
കൊച്ചി: പൊലീസിനെതിരായ മർദ്ദന പരാതികളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സർക്കാരല്ല കേരളം ഭരിക്കുന്നത്. കുറ്റക്കാരായ പൊലീസുകാരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത് പഴയ ഓർമ്മയിൽ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ഉരുട്ടിക്കൊന്നവരെ സംരക്ഷിച്ചായിരുന്നു കോൺഗ്രസിന്റെ പഴയ ഭരണം. രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും പൊലീസ് മർദ്ദനം ഏറ്റിട്ടുണ്ട്.
ആ പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ല. അതാണ് കോൺഗ്രസ് ചരിത്രം. ഇതാണ് ഗതകാല ഇടതുപക്ഷ ചരിത്രം.
പൊലീസ് തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. ആസനത്തിൽ ആയുധം കയറ്റിയ പൊലീസുകാരനെ യുഡിഎഫ് ഭരണം സംരക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷം വന്നപ്പോൾ നടപടിയെടുത്തെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റുവെന്ന വെളിപ്പെടുത്തലുമായി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ അടൂര്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹാഷിം മുഹമ്മദ് രംഗത്തെത്തി. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റുവെന്നാണ് ഹാഷിം മുഹമ്മദിന്റെ ആരോപണം. അടൂര്‍ സിഐയായിരുന്ന യു ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഹാഷിം പറയുന്നത്. 2021 മാര്‍ച്ചിലാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് ആ സമയത്ത് തന്നെ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി, കളക്ടര്‍, ഡിജിപി, എസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. സഹോദരനും എസ്എഫ്‌ഐ എല്‍സി അംഗവുമായിരുന്ന ഹാഷിക്കിനെയും പൊലീസ് മര്‍ദ്ദിച്ചതായും ഹാഷിം ആരോപിച്ചു.
മറ്റൊരു കേസുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കുന്നതിനായായിരുന്നു സ്റ്റേഷനില്‍ എത്തിയതെന്ന് ഹാഷിം നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയം സഹോദരന്‍ ഹാഷിക്കും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. തന്നെ കണ്ട സിഐ ബിജു അവിടേയ്ക്ക് വരികയും 'എന്തിന് വന്നു' എന്ന് ചോദിക്കുകയും ചെയ്തതായി ഹാഷിം പറയുന്നു. താന്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹിയാണെന്നും താങ്കള്‍ രണ്ട് വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചിരുന്നല്ലോ എന്നും തിരിച്ച് ചോദിച്ചു. ഇതിന് പിന്നാലെ സിഐ സ്റ്റേഷന് അകത്തേയ്ക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു എന്നും പരാതിയില്‍ പറയുന്നു.
എസ്എഫ്‌ഐ മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോന്നി മുന്‍ സിഐ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ എസ്പി ഹരിശങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പത്തനംതിട്ട എസ്പിയായിരിക്കെ ഹരിശങ്കര്‍ ഡിജിപിക്ക് അയച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പരാതിക്കാരന്‍ ജയകൃഷ്ണനെ മധുബാബു ക്രൂരമായ ദേഹോപദ്രവം ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പരാതിക്കാരന്റെ മുഖത്തും മറ്റും പരിക്കേറ്റിരുന്നതായി വ്യക്തമാണ്. പരാതിക്കാരന്‍ കുറച്ചുനാള്‍ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുന്നംകുളം, പീച്ചി പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എസ്എഫ്‌ഐ മുന്‍ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോട് തനിക്ക് നേരിടേണ്ടിവന്ന പൊലീസ് മര്‍ദ്ദനം വെളിപ്പെടുത്തി രംഗത്തെത്തിയത്. യുഡിഎഫ് ഭരണകാലത്ത് കോന്നി സിഐയായിരുന്ന മധുബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്നായിരുന്നു ജയകൃഷ്ണന്റെ തുറന്നുപറച്ചില്‍. കാലിന്റെ വെള്ളയും ചെവിയുടെ ഡയഫ്രവും അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ അടിച്ചു തുടങ്ങിയ ആരോപണങ്ങളും ജയകൃഷ്ണന്‍ ഉയര്‍ത്തിയിരുന്നു. ആറ് മാസം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നുവെന്നും തന്റെ പാര്‍ട്ടിയുടെ സംരക്ഷണമാണ് താന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന്‍റെ കാരണമെന്നും ജയകൃഷ്ണന്‍ പറഞ്ഞിരുന്നു.
Contennt Highlights: MV Jayarajan responds to complaints of harassment against police