
തിരുവനന്തപുരം: ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം നാളെ മുതൽ ഇക്കാര്യത്തിൽ നടപടി തുടങ്ങും. രാഹുലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച സിനിമാതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്, ട്രാൻസ് വുമണ്‍ അവന്തിക അടക്കമുള്ളവരിൽനിന്ന് മൊഴിയെടുക്കും.
അതേസമയം ആദ്യം പരാതിക്കാരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. നിലവിൽ അതിജീവിതർ നേരിട്ട് പരാതി നൽകിയിട്ടില്ല. ലഭിച്ച പരാതികളെല്ലാം മൂന്നാം കക്ഷികളുടേതാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ശബ്ദ സന്ദേശങ്ങൾ, വാട്‌സ്ആപ്പ് ചാറ്റുകൾ തുടങ്ങിയവ തെളിവുകളായി വരുന്നതിനാൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിശദമായ യോഗം ചേർന്നിരുന്നു. നിലവിൽ പത്തിലേറെ പരാതികളാണ് രാഹുലിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം മൂന്നാം കക്ഷികളുടെ പരാതികളുമാണ്. ഈ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് പൊലീസ് കൈമാറിയിട്ടുണ്ട്.
Content Highlights: investigation team to record statement of girl in Rahul Mamkootathil case