

കോഴിക്കോട് : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ ജീവനെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഷഹബാസിന്റെ ഉറ്റസുഹൃത്തെന്ന് പിതാവ് ഇക്ബാൽ റിപ്പോർട്ടറിനോട് പറഞ്ഞു. തന്റെ വീട്ടിൽ ചായസൽക്കാരത്തിന് എത്തിയ കുട്ടി, ചായ കുടിച്ച ശേഷം വളരെ സന്തോഷത്തോടെ പോയ അതേ വിദ്യാർത്ഥി തന്റെ മകനെ ചതിച്ചു എന്ന് അറിഞ്ഞപ്പോൾ നെഞ്ച്പൊട്ടി പോയെന്നും പിതാവ് വികാരാധീനനായി പറഞ്ഞു. ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം ഇന്നലെയാണ് കണ്ടത്. കണ്ടപ്പോൾ തന്നെ താനും ഭാര്യയും ആകെ തകർന്നു പോയെന്നും പിതാവ് പറഞ്ഞു. തന്റെ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല. ചെയ്തിരുന്നുവെങ്കിൽ ആക്രമണത്തിന് ഒരു കാരണമെങ്കിലും ഉണ്ടായിരുന്നേനേ. ഒരു കാര്യത്തിലും ഇടപെടാത്ത, ഒരു പ്രശ്നത്തിലും പോകാത്ത തന്റെ നിരപരാധിയായ മകനെ എല്ലാവരും കൂടിച്ചേർന്ന് കൊലപ്പെടുത്തിയത് തനിക്കും കുടുംബത്തിനും താങ്ങാനാവുന്നില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് കുറ്റോരോപിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതായി അറിയാൻ സാധിച്ചത്. അതോടെ താൻ മാനസികമായി തകർന്നുപോയി. പരീക്ഷ എഴുതേണ്ട തന്റെ മകൻ മണ്ണിനടിയിൽ ഉറങ്ങുന്നുണ്ട്. കോപ്പി അടിക്കുന്നവരെ പോലും പരീക്ഷ എഴുതാൻ അനുവദിക്കാത്ത സമൂഹത്തിൽ ക്രൂരമായ കൊലപാതകം നടത്തിയവരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിലൂടെ നൽകുന്ന സന്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഇക്ബാൽ പറഞ്ഞു. അവർ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടന്നു. മകനെ കൊന്നവർ സുരക്ഷിതർ. അവർ പരീക്ഷ എഴുതുന്നു. ഈ വർഷം പരീക്ഷ എഴുതാൻ അനുമതി നൽകാതെ അടുത്ത വർഷം പരീക്ഷ എഴുതിച്ചിരുന്നുവെങ്കിൽ അതൊരു ഗുണപാഠം ആകുമായിരുന്നില്ലേ എന്നും ഇക്ബാൽ ചോദിച്ചു.
ഇത്തരം ക്രൂരകൃത്യം ചെയ്യാൻ മടിയില്ലാത്തവർ നാളെ കലാലയത്തിലെത്തുമ്പോൾ തോക്കുമായി മറ്റുള്ളവരെ വെടിവെച്ചു കൊല്ലുമെന്നും ശിക്ഷ ലഭിക്കുമെന്ന പേടി പോലും കൊലയാളികൾക്ക് ഉണ്ടാകില്ലെന്നും ഇക്ബാൽ റിപ്പോർട്ടറിനോട് പറഞ്ഞു. തന്റെ മകൻ പോയി ഇനി ഒരു രക്ഷകർത്താവിനും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷൻ സംഘത്തിലുള്ള ഗുണ്ടാത്തലവനാണ് ഒരു കുട്ടിയുടെ പിതാവ്. മറ്റ് കുട്ടികളുടെ വീട്ടുകാർക്കെല്ലാം നല്ല സ്വാധീനവും പൈസയും ഉള്ളവരാണ്. തങ്ങൾക്ക് സ്വാധീനമോ പണമോ ഇല്ല. എങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ഷഹബാസിന്റെ പിതാവ് പറയുന്നു. എങ്ങനെ മുന്നോട്ടു പോകണം എന്ന് അറിയില്ല. പരീക്ഷ എഴുതാൻ അനുവദിച്ചതോടെ നീതി നിഷേധിക്കപ്പെട്ടു. ആക്രമണത്തിന് മുതിർന്നവരുടെ പിന്തുണ കുട്ടികൾക്ക് ലഭിച്ചു. അവരുടെയൊക്കെ ഉന്നത സ്വാധീനം കൊണ്ട് കേസ് ഇല്ലാതാകുമോ എന്ന ഭയമുണ്ടെന്ന ആശങ്കയും ഇക്ബാൽ പ്രകടിപ്പിച്ചു.
കുറ്റകൃത്യങ്ങൾ ചെയ്യാൻ തയ്യാറായവർക്കുള്ള ഗുണപാഠമായിരിക്കണം തന്റെ മകനെ കൊലപ്പെടുത്തിയവർക്കുള്ള ശിക്ഷാവിധിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസവും ഷഹബാസിന്റെ പിതാവ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മകനെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ കഴിഞ്ഞ വർഷം ജനുവരി ആറിന് താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തെ ട്രിസ് ട്യൂഷൻ സെൻ്ററിൽ നിന്നും ഇറങ്ങി വരികയായിരുന്ന പെൺകുട്ടികൾ അടക്കമുള്ള വരെ മർദ്ദിച്ച കേസിലെ പ്രതികളാണെന്നും ഇവരുടെ രക്ഷിതാക്കളും മക്കൾക്ക് പിന്തുണയുമായി കൂടെയുണ്ടായിരുന്നു എന്നും ഇക്ബാൽ പറയുന്നു. കുട്ടികളെ അടിച്ചതിലും ഇവർക്ക് പങ്കുണ്ടായിരുന്നു. എന്നാൽ ഈ കേസ് പിന്നീട് ഒതുക്കുകയായിരുന്നു.
താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടും ഒൻപതും ക്ലാസുകളിലെ കുട്ടികൾ തമ്മിൽ ജനുവരി അഞ്ചിന് നടന്ന അടിപിടിയിൽ പങ്കെടുത്തവരെ തിരിച്ചടിക്കാനാണ് രക്ഷിതാക്കളുടെ പിന്തുണയോടെ ഈ കുട്ടികളും എത്തിയിരുന്നത്. അന്ന് നിലവിലെ കേസിലെ പ്രതികളായ മൂന്നു പേർ ഒൻപതാം ക്ലാസിൽ ആയിരുന്നു. എട്ടാം ക്ലാസ് കുട്ടികളെയായിരുന്നു രക്ഷിതാക്കൾ അടക്കം ചേർന്ന് മർദ്ദിച്ചത്. ഇത്തരത്തിൽ മക്കൾക്ക് രക്ഷിതാക്കൾ പിന്തുണ നൽകിയതും, ശക്തമായ നടപടി സ്വീകരിക്കാതിരുന്നതുമാണ് നിലവിലെ രീതിയിൽ കുട്ടികൾ കൊലപാതകികൾ ആകാൻ കാരണമായതെന്നും ഷഹബാസിന്റെ പിതാവ് പറയുന്നു.
അതേസമയം പ്രതികളിൽ ഒരാളുടെ പിതാവ് ടി പി കേസ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇന്നലെ പുറത്തുവന്നു. ഇന്നലെ പ്രതികളുടെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്കും കണ്ടെടുത്തു. ആയുധങ്ങളും കൂടുതൽ ഡിജിറ്റൽ തെളിവുകളും കണ്ടെത്താനുള്ള പരിശോധനയാണ് അന്വേഷണസംഘം നടത്തിയത്.
താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു.
അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
content highlights : ' son's life was taken by the boy who came to the tea party at home, the best friend cheated him'; Heartbroken father