ഇങ്ങനെ ഒരുപാട് ശബ്ദസന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അടൂർ പ്രകാശ്; എല്ലാം സിസ്റ്റത്തിനനുസരിച്ച് പോകുമെന്ന് കെസി

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

dot image

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കൃത്യമായ ആലോചനയ്ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് കെപിസിസി അധ്യക്ഷനാണ്. ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടക്കുന്നുണ്ട്. ഈ നിമിഷം വരെ രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. അതിന് ശേഷം മറുപടി പറയാം. ഇപ്പോള്‍ പുറത്തുവന്ന പോലുള്ള ശബ്ദ സന്ദേശങ്ങള്‍ മുന്‍പും പുറത്തുവന്നിട്ടുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. കേരളം ഉണ്ടായ കാലം മുതലുള്ള ചരിത്രം എടുത്ത് പരിശോധിച്ചാല്‍ അക്കാര്യം മനസിലാകുമെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം സിസ്റ്റത്തിനനുസരിച്ച് പോകുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നായിരുന്നു എം കെ രാഘവന്‍ എംപി പറഞ്ഞത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണ് തീരുമാനം എടുക്കേണ്ടത്. അവരെന്ത് തീരുമാനം എടുക്കുന്നോ അതാണ് പാര്‍ട്ടി തീരുമാനം. നേതൃത്വം എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യത്തില്‍ എം കെ രാഘവന്‍ കൃത്യമായ മറുപടി പറഞ്ഞില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമുണ്ടാകുക. നേതാക്കന്മാര്‍ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. പ്രാഥമിക നടപടി എന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. സസ്‌പെന്‍ഷന്‍ നടപടി ശിക്ഷാ നടപടിയായി കണക്കാക്കാം. പുറത്തുവന്ന ഫോണ്‍ സംഭാഷത്തിന്റെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. രാഹുലിന്റെ വിശദീകരണവും കേള്‍ക്കണം. രാഹുലിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടിക്ക് വിധേയമാകണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

രാഹുലിനെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ധാര്‍മികത ഉയര്‍പ്പിടിച്ച് നടപടി സ്വീകരിച്ചുവെന്ന് ടി സിദ്ദിഖ് എംഎല്‍എയും പറഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തോടും സ്ത്രീ സമൂഹത്തോടും പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന സമീപനം എത്രത്തോളം വലുതാണ് എന്ന് സൂചിപ്പിക്കുന്നതാണ് സസ്‌പെന്‍ഷന്‍ നടപടി. ഒട്ടും സമയം കളയാതെ പാര്‍ട്ടി നടപടി സ്വീകരിച്ചു. പാര്‍ട്ടിക്ക് ഒറ്റക്കെട്ടായി നടപടി സ്വീകരിക്കാന്‍ സാധിച്ചു. പാര്‍ട്ടിയുടെ ധാര്‍മികത പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. പാര്‍ട്ടി തീരുമാനത്തെ അഭിനന്ദിക്കുന്നു. സംഘടനാപരമായ നടപടി അതിന്റെ പാരമ്യതയില്‍ തന്നെ എടുത്തു. ക്ലിയര്‍ കട്ടായുള്ള പാര്‍ട്ടിയുടെ മെസേജാണിതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Content Highlights- Congress leaders reaction on action against rahul mamkootathil on sexual allegations

dot image
To advertise here,contact us
dot image