
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ഭീകരവാദത്തിന് രാജ്യം ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും ഇത് ഇവിടംകൊണ്ട് അവസാനിക്കരുതെന്നും ഹിമാന്‍ഷി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയുടെ അവസാനത്തിന്റെ തുടക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹിമാന്‍ഷി ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അവരുടെ പ്രതികരണം.
'എന്റെ ഭര്‍ത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനവും സാധാരണക്കാരുടെ ജീവനും സംരക്ഷിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. രാജ്യത്ത് വിദ്വേഷവും ഭീകരതയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഭീകരതയുടെ അവസാനത്തിന്റെ തുടക്കം മാത്രമാണ് ഇതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.'- ഹിമാന്‍ഷി നര്‍വാള്‍ പറഞ്ഞു.
ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലുണ്ടായ ഭീകരാക്രമണത്തിലെ കണ്ണീര്‍ക്കാഴ്ച്ചയായിരുന്നു ഹിമാന്‍ഷിയുടെയും വിനയ്‌യുടെയും ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാള്‍ മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയതായിരുന്നു ഇരുവരും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിനയ് കൊല്ലപ്പെട്ടു. വെടിയേറ്റുവീണ വിനയ്‌യുടെ മൃതദേഹത്തിനടുത്ത് നിര്‍വികാരയായി ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം പഹല്‍ഗാം ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രമായി മാറി.
കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ ആരും നിരപരാധികളായ മുസ്‌ലിംങ്ങള്‍ക്കും കശ്മീരികള്‍ക്കുമെതിരെ തിരിയരുതെന്ന് ഹിമാന്‍ഷി അഭ്യര്‍ത്ഥിച്ചിരുന്നു. സമാധാനവും നീതിയുമാണ് നമുക്കാവശ്യമെന്നും അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഹിമാന്‍ഷി തീവ്ര ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണവും നേരിട്ടിരുന്നു.
Content Highlights: Dont end it here, make sure it is start of end of terrorism says himanshi narwal