
'നരകത്തിന്റെ എല്ലാ കവാടങ്ങളും കൊലപാതകികളും ബലാത്സംഗികളുമായ ഹമാസിന് വേണ്ടി തുറക്കും. ഗാസ നഗരം റഫയ്ക്കും ബെയ്ത്ത് ഹനൂനിനും സമാനമായി മാറും.' ഇസ്രയേലിന്റെ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സിന്റെ വാക്കുകളാണിത്. വിശന്ന് പിടഞ്ഞ് മരിച്ച് വീഴുന്ന ശവങ്ങളെ ആർത്തിയോടെ നോക്കുന്ന കഴുകന്മാരെ പോലെ ഇസ്രയേൽ ഗാസയ്ക്ക് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. പട്ടിണിയുടെ നിലവിളികൾ കാതടച്ച് മുഴങ്ങുമ്പോൾ അവർ അടുത്ത അസ്ത്രത്തിനുള്ള അമ്പ് കൂർപ്പിക്കുകയാണ്. വിശപ്പിനെക്കാൾ വലിയ വികാരമെന്താണ്, അത് നൽകുന്നതിനെക്കാൾ വലിയ ക്രൂരതയോ?
സ്വന്തം മക്കൾ കൺമുന്നിൽ പട്ടിണി കിടന്ന് മരിക്കുന്നത് കാണേണ്ടി വന്ന ജനതയ്ക്ക് ഇതിലപ്പുറം ഇനിയെന്ത് നരകമാണ് ഇസ്രയേൽ സമ്മാനിക്കാനുള്ളത്. ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ അധിനിവേശത്തിൽ ഇതുവരെ 112 കുഞ്ഞുങ്ങളടക്കം 271 പേർക്കാണ് പട്ടിണി മൂലം ജീവൻ നഷ്ടമായത്. അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയും, ഭക്ഷണം പോലും ഒരു വിദൂര സ്വപ്‌നമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഗാസയിലെ ജനങ്ങളോട് ഇനിയും പകയുടെ, പ്രതികാരത്തിന്റെ കഥ പറയാനൊരുങ്ങുന്ന ഇസ്രയേൽ… മനുഷ്യരെന്ന് വിളിക്കാനാവുമോ നിങ്ങളെ?
ഗാസ സിറ്റി പൂർണമായും ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായി എന്ന യുഎൻ ഏജൻസി ദി ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാരിഫിക്കേഷന്റെ പ്രഖ്യാപനം പുറത്ത് വന്നിരിക്കുകയാണ്. ഉടൻ സഹായമെത്തിക്കുകയും വെടിനിർത്തുകയും ചെയ്തില്ലെങ്കിൽ തെക്കൻ മേഖല കൂടി മുഴുപട്ടിണിയിലാവും. എന്നിട്ടും, ഈ മനുഷ്യരെ ചൂണ്ടി കൊലവിളി നടത്തുകയാണ്, ഈ പിഞ്ചുകളുടെ മരണങ്ങൾ പോലും കള്ളക്കഥയാണെന്ന് പറയുകയാണ് ഇസ്രയേൽ.
പട്ടിണിയിൽ എല്ലു മാത്രം ബാക്കിയായ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച് വിങ്ങുന്ന അമ്മമാരുടേതടക്കം ഗാസയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ നെഞ്ചിടിപ്പിക്കുന്നതാണ്. 2023 ഒക്ടോബർ ഏഴ് മുതൽ 61,430 പേരാണ് ഗാസയിൽ മാത്രം കൊല്ലപ്പെട്ടത്. ഇതിൽ കുഞ്ഞുങ്ങളടക്കം നിരവധി ആളുകളുടെ മരണം വിശന്നുവലഞ്ഞായിരുന്നു. സെപ്തംബർ അവസാനമാകുമ്പോഴേക്കും ക്ഷാമം ഡെയ്ർ അൽ ബലായിലേക്കും ഖാൻ യൂനിസിലേക്കും വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. പട്ടിണി ആയുധമാക്കിയുള്ള ഇസ്രയേലിന്റെ പ്രതികാരം യുദ്ധക്കുറ്റമാണെന്നും ഇത് മനഃപൂർവമുള്ള നരഹത്യയായി കണക്കാക്കാമെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.
ഗാസ സിറ്റിയിൽ ഇസ്രയേൽ ഇനിയും സൈനികനീക്കങ്ങൾ നടത്തിയാൽ മനുഷ്യരാശി സാക്ഷിയാവുക ലോകം കണ്ട ഏറ്റവും വലിയ കൂട്ട പട്ടിണി മരണത്തിനായിരിക്കും. യുദ്ധം മൂലം ഗാസയിലെ ഭക്ഷ്യോൽപാദനം തകർന്നതും, ഭക്ഷ്യോൽപ്പന്നങ്ങളോ മറ്റ് അവശ്യ വസ്തുക്കളോ പ്രദേശത്ത് എത്തുന്ന ഇസ്രയേൽ തടഞ്ഞതും ഗാസയെ നരകയാതനയിലേക്ക് തള്ളിവിടാൻ കാരണമായി. എന്നാൽ ഗാസയിൽ അങ്ങനെയൊരു പട്ടിണിയേ ഇല്ലെന്നാണ് ഇസ്രയേലിന്റെ വാദം.
ഗാസ മുനമ്പിലെ പട്ടിണി വിശകലനം ചെയ്യാൻ ആരംഭിച്ചത് മുതൽ സ്ഥിതിഗതികൾ ഏറ്റവും മോശമായ ദിവസങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്ന് ഇന്റർനാഷണൽ പ്ലാനിങ് കമ്മിറ്റി ഫോർ ഫുഡ് സോവെറെനിറ്റി റിപ്പോർട്ട് ചെയ്തു. ഭക്ഷണത്തോടൊപ്പം മരുന്ന്, ഇന്ധനം തുടങ്ങി മറ്റ് അവശ്യ വസ്തുക്കളുടെ അപര്യാപ്തതയും ഗാസയെ പിടിച്ച് കുലുക്കാൻ കാരണമായിട്ടുണ്ട്. ഗാസ ഇപ്പോൾ കടന്നു പോകുന്ന സാഹചര്യത്തെക്കുറിച്ചും, ഇതേ സ്ഥിതി തുടർന്നാൽ ഇനിയുണ്ടാകാൻ പോകുന്നത് വലിയ പ്രത്യാഘാതത്തെക്കുറിച്ചും ധാരണയുള്ളതിനാൽ യുഎൻ അടക്കം ആവശ്യപ്പെട്ടിട്ടും ഒരു തരത്തിലുള്ള അനുനയനത്തിനും ഇസ്രയേൽ വഴങ്ങിയില്ല.
നിലവിലെ സാഹചര്യത്തിൽ സ്വയം പര്യാപ്തതയ്ക്കുള്ള അവസരം പോലും ഗാസയിലെ മനുഷ്യർക്കില്ലെന്ന് ഐപിസി ചൂണ്ടിക്കാണിക്കുകയാണ്. പ്രദേശത്തെ കൃഷി ഭൂമിയുടെ 98 ശതമാനവും ഇതിനോടകം നശിച്ച് കഴിഞ്ഞു. കന്നുകാലികൾ നാമാവശേഷമായി. മീൻ പിടിക്കാനുള്ള അവസരം ഇസ്രയേൽ നിരോധിച്ചിരിക്കുകയാണ്. സുരക്ഷിതമായ കുടിവെള്ളവും അന്യമാവുന്ന നിലയിലേക്ക് കാര്യങ്ങൾ കടുക്കുമ്പോൾ ഇനി എവിടെയാണൊരു പ്രതീക്ഷ.
ലോകമേ.. വിശക്കുന്നു. ഗാസയിലെ വയറൊട്ടിയ കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ട് നിലവിളിച്ചു. കണ്ണടച്ച് ഇരുട്ടാക്കുന്ന ഇസ്രയേൽ ഈ കൊടുംപാതകത്തിന്റെ പാപക്കറ ഏത് കണക്കിൽപ്പെടുത്തി മായിക്കാനാവും?
Content Highlights: UN declared famine in Gaza, Israel to take over the city