11 ഏക്കറില്‍ 105 വീടുകള്‍, 1000 സ്‌ക്വയര്‍ ഫീറ്റ്, മൂന്നുമുറിയും അടുക്കളയും; മുസ്ലിം ലീഗ് വീടുകളൊരുക്കുന്നു

1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക.

11 ഏക്കറില്‍ 105 വീടുകള്‍, 1000 സ്‌ക്വയര്‍ ഫീറ്റ്, മൂന്നുമുറിയും അടുക്കളയും; മുസ്ലിം ലീഗ് വീടുകളൊരുക്കുന്നു
dot image

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും.

ലീഗ് ദേശീയ-സംസ്ഥാന- ജില്ല ഭാരവാഹികള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കും. നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്‌സ് എന്നിവര്‍ക്കാണ് നിര്‍മാണ ചുമതല. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി പ്രധാന റോഡരികിലാണ് ലീഗിന്റെ വീട് നിര്‍മാണം.

വിലയ്‌ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. 1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആര്‍ക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി അര്‍ക്കിടെക്‌സാണ് ഭവനപദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയത്.

ഒരുപാട് കടമ്പകള്‍ കടന്നിട്ടാണ് ഈ നിലയിലേക്ക് എത്തിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നാളെ നിര്‍മാണ പ്രവൃത്തികള്‍ ഔപചാരികമായി ആരംഭിക്കും. നിലവില്‍ സ്ഥലത്ത് ലാന്‍ഡ് ഡെവലപ്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ സ്വപ്ന പദ്ധതിയാണിതെന്നും പിഎംഎ സലാം പറഞ്ഞു. പദ്ധതി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്നും പിഎംഎ സലാം ആരോപിച്ചു. അനാവശ്യ വിവാദങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. മുസ്ലിം ലീഗാണ് പദ്ധതിക്ക് പിന്നില്‍ എന്നതുകൊണ്ട് പല ഭാഗത്തുനിന്നും പദ്ധതിക്ക് തടസ്സം സൃഷ്ടിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലവില്‍ ഒരു വീടിന്റെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിക്കായിരിക്കുന്നത്. എല്ലാ വീടുകളും ഒരുമിച്ച് പൂര്‍ത്തിയാക്കി നല്‍കണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എട്ട് മാസമാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് സമയം നല്‍കിയിരിക്കുന്നത്. മെയ് മാസത്തോടെ കയറി താമസിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

Content Highlights: Construction of the houses being prepared by the Muslim League will begin on September 1st

dot image
To advertise here,contact us
dot image