
തിരുവനന്തപുരം: സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് ക്ഷണമില്ല. സർക്കാർ - രാജ്ഭവൻ പോര് തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. സാധാരണഗതിയിൽ ഓണം വാരാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് ഗവർണറാണ്. തുടർന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണുന്നതായിരുന്നു രീതി. എന്നാൽ ഗവർണർക്ക് പകരം സമാപന ഘോഷയാത്ര മന്ത്രി വി ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം.
പുതിയ ഗവർണറായി ആർലേക്കർ വന്ന സമയത്ത് സർക്കാരുമായി നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് മോശമായി. ഭാരതാംബ വിവാദത്തിലാണ് ഗവർണർ-സർക്കാർ പോര് മുറുകുന്നത്. വിസി നിയമനവുമായി ബന്ധപ്പെട്ട് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് തന്നെയാണ് ആർലേക്കറും സ്വീകരിച്ചത്. ഇതും പോര് മുറുകാൻ കാരണമായി.
സർവകലാശാല വിസി നിയമന വിഷയത്തിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ പേരിൽ ആരിഫ് മുഹമ്മദ് ഖാനും സർക്കാർ ഓണാഘോഷ പരിപാടിയിൽ നിന്ന് ബഹിഷ്കരണം ഏർപ്പെടുത്തിയിരുന്നു. 2022 ൽ നടന്ന ഓണാഘോഷ പരിപാടിയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ ക്ഷണിച്ചിരുന്നില്ല.
ഗവർണറെ ക്ഷണിക്കാതെ സർക്കാർ ഓണാഘോഷം നടത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ ക്ഷണമില്ലെന്ന് കണ്ടതോടെ ആരിഫ് മുഹമ്മദ് ഖാൻ അന്നേദിവസം അട്ടപ്പാടിയിലെ ഊരിലെത്തി ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കുകയായിരുന്നു.
2023ൽ മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കുകയും ഓണക്കോടി കൈമാറുകയും ചെയ്തിരുന്നു. പിന്നാലെ പരിപാടിയിൽ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വീണ്ടും സർക്കാർ- ഗവർണർ ബന്ധം വഷളാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഔദ്യോഗിക യാത്രയയപ്പ് പോലുമില്ലാതെയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങിയത്. പിന്നീട് ബിഹാർ ഗവർണറായി ചുമതലയേറ്റിരുന്നു.
Content Highlights: governor Rajendra Arlekar is not invited to the government's Onam celebrations