരം ചെയ്യുന്നത് എന്ന് അറിയാമോ?
മനുഷ്യ ചരിത്രമെടുത്തുനോക്കിയാല്‍ തന്നെ ഏറ്റവും വലിയ ശിക്ഷയായാണ് വധശിക്ഷയെ നോക്കിക്കാണുന്നത്. ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന് മാത്രമേ വധശിക്ഷ വിധിക്കാറുമുള്ളൂ. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ വധശിക്ഷ നടപ്പാക്കാറുണ്ടായിരുന്നു.
നേരത്തേ പറഞ്ഞതുപോലെ പതിനെട്ടാം നൂറ്റാണ്ടുമുതലാണ് ഇപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ അവസാന ആഗ്രഹം ചോദിച്ചുമനസ്സിലാക്കി നടപ്പാക്കുന്ന രീതി നിലവില്‍ വന്നത്. എന്നാല്‍ അപ്പോള്‍ തന്നെയാണ് ഈ രീതി ആരംഭിച്ചത് എന്ന സ്ഥാപിക്കുന്ന ഒരു തെളിവും ഇല്ല. തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചുവെന്ന് അറിയപ്പെടുന്ന ഈ രീതി യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളും ഈ രീതി പിന്തുടരാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ലഭിക്കുന്ന മാനുഷിക പരിഗണനയായിത് കണക്കാക്കപ്പെട്ടു.
പുരാതന വിശ്വാസ പ്രകാരം തടവുപുള്ളിയുടെ അവസാന ആഗ്രഹം നിവര്‍ത്തിച്ചുകൊടുക്കുന്നത് അയാളുടെ ആത്മാവിന് ശാന്തി നല്‍കുമെന്നാണ് കരുതിയിരുന്നത്. പൂര്‍ത്തിയാകാത്ത ആഗ്രഹവുമായി ലോകത്തോട് വിടപറയുന്ന മനുഷ്യാത്മാവ് ഗതികിട്ടാതെ അലയുമെന്ന വിശ്വാസം. മതപരമായ വിശ്വാസങ്ങളും മാനുഷിക മൂല്യങ്ങളും ഈ ആചാരത്തിന് അങ്ങനെ ബലമേകി. ഒരിടത്തും ആഗ്രഹ പൂര്‍ത്തീരകരണം നടത്തണമെന്ന് നിയമപരമായി രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് വസ്തുത. ഇന്ത്യയിലും ഔദ്യോഗിക ജയില്‍ മാന്വലുകളില്‍ ഇത്തരത്തില്‍ അവസാന ആഗ്രഹം നിവര്‍ത്തിച്ചുകൊടുക്കണമെന്ന് രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ അതൊരു ആചാരമായി കാലാകാലങ്ങളായി വര്‍ത്തിച്ചുപോരുന്ന ഒരു ചടങ്ങായി ഇന്നും നിലകൊള്ളുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആളുടെ എല്ലാ ആഗ്രഹവും നടത്തിക്കൊടുക്കുമോ?
ഒരിക്കലും ഇല്ല. വധശിക്ഷ മാറ്റിവയ്ക്കണം, നീട്ടി വയ്ക്കണം, റദ്ദാക്കണം തുടങ്ങിയ ആഗ്രഹങ്ങളൊന്നും സ്വാഭാവികമായും പരിഗണിക്കില്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക, ഒരു പുരോഹിതനെ കാണുക, പ്രിയപ്പെട്ട സുഹൃത്തിനെയോ, കുടുംബാംഗത്തെയോ കണ്ട് അവസാനമായി സംസാരിക്കുക, പ്രാര്‍ഥന നടത്തുക, ചില പുസ്തകങ്ങള്‍ വായിക്കുക തുടങ്ങിയ ആഗ്രഹങ്ങളാണ് പൊതുവെ നടത്തിക്കൊടുക്കാറുള്ളതും പലരും ആവശ്യപ്പെടാറുള്ളതും. അസംഭവ്യമായ, ഒരുപാട് സമയം ആവശ്യമുള്ള ആഗ്രഹങ്ങളും നടത്തിക്കൊടുക്കാറില്ല. കുറച്ചുസമയത്തിനുള്ളില്‍ നടപ്പാക്കാനാവുന്ന ആഗ്രഹങ്ങള്‍ മാത്രമാണ് നടപ്പാക്കുക. ശിക്ഷ കാത്ത് കഴിയുന്ന ആളുടെ മാനസിക സംഘര്‍ഷത്തെ ലഘൂകരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതും.
യുഎസില്‍ നിയമപ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. ലാസ്റ്റ് മീല്‍ റിക്വസ്റ്റ് എന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിനും ചിട്ടവട്ടങ്ങളുണ്ട്. ചില രാജ്യങ്ങളില്‍ തൂക്കിക്കൊല്ലുകയാണ് ചെയ്യുകയെങ്കില്‍ മറ്റുചില രാജ്യങ്ങളില്‍ ഇന്‍ജെക്ഷന്‍ നല്‍കിയാകും വധശിക്ഷ വിധിക്കുക. പലപ്പോഴും പുലര്‍ച്ചെയായിരിക്കും ശിക്ഷ നടപ്പാക്കുക. ജയിലിന്റെ ദൈനംദിന പ്രവൃത്തികളെ ബാധിക്കാതിരിക്കാനും മറ്റ് തടവുകാരെ ഒരുതരത്തിലും സ്വാധീനിക്കാതിരിക്കാനും വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.
Content Highlights: The reason behind granting one last wish before execution