ഇന്ത്യ-ഇന്തോനേഷ്യ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിക്കും; യുപിഐ ഇനി ഇന്തോനേഷ്യയിലും

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും നടത്താനാകും

ഇന്ത്യ-ഇന്തോനേഷ്യ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിക്കും; യുപിഐ ഇനി ഇന്തോനേഷ്യയിലും
dot image

ഇന്ത്യയും ഇന്തോനേഷ്യയും തങ്ങളുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാന്‍ ധാരണയായി. ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും നടത്താനാകും.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്. മോദിയുടെ മൂന്ന് ദിവസത്തെ ഇന്തോനേഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഈ ധാരണയിലെത്തിയത്.

ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് സംവിധാനത്തെ ഇന്തോനേഷ്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവുമായി യോജിപ്പിക്കുന്നതിലൂടെ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനുമായി കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ആഗോള വ്യാപനത്തിനും ഇത് സഹായകമാകും.

നിലവില്‍ യുഎഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, മൗറീഷ്യസ്, ഖത്തര്‍ എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളിലധികം ഇന്ത്യയുടെ യുപിഐ സേവനം ലഭ്യമാണ്. കൂടാതെ, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് 23 രാജ്യങ്ങളുമായി ഇന്ത്യ ധാരണാപത്രങ്ങളിലോ സഹകരണ കരാറുകളിലോ ഒപ്പുവെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2016-17 സാമ്പത്തിക വര്‍ഷത്തിലെ 2 കോടി യുപിഐ ഇടപാടുകളില്‍ നിന്ന് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 241.62 ബില്യണ്‍ ഇടപാടുകളിലേക്ക് വളര്‍ച്ചയുണ്ടായി. ഇടപാടുകളുടെ മൂല്യം 0.07 ട്രില്യണ്‍ രൂപയില്‍ നിന്ന് ഏകദേശം 314 ട്രില്യണ്‍ വരെയായി ഉയര്‍ന്നു.

പ്രതിരോധം ഉള്‍പ്പെടെ നിരവധി കരാറുകള്‍

ഡിജിറ്റല്‍ പേയ്‌മെന്റിന് പുറമെ പ്രതിരോധം, ആരോഗ്യം, നിര്‍മ്മാണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇന്ത്യയും ഇന്തോനേഷ്യയും സഹകരണം വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇന്തോനേഷ്യയ്ക്ക് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം വിതരണം ചെയ്യുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കൂടാതെ, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷയും സുരക്ഷിതത്വവും ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും കോസ്റ്റ് ഗാര്‍ഡുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും ധാരണയായി.

Content Highlights: India and Indonesia will link their digital payment systems, enabling seamless UPI-based cross-border transactions, while also strengthening strategic ties through agreements on BrahMos missiles, defence, healthcare and maritime security

dot image
To advertise here,contact us
dot image