
കൊച്ചി: നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന് പെരുമ്പാവൂര്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
നഗരത്തില്‍ തന്നെയുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിന് പിന്നിലെ പാടത്ത് ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സന്ദേശം. നാട്ടുകാരില്‍ ഒരാള്‍ തന്നെയായിരുന്നു പൊലീസിനെ വിളിച്ചറിയിച്ചത്. സന്ദേശം ലഭിച്ചയുടന്‍ തന്നെ സംഭവസ്ഥലത്ത് പൊലീസെത്തി.
ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ 'മൃതദേഹത്തി'ന്റെ മുട്ടിന് കീഴെ കാലുകള്‍ മാത്രം കാണാവുന്ന വിധത്തിലായിരുന്നു ഉണ്ടായിരുന്നത്. ആംബുലസന്‍സും സ്ഥലത്തെത്തിച്ചു. 'മൃതദേഹം' ആംബുലന്‍സിലേക്ക് കയറ്റാന്‍ നോക്കുന്നതിനിടെ ഒന്ന് അനങ്ങി. അമ്പരന്ന് പൊലീസുകാര്‍ നോക്കിനില്‍ക്കെ തല മൂടിയിരുന്ന ചാക്ക് മാറ്റി 'മൃതദേഹ'മായിരുന്ന വ്യക്തി തന്റെ മുഖം കാണിച്ചു.
ഇതെന്താണ് സംഭവം എന്ന് ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. മദ്യപിച്ച് ലക്കുകെട്ടതോടെ സമീപത്ത് നിന്ന് കിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേല്‍ക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു. അതിനെ തെറ്റിദ്ധരിക്കുകയായിരുന്നു.
അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മുര്‍ഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിന് സമീപം കിടന്ന് മയങ്ങിപ്പോയത്. യുവാവിനെ ഉപദേശിച്ച് പറഞ്ഞുവിട്ട ശേഷമാണ് പൊലീസ് സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്.
Content Highlights: Phone message confuses perumbavoor police