ഭക്ഷണം കഴിച്ച ശേഷം വയറ് വേദന ഉണ്ടാകാറുണ്ടോ? ഇതാകാം കാരണം

കുടലിന്റെ ആരോഗ്യവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ?

ഭക്ഷണം കഴിച്ച ശേഷം വയറ് വേദന ഉണ്ടാകാറുണ്ടോ? ഇതാകാം കാരണം
dot image

ഭക്ഷണം കഴിച്ച ശേഷം വയറ് വീര്‍ക്കുന്നതും വയറിന് വേദന അനുഭവപ്പെടുന്നതും നിങ്ങളുടെ ഒരു ദിവസം തന്നെ നശിപ്പിക്കും. വയറ് വീര്‍ക്കുന്നത് നിരവധി ആളുകള്‍ നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ്.തുടര്‍ച്ചയായി വയറ് വീര്‍ക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതും ചികിത്സ ആവശ്യമുളളതുമായ കാര്യമാണ്. എന്നാല്‍ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഭക്ഷണശേഷം ഉണ്ടാകുന്ന വയറുവേദന ഒഴിവാക്കാന്‍ സഹായിക്കും. കാര്‍ഡിയോളജിസ്റ്റും ഫങ്ഷണല്‍ മെഡിസിന്‍ വിദഗ്ദ്ധനുമായ ഡോ. അലോക് ചോപ്ര, ഭക്ഷണത്തിനു ശേഷമുള്ള വയറു വീര്‍ക്കലും വയറ് വേദനയും ഒഴിവാക്കാന്‍ ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കുകയാണ്.

കുടലിന്റെ ആരോഗ്യം ഹൃദയം ഉള്‍പ്പെടെയുള്ളവയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട കുറിപ്പില്‍ ഡോ. ചോപ്ര പറഞ്ഞു. 2024-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ കുടലിലെ സൂക്ഷ്മാണുക്കള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ഭക്ഷണത്തിന് ശേഷം വയറ് വീര്‍ക്കുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

സാവധാനത്തിലും മനസോടെയും കഴിക്കുക

ആളുകള്‍ക്ക് ഇന്ന് ഒന്നിനും സമയമില്ല. ഭക്ഷണം പോലും ആസ്വദിച്ച് കഴിക്കാനായി അല്‍പ്പസമയം മാറ്റിവയ്ക്കാനായി ആര്‍ക്കും സാധിക്കുന്നില്ല. എന്തെങ്കിലുമൊക്കെ കഴിച്ചുവെന്ന് വരുത്തി ആ ജോലി തീര്‍ക്കാനാണ് പലരും ശ്രമിക്കുന്നത്. സാവധാനത്തിലും മനസ്സോടെയും ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ ശരീരത്തെ വയറു നിറയുമ്പോള്‍ തിരിച്ചറിയാന്‍ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍നിന്ന് തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക

ഒന്ന് ഫ്രഷാകാന്‍ തണുത്തത് എന്തെങ്കിലും കുടിക്കാന്‍ തോന്നാറുണ്ടല്ലേ..അപ്പോള്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ എന്തെങ്കിലും വാങ്ങി കുടിക്കുകയും ചെയ്യും. പക്ഷേ ഈ ശീലം നിങ്ങളുടെ ശരീരത്തെ അപകടത്തിലാക്കുന്നു. ഈ പാനീയങ്ങളില്‍ പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തെ കൂടുതല്‍ പ്രകോപിപ്പിക്കും. അവ ശരീരത്തില്‍ അധിക വാതകം നിറയ്ക്കുകയും വയറു വീര്‍ക്കാന്‍ കാരണമാവുകയും ചെയ്യും.

അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

ഭക്ഷണം എത്ര വിഭവസമൃദ്ധമാണെങ്കിലും, ശരിയായ അളവില്‍ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് കുടലില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത് ദഹനം മന്ദഗതിയിലാക്കുന്നതിനും, വയറു വീര്‍ക്കുന്നതിനും, മറ്റ് ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. ബീന്‍സ്, പയര്‍, ക്രൂസിഫറസ് പച്ചക്കറികള്‍ (ബ്രോക്കോളി, കാബേജ്) പോലുള്ള ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഇവ വയറില്‍ ഗ്യാസ് കെട്ടി കിടക്കാന്‍ കാരണമാകും.

ക്ഷണത്തിനു ശേഷമുളള നടത്തം

ഭക്ഷണത്തിനു ശേഷം ഗ്യാസ് ഉണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം ഭക്ഷണശേഷം അല്‍പ്പനേരം നടക്കുന്നതാണ്. ഈ പ്രവൃത്തി ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും കുടലിലൂടെ ഭക്ഷണം സുഗമമായി നീങ്ങാന്‍ സഹായിക്കുകയും ചെയ്യും. ഇത് വാതക രൂപീകരണം കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.

ജലാംശം നിലനിര്‍ത്തുക

ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ വെള്ളം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കും. ശരിയായ ജലാംശം ഊര്‍ജ്ജ നിലയെ സഹായിക്കുന്നു, ശരീര താപനില നിയന്ത്രിക്കുന്നു, പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു, ക്ഷീണം തടയുന്നു, ആരോഗ്യകരമായ ചര്‍മ്മത്തെയും അവയവങ്ങളെയും നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ ചികിത്സയിലോ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Do you ever get stomach pain after eating?

dot image
To advertise here,contact us
dot image