
കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് അണിയറപ്രവത്തകർ പുറത്തു വിട്ടത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിക്ക് വിജയൻ ആശംസിച്ചിരിക്കുകയാണ് സംവിധായകൻ നഹാസ് ഹിദായത്.
ലോക സിനിമ ഹിറ്റായാൽ ഐ ആം ഗെയിമിന് എനിക്ക് കുറച്ച് കൂടുതൽ ബജറ്റ് കൂട്ടി തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സിനിമ വിജയിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും നഹാസ് ഹിദായത് പറഞ്ഞു. ലോക സിനിമയിലെ അഭിനേതാക്കളെയും നഹാസ് പ്രശംസിച്ചു. പ്രിയദർശൻ ചിത്രങ്ങളാണ് സിനിമയിലേക്ക് വരാൻ നിമിത്തം ആയതെന്നും നഹാസ് പറഞ്ഞു.
'ലോക കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്, സിനിമയുടെ സംവിധായകൻ ഡൊമിനിക് എന്റെ അടുത്ത സുഹൃത്താണ്. ഈ = കഥ പറയുമ്പോൾ ഇത് എങ്ങനെ സിനിമായാകും എന്ന് മാറി നിന്ന് ചർച്ച ചെയ്തിരുന്നു. അത്ര സിമ്പിൾ അല്ലാത്തൊരു സിനിമയാണിത്. വൺ ലൈൻ മാത്രമായിരുന്നു കേട്ടിരുന്നത്. അത് വെച്ചാണ് ചിന്തിച്ചത്. പക്ഷെ ട്രെയ്ലർ കണ്ടപ്പോൾ ഞെട്ടി പോയി. മലയാള സിനിമയുടെ കോൺടെന്റ് സൂപ്പർ ആണെന്ന് പറയുണ്ടെങ്കിലും അതിന്റെ സ്കയിലിനെക്കുറിച്ച് വളരെ കുറച്ചാണ് പറയാറുള്ളത്. നല്ലൊരു കൊണ്ടെന്റും സ്കെയിലും ചേർന്നാൽ എന്താകുമെന്നത് ലോകയുടെ ട്രെയ്ലർ കണ്ടപ്പോൾ മനസിലായി.
ഈ സിനിമ നന്നായി ഓടേണ്ടത് എന്റെ കൂടെ ആവശ്യമാണ്. സിനിമ നന്നായി ഓടിയാൽ നമ്മുടെ പടത്തിന്റെ ബജറ്റ് കൂടി കൂട്ടി തരാം എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു സിനിമ ഗംഭീര ഹിറ്റാകട്ടെ എന്ന്. പ്രിയൻ സാറിന്റെ സിനിമകളാണ് എന്നെ പോലുള്ളവർക്ക് സിനിമയിലേക്ക് വരാൻ നിമിത്തം ആയിട്ടുള്ളത്, നഹാസ് ഹിദായത് പറഞ്ഞു.
അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ വീണ്ടും മലയത്തിൽ എത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന 'ഐ ആം ഗെയിം'ൽ ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Director Nahas Hidayat wishes success to lokah movie