
തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ഉപദ്രവിക്കരുത്. സ്ഥലം എസ്ഐയുമായി സംസാരിച്ചു. പരാതി കിട്ടിയില്ലെന്ന് പറഞ്ഞു. അമ്മയും പരാതി നൽകിയിട്ടില്ല. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാൻ നിർദേശിച്ചു. കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി രാജിവെക്കണമെന്ന് പറഞ്ഞ വി ശിവൻകുട്ടി അദ്ദേഹം കള്ളവോട്ട് കൊണ്ട് ജയിച്ചതാണെന്നും ആരോപിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയത് ജനാധിപത്യ രീതിക്ക് ചേർന്നതല്ല. സുരേഷ് ഗോപി വാനരൻ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. വോട്ടർ പട്ടിക ക്രമക്കേടിൽ അന്വേഷണം നടക്കുകയാണ്. സുരേഷ് ഗോപി രാജിവെച്ച് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കണം. സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേര് വിളിക്കാം, പക്ഷേ താൻ അത് ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാലാംക്ലാസ് പരിസരപഠനം കൈപ്പുസ്തകത്തിലെ നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള പരാമർശത്തിൽ ചരിത്രപരമായ പിശക് സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരട് പുസ്തകത്തിലാണ് അങ്ങനെ വന്നത്. തിരുത്തി. പാഠപുസ്തകം തയാറാക്കിയവർ ഇനി ആ ചുമതലയിൽ ഉണ്ടാവില്ല. അവരെ ഡീബാർ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. സിപിഐഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ പാർട്ടി ക്ലാരിറ്റി വരുത്തുമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ലാവ്‌ലിൻ പറഞ്ഞ് പിണറായിയെ എത്ര കാലം വേട്ടയാടി. കോടിയേരിയെ അപമാനിച്ചു. ഒരിടത്തും തെളിയിക്കപ്പെട്ടിട്ടില്ല. വിഷയത്തെക്കുറിച്ച് പാർട്ടി സെക്രട്ടറി ആധികാരികമായി പറയും. പിണറായിക്കെതിരെ ആക്ഷേപം കൊണ്ടുവന്നത് പിണറായിയെ ക്ഷീണിപ്പിച്ച് പാർട്ടിയെ തകർക്കാനാണ്. എം വി ഗോവിന്ദനെ ക്ഷീണിപ്പിച്ച് പാർട്ടിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. പല കത്തുണ്ട്. നല്ല കത്തുണ്ട്, കള്ള കത്തുണ്ട്. പാർട്ടിക്ക് അങ്ങനെ പല കത്തും കിട്ടും. പല കമ്മിറ്റിക്കും കത്ത് കിട്ടാറുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കത്ത് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Minister V Sivankutty orders investigation into incident in which child's eardrum was broken due to beating by headmaster