
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിന് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പഹൽഗാമിൽ നിരപരാധികളെ കൊന്നൊടുക്കിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ഭീകരതയോട് പുതിയ ഇന്ത്യ പ്രതികരിക്കുന്നത് ഇങ്ങനെയാണെന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിൻ്റെ പൂർണ രൂപം
ഓപ്പറേഷൻ സിന്ദൂർ: പഹൽഗാമിൽ നിരപരാധികളെ കൊന്നൊടുക്കിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാനിലുടനീളമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ച ശക്തവും കൃത്യവുമായ ആക്രമണം. ഭീകരതയോട് പുതിയ ഇന്ത്യ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെ പാകിസ്താനെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്താനിലെ ഭവല്‍പൂര്‍, മുറിട്‌കെ, സിലാല്‍കോട്ട്, കോട്‌ലി, ഭിംബീര്‍, ടെഹ്‌റകലാന്‍, മുസഫറബാദ് എന്നിവിടങ്ങളിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരടക്കം 32 പേര്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എട്ട് മരണമെന്നാണ് പാക് സൈന്യം പറയുന്നത്. ആക്രമണത്തിനുപിന്നാലെ വ്യോമാക്രമണത്തിന് സാധ്യതയുളള, പാകിസ്താന് തൊട്ടടുത്തുളള 10 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചിട്ടിരുന്നു. ഇന്ത്യയുടേത് യുദ്ധ പ്രഖ്യാപനമാണ് എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്.
Content Highlights- 'This is how a new India responds to terrorism…' Rajeev Chandrasekhar supports Operation Sindoor