'പാർട്ടിഗ്രൂപ്പിൽ പറഞ്ഞത് മാധ്യമങ്ങൾക്ക് കൊടുത്തത് താനല്ല, തെളിയിച്ചാല്‍ പാര്‍ട്ടി വിടാം'; ആർ വി സ്‌നേഹ

സൈബർ എഴുത്തുകൾ എഴുതി അപമാനിച്ചു കളയും, നിന്നെ ഇല്ലാതാക്കി കളയും എന്ന് വിളിച്ച് പറഞ്ഞവരോടും നിങ്ങളുടെ പേരുകൾ പോലും പറയാത്തത് പേടിച്ചിട്ടല്ല മറിച്ച് ഒറ്റുകാരൻ ആവാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണെന്ന് സ്നേഹ

dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ചതിന് പിന്നാലെ തനിക്ക്‌നേരെ സൈബർ ആക്രമണം ഉണ്ടായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്‌നേഹ. പാർട്ടി ഗ്രൂപ്പിൽ പറഞ്ഞത് മാധ്യമങ്ങൾക്ക് കൊടുത്തത് താനല്ലെന്നും അത് താനാണെന്ന് പറയുന്ന ചില കമന്റുകൾ മനസിനെ ഏറെ വേദനിപ്പിക്കുന്നതാണെന്നും സ്‌നേഹ ഫേസ്ബുക്കിൽ കുറിച്ചു. ഒരുപാട് ഭീഷണിയുടെ പുറത്താണ് ഞാൻ ഈ വരികൾ എഴുതുന്നതെന്നും സ്‌നേഹ പറയുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ എന്റെ അഭിപ്രായം ഞാൻ സ്വന്തം പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പറഞ്ഞു. അത് ഞാൻ തന്നെയാണ് ചാനലിന് കൊടുത്തത് എന്ന് പറയുന്ന ചില കമന്റുകൾ മനസിനെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. അങ്ങനെ വിശ്വസിക്കുന്ന, തെറ്റിദ്ധരിക്കുന്ന ഏറെ ബഹുമാനപ്പെട്ട പാർട്ടി പ്രവർത്തകരോട് പറയുവാൻ ആഗ്രഹിക്കുന്നു ഞാൻ അങ്ങനെ ചെയ്തിട്ടില്ല നിങ്ങൾക്ക് അത് തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ ഈ പാർട്ടിയിൽ നിന്ന് പുറത്തു പോവാൻ തയ്യാറാണെന്നും സ്‌നേഹ പറയുന്നു.

സൈബർ എഴുത്തുകൾ എഴുതി അപമാനിച്ചു കളയും, നിന്നെ ഇല്ലാതാക്കി കളയും എന്ന് വിളിച്ച് പറഞ്ഞവരോടും നിങ്ങളുടെ പേരുകൾ പോലും പറയാത്തത് പേടിച്ചിട്ടല്ല മറിച്ച് ഒറ്റുകാരൻ ആവാൻ താല്പര്യം ഇല്ലാത്തതിനാൽ ആണ്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് പിതാവിൽ നിന്നാണ്. അച്ഛൻ എന്നോട് പറഞ്ഞത് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സ്വന്തമായ നിലപാട് ഉണ്ടാവണം, തെറ്റുകൾ കണ്ടാൽ ചോദ്യം ചെയ്യപ്പെടണം ഇല്ലേൽ ഈ രാഷ്ട്രീയത്തിൽ നീ ഇറങ്ങരുത് എന്നാണെന്നും സ്‌നേഹ പറയുന്നു. വിഷയത്തിൽ ഉചിതമായ നിലപാട് എടുത്ത പാർട്ടിയിലെ മുതിർന്ന വനിത നേതാക്കളെ നിങ്ങൾക്ക് അഭിവാദ്യമർപ്പിച്ചാണ് സ്‌നേഹയുടെ പോസ്റ്റ്.

കുറിപ്പിന്റെ പൂർണരൂപം…

പ്രിയപ്പെട്ടകോൺഗ്രസ്സ് പ്രവർത്തകരോട് ഒരു പാട് ഭീക്ഷണിയുടെ പുറത്ത് ആണ് ഞാൻ ഈ വരികൾ എഴുതുന്നത്. മറ്റൊന്നും പറയനാനില്ല എല്ലാത്തിനും മറുപടി പറയാനും ആഗ്രഹിക്കുന്നില്ല ഒരു കാര്യം ഉറപ്പു തരാം രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയത്തിൽ എന്റെ അഭിപ്രായം ഞാൻ സ്വന്തം പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പറഞ്ഞു അത് ഞാൻ തന്നെയാണ് ചാനലിന് കൊടുത്തത് എന്ന് പറയുന്ന ചില കമന്റുകൾ മനസിനെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് …. അങ്ങനെ വിശ്വസിക്കുന്ന തെറ്റിദ്ധരിക്കുന്ന ഏറെ ബഹുമാനപ്പെട്ട പാർട്ടി പ്രവർത്തകരോട് പറയുവാൻ ആഗ്രഹിക്കുന്നു'ഞാൻ അങ്ങനെ ചെയ്തിട്ടില്ല നിങ്ങൾക്ക് അത് തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ ഈ പാർട്ടിയിൽ നിന്ന് പുറത്തു പോവാൻ തയ്യാറാണ്'…… സൈബർ എഴുത്തുകൾ എഴുതി അപമാനിച്ചു കളയും നിന്നെ ഇല്ലാതാക്കി കളയും എന്ന് വിളിച്ച് പറഞ്ഞവരോടും നിങ്ങളുടെ പേരുകൾ പോലും പറയാത്തത് പേടിച്ചിട്ടല്ല മറിച്ച് ഒറ്റുക്കാരൻ ആവാൻ താല്പര്യം ഇല്ലാത്തതിനാൽ ആണ്…. ഈ വിഷയത്തിൽ ഉചിതമായ നിലപാട് എടുത്ത എന്റെ പാർട്ടിയിലെ മുതിർന്ന വനിത നേതാക്കളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ ….. വനിത നേതാക്കളിൽ പലരും അമ്മയാണ് , ഭാര്യയാണ് , പെങ്ങളാണ് എന്നതിനപ്പുറം അവരെല്ലാം സ്ത്രീകളാണ് …… ഇവിടെ ഞാൻ എഴുതിയത് സ്ത്രീകൾക്ക് വേണ്ടിയാണ് ….. നിങ്ങൾക്ക് എല്ലാവർക്കും എതിർ അഭിപ്രായം ഉണ്ടാവാം പക്ഷെ എഴുതുന്ന വാക്കുകൾ മാന്യമായ ഭാഷയിൽ ആയാൽ സ്വീകരിക്കാൻ മടിക്കാത്തവരല്ല സ്ത്രീകൾ …… മൂവർണ്ണക്കൊടി പിടിച്ചത് ആദ്യമായി തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് എന്നാൽ തിരിച്ചറിവ് വന്നപ്പോഴും ഇവിടെ നിന്നുവെങ്കിൽ എന്റെ പാർട്ടിയെ അത്രത്തോളം സ്‌നേഹിച്ചത് കൊണ്ടു മാത്രമാണ് ….എന്റെ അച്ഛൻ എന്നോട് പറഞ്ഞത് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സ്വന്തമായ നിലപാട് ഉണ്ടാവണം, തെറ്റുകൾ കണ്ടാൽ ചോദ്യം ചെയ്യപ്പെടണം ഇല്ലേൽ ഈ രാഷ്ട്രീയത്തിൽ നീ ഇറങ്ങരുത് എന്നാണ് പാർട്ടിയുടെ ബാലപാഠങ്ങൾ പഠിച്ചത് സ്ലിപ്പ് എഴുതാൻ വാർഡ് പ്രസിഡന്റിന്റെ ഒപ്പം കൂടിയ നേതാവല്ലാത്ത ഒരു പാർട്ടി പ്രവർത്തകനായ എന്റെ അച്ഛനിൽ നിന്നാണ്….. ആ വാക്കുകളിലെ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചതും.

മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് കൊടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ ആവശ്യപ്പെട്ടത്. തെറ്റുകാരനല്ലെങ്കില്‍ കൃത്യമായി മറുപടി കൊടുക്കുകയും നിയമപരമായി മുന്നോട്ടുപോവുകയും വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവിയുടെ പേര് ഇത്തരമൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ കേസ് കൊടുക്കണമെന്നും ആര്‍ വി സ്‌നേഹ പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലായിരുന്നു സ്‌നേഹ ഇക്കാര്യം ആവശ്യപ്പെട്ടത്.

'ഒരു പെണ്ണ് യുവനേതാവിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് വന്ന് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ആണോ അതെന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്നാണ് മറുപടി. രാഹുല്‍ എന്ന വ്യക്തിക്കപ്പുറം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇങ്ങനൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചത് ആരാണ്? എത്രയോ നേതാക്കളുടെ പേര് പറയാം. ഈ പരാതിക്കാരി യുവനേതാവിന്റെ പേര് പറയുന്നില്ല. എന്നാല്‍ ചാനലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് വ്യക്തിയെന്ന തരത്തില്‍ പോകുന്നു. ബിജെപിയുടെ പ്രതിഷേധം നടന്നു. സ്ത്രീകള്‍ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കണം, പെണ്ണുപിടിയനായ എംഎല്‍എ വേണ്ടെന്ന് പറഞ്ഞാണ് അവര്‍ പ്രതിഷേധം നടത്തിയത്'- എന്നായിരുന്നു ആര്‍ വി സ്‌നേഹ പറഞ്ഞത്.

ഒരുപാട് പെണ്‍കുട്ടികള്‍ ഉളള പ്രസ്ഥാനമാണ്. ഇത് രാഹുല്‍ എന്ന വ്യക്തിക്കെതിരെയല്ല, സംസ്ഥാന കമ്മിറ്റിയുടെ അധ്യക്ഷനായ ആള്‍ക്കെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. ഇങ്ങനെ ആരോപണം വരുമ്പോള്‍ ഇതിനകത്ത് നില്‍ക്കുന്ന പെണ്‍കുട്ടികളെയും മോശമായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്. പ്രസിഡന്റിന്റെ പേര് വലിച്ചിഴച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ കേസ് കൊടുക്കണം. സത്യം സമൂഹം അറിയണമല്ലോ. പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാകും. ഒറ്റ കേസല്ല, ഇതെത്ര കേസുകളാണ് നടക്കുന്നത്. പെണ്‍കുട്ടി പറയുന്നത് നേതാവ് നിരന്തരം ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചുവെന്നും മുതിര്‍ന്ന നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഈ നേതാവിനെക്കൊണ്ട് ബുദ്ധിമുട്ടുണ്ടായി തലവേദനയാണ് എന്നൊക്കെയാണ് പറയുന്നത്. അവര്‍ പരാതി നല്‍കിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് സ്റ്റാംപ് ഒട്ടിച്ചുകഴിഞ്ഞു. ബഹുമാനപ്പെട്ട പ്രസിഡന്റ് തെറ്റുകാരനല്ലെങ്കില്‍ കൃത്യമായി മറുപടി കൊടുക്കുകയും നിയമപരമായി പോവുകയും വേണം. നിങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളല്ല ആ വ്യക്തിയെങ്കില്‍ നിങ്ങളുടെ പേര് വലിച്ചിഴച്ചതിനെതിരെ നിയമപരമായി മുന്നോട്ടുപോകണം. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടണം'- എന്നാണ് സ്‌നേഹ ഓഡിയോ സന്ദേശത്തിലുണ്ടായിരുന്നത്.

ലൈംഗിക ആരോപണത്തിന് പിന്നാലെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും രാജിവെക്കുകയായിരുന്നു. അതേസമയം രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു.

Content Highlights: Sneha RV says she faced cyber attack after remark on Rahul Mamkootathil issue

dot image
To advertise here,contact us
dot image