
തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തുറന്ന കത്തുമായി മാവോയിസ്റ്റ് നേതാവ് രൂപേഷ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ പൊലീസ് തനിക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് രൂപേഷ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിരിക്കുന്നത്. രൂപേഷ് എഴുതിയ കത്ത് അദ്ദേഹത്തിന്റെ പങ്കാളി ഷൈനയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
അഖിലേന്ത്യാതലത്തില്‍ കേന്ദ്രതലത്തില്‍ നടന്നുവരുന്ന ഏകാധിപത്യ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ മൂലം എഴുത്തുകാരും വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയ എതിരഭിപ്രായമുള്ളവരുമടക്കം യുഎപിഎ ചുമത്തപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞു വരികയാണെന്ന് രൂപേഷ് സൂചിപ്പിക്കുന്നു. താന്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നതല്ലാതെ തനിക്കെതിരെ ചുമത്തപ്പെട്ട കേസുകളില്‍ മറ്റ് ആരോപണങ്ങള്‍ ഒന്നുമില്ലെന്നും രൂപേഷ് സൂചിപ്പിക്കുന്നു. കേരളത്തിലെയും കേന്ദ്രത്തിലെയും വിവിധ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ സത്യവാങ്മൂലങ്ങളില്‍ കുറിച്ച കേസുകളുടെ എണ്ണമോ തീവ്രതയോ പോലും തനിക്കെതിരായി ആരോപിക്കപ്പെട്ടിട്ടില്ല. താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാട് തന്നെയാണ് പത്തു കൊല്ലത്തെ ജയില്‍വാസത്തിന് ശേഷവും തന്റെ മോചനം തടയുന്നതെന്നും രൂപേഷ് പറയുന്നു
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സൂചിപ്പിച്ചതുപോലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമായി തന്നെയാണ് 10 വര്‍ഷത്തെ തടങ്കല്‍ വാസത്തിനു ശേഷവും വീണ്ടും കര്‍ണാടക കേസില്‍ താന്‍ പ്രതിചേര്‍ക്കപ്പെടുന്നതെന്ന് രൂപേഷ് പറയുന്നു. എന്നാല്‍ ഇത് സംഭവിക്കുന്നത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാരാമയ്യയുടെ കീഴിലുള്ള പൊലീസ് വിഭാഗമാണ് ചെയ്യുന്നത് എന്നത് കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നയങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നുവെന്നും രൂപേഷ് പറയുന്നു. കര്‍ണാടകയില്‍ ഇതിനുമുമ്പ് ഉണ്ടായ യെദിയൂരപ്പ/ബൊമ്മെ ഏകാധിപത്യ ഹിന്ദുത്വ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ 'ഏകദ്ദളി കര്‍ണാടക' അടക്കമുള്ള നിരവധി സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായ തുറന്നുകാണിക്കലുകള്‍ തന്നെയാണ് കോണ്‍ഗ്രസിന് അധികാരം ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. തനിക്കെതിരെ 2012ലെ കള്ളക്കേസ് ചുമത്തുന്നത് തന്റെ മോചനം തടയുക എന്നതിന്റെ ഭാഗമാണ്. ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധവും അടിയന്തരാവസ്ഥാ സമവും ആണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല വിഷയത്തില്‍ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്നും രൂപേഷ് ആവശ്യപ്പെടുന്നു.
കത്തിന്റെ പൂർണരൂപം
സര്‍,
കേരളത്തില്‍ അങ്ങ് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് 4-5-2015-ല്‍ എന്നെയും എന്റെ പങ്കാളി ഷൈനയടക്കം അഞ്ചു പേരെ തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് നിന്ന് ഒരു ചായക്കടയില്‍ വച്ച് ആന്ധ്ര സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. അങ്ങ് ഇടപെട്ടതിന്റെ ഭാഗമായാണ് അന്ന് സ്വാഭാവികമായി സംഭവിച്ചേക്കാവുന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊല ഒഴിവാക്കപ്പെട്ടത് എന്ന് പറഞ്ഞു കേട്ട അറിവുണ്ട്. ഈ ഇടപെടല്‍ മൂലമാണ് പിന്നീട് ആന്ധ്ര സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ഞങ്ങളെ തമിഴ്‌നാട് ക്യൂ-ബ്രാഞ്ച് പോലീസിനു കൈമാറിയത് എന്നറിയാന്‍ കഴിഞ്ഞു.
ഇതിനുശേഷം 10 വര്‍ഷം കടന്നുപോയി. അങ്ങയുടെ പോലീസ് കേരളത്തില്‍ എനിക്കെതിരെ 26 യുഎപിഎ കുറ്റങ്ങള്‍ ചുമത്തിയുള്ള കേസുകളില്‍ പ്രതിചേര്‍ക്കുക ഉണ്ടായി. ഇതില്‍ ഒരു കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു കര്‍ണാടക പോലീസ് 2015 ജൂണില്‍ എന്നെ ഒരു യുഎപിഎ കേസില്‍ പ്രതിചേര്‍ത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഒരു കേസ് അല്ലാതെ ഒരു പെറ്റി കേസ് പോലും ഇല്ലാതിരുന്ന തമിഴ്‌നാട്ടില്‍ എനിക്കെതിരെ 15 കള്ള കേസുകള്‍ കൂടി ചുമത്തിയിരുന്നു.
എനിക്കെതിരെ കേരളത്തില്‍ ചുമത്തിയ 25 യുഎപിഎ കേസുകളില്‍ 15 കേസുകളില്‍ വിവിധ കോടതികള്‍ എന്നെ കുറ്റവിമുക്തനാക്കിയിരുന്നു. കര്‍ണാടകയില്‍ എനിക്കെതിരെ ചുമത്തിയ കേസില്‍ ഞാന്‍ സ്വയം വാദിച്ച് 2023 മാര്‍ച്ച് മാസത്തില്‍ എന്നെ കുറ്റവിമുക്തനാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസില്‍ പത്ത് വര്‍ഷത്തെ കസ്റ്റഡി കാലയളവില്‍ ഇതുവരെയും ഒരു സാക്ഷിയെ പോലും വിസ്തരിക്കാന്‍ തയ്യാറാവാതെ നീട്ടിവലിക്കുന്നത് ബോധപൂര്‍വ്വമായ നടപടി തന്നെയാണ്. ഞങ്ങള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ തുറന്നുകാണിക്കപ്പെടും എന്നതുകൊണ്ട് തന്നെയാണ് ബോധപൂര്‍വ്വം വിചാരണ നടത്താതെ വൈകിപ്പിക്കുന്നത്. എങ്കിലും ഈ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. എന്‍.ഐ.എ ഏറ്റെടുത്ത കേസില്‍ ഒമ്പതാം വര്‍ഷത്തില്‍ തെളിവുകളുടെ അഭാവത്തിലും എന്നെ 10 വര്‍ഷം ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ എന്റെ അപ്പീല്‍ സ്വീകരിക്കപ്പെട്ടുവെങ്കിലും വാദം കേള്‍ക്കുന്നതിനു മുന്‍പ് തന്നെ 4-5-2025ന് എന്റെ ശിക്ഷ തീരുകയുണ്ടായി. ശിക്ഷിക്കപ്പെട്ട കേസില്‍ അപ്പീല്‍ വാദം കേള്‍ക്കപ്പെടുകയെന്ന മൗലികാവകാശമാണ് ഇതോടെ നിഷേധിക്കപ്പെട്ടത്. എന്നിരുന്നാലും ശിക്ഷ തീര്‍ന്നതിന്റെ ഭാഗമായി മോചനത്തിനായി ജാമ്യക്കാരെ നിര്‍ത്തുന്ന നടപടിക്രമം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
ഈ സമയത്താണ് 20-6-2025 നു കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാരാമയ്യ നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ പോലീസ് 2012-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബല്‍ത്തങ്ങാലി പോലീസ് സ്റ്റേഷനിലെ ഒരു കേസില്‍ എന്നെ പ്രതിചേര്‍ത്ത് ജയിലിലേക്ക് വാറണ്ടയച്ചത്. എന്റെ തടവു ജീവിതത്തിന്റെ 10-ാം വര്‍ഷം കേരള പോലീസ് 2013-ലെ കേസില്‍ എന്നെ പ്രതിചേര്‍ക്കുന്നതിനായി ചോദ്യം ചെയ്യാന്‍ ജയിലില്‍ വന്നിരുന്നു. പത്തുവര്‍ഷത്തിനു ശേഷവും എന്റെ മോചനം തടയുന്നതിനുള്ള കേരള പോലീസിന്റെ ഗൂഢാലോചനയാണിതെന്ന തിരിച്ചറിവില്‍ ജനാധിപത്യ ശക്തികളും എഴുത്തുകാരും ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയും പിന്നീട് കേരള പോലീസ് പിന്‍വാങ്ങുകയുമുണ്ടായി. തമിഴ്‌നാട്ടില്‍ സാധ്യമായ അത്രയും കേസുകള്‍ ചുമത്തപ്പെട്ട സാഹചര്യത്തില്‍ ഇനി കള്ളക്കേസുകള്‍ ചുമത്താന്‍ സാധിക്കാത്ത അവസ്ഥയാണ് (ജാമ്യ നടപടികള്‍ പലവിധ നൂലാമാലകള്‍ ഉന്നയിച്ച് അനന്തമായി വൈകിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും). ഈ സാഹചര്യത്തിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ പോലീസ് ഏജന്‍സികളും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും പുതിയ കേസ് ചുമത്തുന്നതിനായി കര്‍ണാടക തെരഞ്ഞെടുത്തത് എന്നു വേണം കരുതാന്‍. ഒട്ടും മൊത്തത്തില്‍ 10 വര്‍ഷത്തെ കാരാഗ്രഹ ജീവിതത്തിനു ശേഷവും മോചിപ്പിക്കപ്പെടാതിരിക്കുക എന്നത് തന്നെയാണ് 2012ലെ കര്‍ണാടക കേസ് എനിക്കെതിരെ ചുമത്തപ്പെട്ടതിന്റെ കാരണം എന്ന് മനസ്സിലാക്കാം.
അഖിലേന്ത്യാതലത്തില്‍ കേന്ദ്രതലത്തില്‍ നടന്നുവരുന്ന ഏകാധിപത്യ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ മൂലം എഴുത്തുകാരും വിദ്യാര്‍ത്ഥികളും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയ എതിരഭിപ്രായമുള്ളവരും ഒക്കെ അടിച്ചമര്‍ത്തല്‍ നിയമമായ യുഎപിഎ ചുമത്തപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞു വരികയാണ്. ഞാന്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നതല്ലാതെ എനിക്കെതിരെ ചുമത്തപ്പെട്ട കേസുകളില്‍ മറ്റ് ആരോപണങ്ങള്‍ ഒന്നുമില്ല. കേരളത്തിലെയും കേന്ദ്രത്തിലെയും വിവിധ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ സത്യവാങ്മൂലങ്ങളില്‍ കുറിച്ച കേസുകളുടെ എണ്ണമോ തീവ്രതയോ പോലും എനിക്കെതിരായി ആരോപിക്കപ്പെട്ടിട്ടില്ല. ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാട് തന്നെയാണ് പത്തു കൊല്ലത്തെ ജയില്‍വാസത്തിനു ശേഷവും എന്റെ മോചനം തടയുന്നത് അങ്ങയുടെ അഖിലേന്ത്യ അധ്യക്ഷന്‍ ഖാര്‍ഗെജി സൂചിപ്പിച്ചതുപോലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമായി തന്നെയാണ് 10 വര്‍ഷത്തെ തടങ്കല്‍ വാസത്തിനു ശേഷവും വീണ്ടും കര്‍ണാടക കേസില്‍ ഞാന്‍ പ്രതിചേര്‍ക്കപ്പെടുന്നത്. എന്നാല്‍ ഇത് സംഭവിക്കുന്നത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാരാമയ്യയുടെ കീഴിലുള്ള പോലീസ് വിഭാഗമാണ് ചെയ്യുന്നത് എന്നത് കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നയങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.
കര്‍ണാടകയില്‍ ഇതിനുമുമ്പ് ഉണ്ടായ യെദിയൂരപ്പ/ബൊമ്മെ ഏകാധിപത്യ ഹിന്ദുത്വ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ 'ഏകദ്ദളി കര്‍ണാടക' അടക്കമുള്ള നിരവധി സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായ തുറന്നുകാണിക്കലുകള്‍ തന്നെയാണ് കോണ്‍ഗ്രസിന് അധികാരം ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. എനിക്കെതിരെ 2012ലെ കള്ളക്കേസ് ചുമത്തുന്നത് എന്റെ മോചനം തടയുക എന്നതിന്റെ ഭാഗമാണ. ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധവും അടിയന്തരാവസ്ഥാ സമവും ആണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവായ അങ്ങ് ഈ വിഷയങ്ങളില്‍ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്നും എനിക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പോലീസ് ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.
Content Highlights- Maoist leader roopesh wrote letter to congress leader ramesh chennithala