
മലയാള സിനിമയിലെ ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ് ഷെയ്ൻ നിഗം. നടന്റെ കരിയറിൽ ശ്രദ്ധ നേടിയ സിനിമകളിലൊന്നാണ് 2022 ൽ പുറത്തിറങ്ങിയ ഭൂതകാലം ആയിരുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം അൻവർ റഷീദും ഷെയിൻ നിഗവും ചേർന്നാണ് നിർമ്മിച്ചത്. രേവതിയാണ് ഷെയിനിനൊപ്പം ഭൂതകാലത്തിൽ പ്രധാന വേഷം ചെയ്തത്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗം.
ഇതുപോലൊരു സിനിമ താൻ ഇതിന് മുന്നേ ചെയ്തിട്ടില്ലെന്നും ഇനി ഇത്തരം ഒരു വേഷം ചെയ്യാൻ കഴിയില്ലെന്നും ഷെയ്ൻ പറഞ്ഞു. ആ കഥാപാത്രത്തിന്റെ ആഴത്തിലേക്ക് ചെന്നതിന് ശേഷം തിരിച്ച് വരാൻ ബുദ്ധിമുട്ടിയെന്നും അത് നമ്മളെ എവിടെയെക്കെയോ ബാധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'കൊറോണ സമയത്ത് എല്ലാവരും പടം ചെയ്യുന്നു, ഇനി ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല ഒരു പടം ചെയ്തേ പറ്റൂ എന്ന് ഉണ്ടായിരുന്നു. ഉമ്മച്ചിയുടെ ഫോണിൽ രാഹുൽ സദാശിവൻ ഒരു മെസ്സേജ് അയച്ചിരുന്നു. അതിൽ ഒരു വിഷ്വൽ കണ്ടു. നോർമൽ ഗോസ്റ്റ് അല്ല, ഒരു എനർജി പോകുന്നതാണ്. അത് കണ്ടാൽ പേടിയാകും. ഇത് കണ്ടാപ്പോൾ എന്താണ് എന്ന് അറിയാൻ വേണ്ടി കഥ കേട്ടു. കഥ കേട്ടപ്പോൾ ഇത് നിർമിക്കാൻ ഒരു പ്രൊഡക്ഷൻ വേണം. അപ്പോൾ അൻവർ റഷീദിനെ വിളിച്ച് ഈ കഥ ഒന്ന് കേട്ട് നോക്കാൻ പറഞ്ഞു. കേൾക്കാൻ മാത്രമേ പറഞ്ഞിരുന്നുള്ളൂ പറ്റുന്ന വേറെ ആരേലും ഉണ്ടെങ്കിൽ കണക്ട് ചെയ്യാൻ ചോദിച്ചിട്ടാണ് പോകുന്നത്. കഥ കേട്ടപ്പോൾ അദ്ദേഹം ഇത് ചെയ്യാം എന്ന് പറഞ്ഞു.
കൃത്യമായി ഓരോ ഷോട്ടും വരച്ചിട്ടാണ് രാഹുൽ ഏട്ടൻ വരുന്നത്. ഇതിന് മുന്നേ ഞാൻ ഇതുപോലെ വർക്ക് ചെയ്തിട്ടില്ല. എനിക്ക് ഇത് പുതിയ പരിപാടി ആയിരുന്നു. വിദേശത്ത് ഒരു ഫിലിം സ്കൂളിൽ പഠിച്ചത് കൊണ്ട് അത്തരത്തിൽ ഒരു മേക്കിങ് ആയിരുന്നു. രേവതി മാഡത്തിന്റെ സീനിനിൽ എനിക്ക് വെറുതെ നിന്ന് കൊടുത്താൽ മതി ആയിരുന്നു. ഗംഭീര അനുഭവം ആയിരുന്നു ആ സിനിമ.
ഭൂതകാലം പോലെ ഒരു സിനിമ ഇനി ചെയ്യാൻ കഴിയില്ല. കാരണം വളരെ ഇന്‍ററസ്റ്റ് ആണ് പ്രോസസ്. കുറേ നമ്മൾ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലണം. ആ ഭ്രാന്തമായ അവസ്ഥയിലേക്ക് പോകാൻ ആയിട്ട്. എപ്പോഴും അത് ഹെൽത്തി അല്ല, ഇടയ്ക്ക് ചെയ്യുന്നത് രസമാണ്. ഇപ്പോൾ എനിക്ക് കുറച്ചുകൂടെ പിടിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ട്. പക്ഷെ അത് നമ്മളെ എവിടെയെക്കെയോ ബാധിക്കും. ആ കഥാപാത്രത്തിന്റെ അവസ്ഥ. ഒരു ഡാർക്‌നെസ്സ് ഉള്ളിൽ കിടക്കും. ആ കഥാപാത്രം ചെയ്തതിന് ശേഷം എന്തോ ഒരു ബുദ്ധിമുട്ട് നമ്മൾ അനുഭവിക്കും. ആ സിനിമ ചെയ്തത് കൊണ്ടുള്ള ഉപകാരം രാത്രി പുറത്തിറങ്ങാനുള്ള ഭയം പോയി എന്നതാണ്,' ഷെയ്ൻ നിഗം പറഞ്ഞു.
Content Highlights: Shane Nigam on Rahul Sadashivan's movie