
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസാണ് നിലപാട് സ്വീകരിക്കേണ്ടത് എന്നായിരുന്നു ആദ്യഘട്ടം മുതല്‍ തന്റെ പ്രതികരണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അടിഞ്ഞുകൂടിയ ജീര്‍ണത ഒരു മഴ പോലെ പുറത്തുവന്നത് ഇപ്പോഴാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് മറ്റെന്തൊക്കെയോ അറിയാം. അതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
'കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മൊത്തത്തില്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാണ്. എന്നാല്‍ ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കുന്നത് സസ്‌പെന്‍ഷനില്‍ ആ പ്രശ്‌നം അവസാനിപ്പിക്കാം എന്നാണ്. ഇതുപൊലെ ഒരു സംഭവം ലോക ചരിത്രത്തില്‍ ആദ്യമാണ്. ഇത് ക്രിമിനല്‍ വാസനയോടെ നടത്തിയ ലൈംഗീകാതിക്രമമാണ്. ഇതില്‍ പാര്‍ട്ടി ഭേദമന്യേ കേരളത്തില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.' എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സിപിഐഎമ്മിന് ഒരു നിലപാടെയുള്ളൂ എന്നും പാര്‍ട്ടി എല്ലാ കാലത്തും രാജി ആവശ്യപ്പെട്ടിരുന്നത് ഇത്തരത്തിലാണെന്നും ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് രൂപം കൊണ്ട ശേഷം ഇന്നേ വരെ ഇത്രയും ജീര്‍ണമായ അധ്യായം ഉണ്ടായിട്ടില്ല, അതിനാല്‍ താരതമ്യം സാധ്യമല്ലെന്നും ആരോപണങ്ങള്‍ മഴ പോലെ വന്നുകൊണ്ടിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇനിയും ആരൊക്കെ രംഗത്തെത്തുമെന്ന് കാത്തിരുന്ന് കാണാമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുലിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. എത്ര കാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്നത് വ്യക്തമല്ല.അതേസമയം രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും.
Content Highlight; MV Govindan reacts to Rahul Mamkoottathil’s suspension