ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഇടപെടല്‍ ഫലം കണ്ടു; 23കാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണം എത്തിച്ചതോടെയാണ് തുടര്‍നടപടിയുണ്ടായത്

dot image

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഇടപെടല്‍ ഫലം കണ്ടു. കൊല്ലം സ്വദേശിയും തിരുവനന്തപുരം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ 23കാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണം എത്തിച്ചതോടെയാണ് തുടര്‍നടപടിയുണ്ടായത്. ശസ്ത്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ യുവാവിനെ ഐസിയുവിലേക്ക് മാറ്റി. ഈ യുവാവിന്റേതടക്കം നാല് ശസ്ത്രക്രിയകളാണ് ഇന്ന് മെഡിക്കല്‍ കോളേജില്‍ നടന്നത്.

കടുത്ത വേദനയെ തുടര്‍ന്നായിരുന്നു 23കാരനായ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. ഉപകരണം തകരാറിലായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ മാറ്റിയത്. ഈ സംഭവമായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗുരുതര പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയാന്‍ ഡോ. ഹാരിസ് ചിറയ്ക്കലിനെ നിര്‍ബന്ധിതനാക്കിയത്. മകന്റെ പ്രായത്തിലുള്ള യുവാവിന്റെ ശസ്ത്രക്രിയ അവസാന നിമിഷം മുടങ്ങിയത് ഏറെ വേദനിപ്പിച്ചതായി ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. കടുത്ത വേദന കടിച്ചമര്‍ത്തിയായിരുന്നു യുവാവ് പരീക്ഷകള്‍ എഴുതിയിരുന്നതെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമായിരുന്നു ഡോക്ടര്‍ ഉന്നയിച്ചത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവം ചര്‍ച്ചയായതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഹാരിസ് ചിറയ്ക്കല്‍ പിന്‍വലിച്ചു. ഇതിന് പിന്നാലെ ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി. ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം അന്വേഷിക്കുന്നതിനായി നാലംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ ഹാരിസ് ചിറയ്ക്കലിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. അത്തരം ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇല്ലാത്ത ഉപകരണങ്ങള്‍ വളരെ വേഗം വാങ്ങി നല്‍കാറുണ്ട്. കേരളത്തെ താറടിച്ചു കാണിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം അതൃപ്തി പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlights- Surgery of 23 years old man successfully conducted in trivandrum medical college

dot image
To advertise here,contact us
dot image