
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചയാളാണ് എംഎല്‍എ ഉമാ തോമസ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലും മറ്റുമായി വലിയ സൈബര്‍ ആക്രമണങ്ങളാണ് ഉമ തോമസിന് നേരിടേണ്ടി വന്നത്. സംഭവത്തില്‍ ഉമ തോമസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഉമാ തോമസില്‍ നിന്നും ഒരമ്മയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമാണ് ഉണ്ടായതെന്നാണ് വി കെ സനോജ് പ്രതികരിച്ചത്. എത്ര ക്രൂരമായാണ് ഷാഫിയുടെ അനുയായികള്‍ അവരെ നേരിട്ടത് എന്നും കോണ്‍ഗ്രസില്‍ ആരെങ്കിലും ഇതിനെതിരെ എന്തെങ്കിലും പറഞ്ഞോ എന്നും വി കെ സനോജ് ചോദിച്ചു.
'കെ സി വേണുഗോപാലിന്റെ ഭാര്യയ്ക്ക് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. ഷാഫിയുടെ വെട്ടുകിളിക്കൂട്ടം അത്രകണ്ട് അവരെയെല്ലാം ആക്രമിച്ചു. ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധിക്കുന്നു.' വി കെ സനോജ് പറഞ്ഞു. ഷാഫിയാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് എന്നും പണം കൊടുത്ത് ആളെയിറക്കിയാണ് ഷാഫി സൈബര്‍ കൂട്ടത്തെ നിയന്ത്രിക്കുന്നതെന്നും വി കെ സനോജ് ആരോപിച്ചു. എവിടെ നിന്നാണ് ഇവര്‍ക്കിത്ര പണം. വയനാടിനു വേണ്ടി പിരിച്ചെടുത്ത പണം ഇതിനായി ഉപയോഗിക്കുന്നുണ്ട്. രാജിവച്ചാലും ഇല്ലെങ്കിലും രാഹുലിനെ പാലക്കാട്ടെ ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വി കെ സനോജ് പറഞ്ഞു.
'വ്യാജ ഐഡന്റിറ്റികാര്‍ഡ് ഉണ്ടാക്കിയാണ് രാഹുല്‍ പ്രസിഡന്റ് ആയത്. വലിയ സാമ്പത്തിക സ്രോതസ് ഷാഫിയുടെയും വി ഡി സതീശന്റെയും എല്ലാം ടീമിന്റെ കയ്യിലുണ്ട്. പാലക്കാട് വലിയ രീതിയില്‍ പണം എത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയാണ് എല്ലാവരെയും ആക്രമിക്കുന്നത്. ഷാഫിയുടെയും രാഹുലിന്റെയും സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ജനാധിപത്യം പോലും ഇല്ലാതായി. ഷാഫിയുടെയും രാഹുലിന്റെയും സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പരാതി നല്‍കും.' വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.
യുവതികളുടെ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഉമാ തോമസ് എംഎൽഎക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീർത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.
'ഭർത്താവ് പി ടി തോമസിന്റെ മരണത്തെ തുടർന്ന് എംഎൽഎ ആയ ആളാണ് താങ്കള്‍, രാഷ്ട്രീയത്തിൽ താങ്കൾക്ക് വിവരമില്ലെ'ന്നുമുള്ള പ്രതികരണങ്ങളായിരുന്നു ഉമാ തോമസിനെതിരെ ചില ഫേസ്ബുക്ക് ഹാൻഡിലുകൾ നിന്ന് പങ്കുവെച്ചത്. 'രാഹുലിനെ പുറത്താക്കാൻ പറഞ്ഞാൽ ഉടനെ പുറത്താക്കാൻ പാർട്ടി നിങ്ങളുടെ തറവാട്ടു സ്വത്തല്ല. സ്വന്തം പേരിനായാണ് രാഹുലിനെതിരെ ഉമാ തോമസ് സംസാരിക്കുന്നതെന്നും അതാണ് പാർട്ടിയുടെ ശാപമെന്നു'മായിരുന്നു മറ്റൊരു പ്രതികരണം. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്‍റ്. നന്ദി കാണിച്ചില്ലെങ്കിലും 'പിന്നിൽ നിന്ന് കുത്തരുത്, അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോണം' എന്നടക്കമുള്ള കമന്റുകളും ഉണ്ടായിരുന്നു. അതേസമയം വ്യക്തി അധിക്ഷേപം നടത്തുന്ന കമന്‍റുകളും ഉമാ തോമസിനെതിരെ സൈബർ ഇടത്തിൽ വന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന പ്രതികരണങ്ങളും ഈ കമന്റുകളിലുണ്ട്.
ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നായിരുന്നു ഉമാ തോമസ് എംഎല്‍എ പറഞ്ഞത്. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല. ഇന്നലെ പത്രസമ്മേളനം വിളിച്ചപ്പോള്‍ രാജി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വാര്‍ത്താസമ്മേളനം റദ്ദാക്കുകയായിരുന്നു. തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കില്‍ രാഹുലിന് മാനനഷ്ടക്കേസ് നല്‍കാമായിരുന്നു. പ്രതികരിക്കാത്തതിനാല്‍ ആരോപണങ്ങള്‍ സത്യമാണെന്ന് വേണം കരുതാന്‍. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഉമാ തോമസ് എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
സ്ത്രീകളെ ചേര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്ത്രീകള്‍ക്കൊപ്പമാണ് പാര്‍ട്ടി എന്നും നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ രാഹുലിന് പാര്‍ട്ടിയില്‍ തുടരാന്‍ അര്‍ഹതയില്ല. രാഹുല്‍ രാജിവെയ്ക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമുണ്ടാകില്ല. ഇത്തരത്തിലുള്ള ആളുടെ വെച്ചുപൊറുപ്പിക്കില്ല എന്ന കാര്യം ഉറപ്പാണ്. രാജിവെയ്ക്കാത്ത പക്ഷം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ഇങ്ങനെ ഒരാളെ പാര്‍ട്ടിക്ക് വേണ്ടെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ഉമാ തോമസ് വ്യക്തമാക്കിയിരുന്നു. തന്നോട് ആരും പരാതി ഉന്നയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നോപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഒരാളെങ്കിലും പരാതിപ്പെട്ടിരുന്നെങ്കില്‍ നടപടിയെടുക്കുമായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
Content Highlight; VK Sanoj supports Uma Thomas in her response to Rahul Mamkoottathil