ബിജെപിയില്‍ പിന്നാക്കകാര്‍ക്ക് പ്രാതിനിധ്യം കുറഞ്ഞു വരുന്നു; നേതൃത്വത്തെ വിമര്‍ശിച്ച് കെ എസ് രാധാകൃഷ്ണന്‍

'മോദിയുടെ കൂടെ പ്രവര്‍ത്തിക്കാമെന്ന് കരുതിയാണ് ബിജെപിയിലെത്തിയത്'

dot image

കോഴിക്കോട്: കേരളത്തിലെ ബിജെപിയില്‍ പിന്നാക്കകാര്‍ക്ക് പ്രാതിനിധ്യം കുറഞ്ഞുവരുന്നുവെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന നേതൃസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെ തമാശരൂപത്തില്‍ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി സംഘടനാരീതികള്‍ക്കെതിരെ അദ്ദേഹം നടത്തിയത്. ബിജെപി കോര്‍കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.

യുഡിഎഫില്‍ നിന്നാണ് താന്‍ ബിജെപിയിലെത്തിയത്. യുഡിഎഫില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് മുന്‍കാലങ്ങളില്‍ പ്രാതിനിധ്യം നല്‍കിയിരുന്നില്ലെങ്കിലും ബിജെപിയില്‍ നല്‍കിയിരുന്നു. അതാണിപ്പോള്‍ കുറഞ്ഞുവരുന്നതെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ കെ എസ് രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ കടുത്ത അതൃപ്തിയിലാണ് കെ എസ് രാധാകൃഷ്ണന്‍.

മോദിയുടെ കൂടെ പ്രവര്‍ത്തിക്കാമെന്ന് കരുതിയാണ് ബിജെപിയിലെത്തിയത്. തന്റെയത്ര രാഷ്ട്രീയപരിചയമുള്ള നേതാക്കള്‍ ബിജെപിയില്‍ കുറവാണ്. അച്ഛനോടൊപ്പം ഒന്‍പതാംവയസ്സില്‍ കടലില്‍പ്പോയ ആളാണ്. കടലിലെ ജീവിതം എന്താണെന്നറിയുന്ന ആളാണ്. വൈസ് ചാന്‍സലറും പിഎസ്‌സി ചെയര്‍മാനുമായിരുന്നു. എന്നിട്ടും ഇത്തവണ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ സന്തോഷമുണ്ടെന്നും പരിഹാസരൂപേണ കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

കൂടുതല്‍ പദവികള്‍ തരുമെന്ന് കരുതിയിട്ടല്ല. കെ എസ് രാധാകൃഷ്ണന് അറിയപ്പെടാന്‍ അധികാരങ്ങളൊന്നും വേണ്ട. ജീവിതം കൊണ്ട് അതുണ്ടാക്കിയിട്ടുണ്ടെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. കുമ്മനത്തെ വേദിയിലിരുത്തി തന്നെ ഇത് പറഞ്ഞത് അദ്ദേഹം നേതൃത്വത്തെ അറിയിക്കുമെന്ന പ്രതീക്ഷയിലാണെന്നും ചിരിച്ചു കൊണ്ട് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlights: Representation of backward classes is decreasing in kerala BJP; KS Radhakrishnan

dot image
To advertise here,contact us
dot image