ജെറുസലേമിലെ വെടിവെയ്പ്പിൽ മരണം 6 ആയി: നെതന്യാഹു സംഭവ സ്ഥലത്തെത്തി, അക്രമകാരികളെ അഭിനന്ദിച്ച് ഹമാസ്

ഗാസയിൽ ഇസ്രയേൽ നടത്തുനന് സൈനിക നടപടികളോടുള്ള സ്വഭാവിക പ്രതികരണമെന്നാണ് ഹമാസ് വെടിവെയ്പ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്

ജെറുസലേമിലെ വെടിവെയ്പ്പിൽ മരണം 6 ആയി: നെതന്യാഹു സംഭവ സ്ഥലത്തെത്തി, അക്രമകാരികളെ അഭിനന്ദിച്ച് ഹമാസ്
dot image

ടെൽ അവീവ്: ജെറുസലേമിൽ ഉണ്ടായ വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം ആറായി. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറാണ് മരണ സംഖ്യ ഉയർന്ന വിവരം സ്ഥിരീകരിച്ചത്. ​ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.‌

ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദർശിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെ നെതന്യാഹു ആശ്വസിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ ഏറ്റവും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹു ആശംസ നേർന്നു. വ്യത്യസ്ത ഇടങ്ങളിൽ നിന്നുള്ള യുദ്ധം എന്നായിരുന്നു ആക്രമണത്തെ നെതന്യാഹു വിശേഷിപ്പിച്ചത്. നൂറ് കണക്കിന് ആക്രമണങ്ങളാണ് ഇസ്രയേൽ തടഞ്ഞത്. എന്നാൽ ഇന്ന് രാവിലെ നടന്ന ആക്രമണം തടയാൻ സാധിച്ചില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. അക്രമകാരികളെ സഹായിച്ച എല്ലാവരെയും പിടികൂടുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രതിജ്ഞ ചെയ്തു.

ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ അക്രമകാരികളുടെ നടപടികളെ അഭിനന്ദിക്കുന്നതായി ഹമാസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളോടുള്ള സ്വഭാവിക പ്രതികരണമെന്നാണ് ഹമാസ് വെടിവെയ്പ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രാദേശിക സമയം രാവിലെ 10.15നായിരുന്നു രമോട്ട് ജം​ഗ്ഷന് സമീപം ബസ് കാത്ത് നിന്നവർക്ക് നേരെ രണ്ടുപേർ

വെടിയുതിർക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ പൊലീസും ഐഡിഎഫും വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട അക്രമകാരികളുടെ കൈയിൽ നിന്നും സ്ഫോടക വസ്തുകളും കത്തിയും കണ്ടെത്തിയതായും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതിനിടെ ​ഗാസ സിറ്റി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈന്യം ​ഗാസയിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഗാസയിൽ ഉടനീളം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്ന് മാത്രം 21 പേർ കൊല്ലപ്പെട്ടു. ഓപ്പറേഷൻ്റെ ഭാ​ഗമായി ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഒരു ബഹുനില കെട്ടിടം തകർത്തിരുന്നു. "ഞങ്ങൾ തുടരുന്നു" എന്ന അടിക്കുറിപ്പോടെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ് എക്‌സിൽ കെട്ടിടം തകരുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ​ഗാസയിലെ മറ്റൊരു ടവറും ഇസ്രയേൽ സൈന്യം തകർത്തിരുന്നു. ഹമാസ് ഈ ടവറുകൾ ഉപയോ​ഗിക്കുന്നുണ്ടെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിൻ്റെ ആരോപണം. എന്നാൽ ഹമാസ് ഇത് നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഗാസയിൽ നിന്ന് ഇസ്രയേലിലേയ്ക്ക് രണ്ട് റോക്കറ്റുകൾ തൊടുത്ത് വിട്ടിരുന്നു. ഇതിൽ ഒരെണ്ണം തകർത്തെന്നും മറ്റൊന്ന് ആൾത്താമസമില്ലാത്ത ഇടത്താണ് പതിച്ചതെന്നുമായിരുന്നു ഐഡിഎഫ് വ്യക്തമാക്കിയിരുന്നത്. ഇസ്രയേലിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പലസ്തീൻ ഇസ്‌ലാമിക്‌ ജിഹാ​ദ് ഏറ്റെടുത്തിരുന്നു. ടെല​ഗ്രാം വഴി പുറത്തിറക്കിയ പ്രസ്താവനയിലാണ് തെക്കൻ ഇസ്രയേലിലെ നെറ്റിവോട്ടിലേയ്ക്ക് റോക്കറ്റ് തൊടുത്തുവെന്ന് പലസ്തീൻ ഇസ്‌ലാമിക്‌ ജിഹാ​ദ് അവകാശപ്പെട്ടത്.

Content Highlights: Benjamin Netanyahu visits site of deadly Jerusalem shooting attack that kills at least six

dot image
To advertise here,contact us
dot image