കിലിയന്‍ എംബാപ്പെക്കെതിരെയുള്ള വംശീയ അധിക്ഷേപത്തെ ശക്തമായി അപലപിച്ച് ഫിഫ പ്ലെയേഴ്‌സ് വോയ്സ് പാനല്‍

ഫ്രാന്‍സ്-പാരഗ്വായ് മത്സരത്തില്‍ ഫ്രഞ്ചുസംഘം വിജയിച്ചതിന് പിന്നാലെയാണ് അധിക്ഷേപമുണ്ടായത്

കിലിയന്‍ എംബാപ്പെക്കെതിരെയുള്ള വംശീയ അധിക്ഷേപത്തെ ശക്തമായി അപലപിച്ച് ഫിഫ പ്ലെയേഴ്‌സ് വോയ്സ് പാനല്‍
dot image

ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പരാഗ്വെയ്ക്കെതിരെ ഫ്രാന്‍സ് 1-0 ന് വിജയിച്ചതിന് പിന്നാലെ, ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെക്കെതിരെ ഉണ്ടായ വംശീയ അധിക്ഷേപത്തെ ഫിഫ പ്ലെയേഴ്‌സ് വോയ്സ് പാനല്‍ ശക്തമായി അപലപിച്ചു. ഈ അധിക്ഷേപങ്ങള്‍ മനുഷ്യന്റെ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് പാനല്‍ വിശേഷിപ്പിച്ചു. ഫുട്‌ബോളില്‍ നിന്ന് വംശീയതയും എല്ലാത്തരം വിവേചനങ്ങളും തുടച്ചുനീക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയും പാനല്‍ ആവര്‍ത്തിച്ചു.

ഫ്രാന്‍സ്-പാരഗ്വായ് മത്സരത്തിന് ശേഷം പാരഗ്വന്‍ സെനറ്റര്‍ സെലസ്റ്റെ അമരില്ല സോഷ്യല്‍ മീഡിയയില്‍ എംബാപ്പെയെ ലക്ഷ്യമിട്ട് വംശീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇത് ഫുട്‌ബോള്‍ അധികാരികളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. 'ഞങ്ങള്‍ കിലിയന്‍ എംബാപ്പെയ്‌ക്കൊപ്പം പൂര്‍ണമായി നിലകൊള്ളുന്നു. ഈ നിന്ദ്യമായ അധിക്ഷേപത്തെ അപലപിക്കുന്നു. ഫുട്‌ബോള്‍ എപ്പോഴും ആദരവിന്റെയും ഉള്‍ക്കൊള്ളലിന്റെയും ഐക്യത്തിന്റെയും കളിയായിരിക്കണം,' -ഫിഫ പ്ലെയേഴ്‌സ് വോയ്സ് പാനല്‍ പ്രസ്താവനയില്‍ പറയുന്നു. 'ഫുട്‌ബോള്‍ എപ്പോഴും ആദരവിന്റെയും ഉള്‍ക്കൊള്ളലിന്റെയും ഐക്യത്തിന്റെയും കളിയായിരിക്കണം. ഒരു തരത്തിലുള്ള വിവേചനത്തോടും സഹിഷ്ണുത കാണിക്കാന്‍ കഴിയില്ല. ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. വംശീയതയ്ക്ക് ഒരിക്കലും ഈ കളിയുടെ ഭാഗമാകാന്‍ കഴിയില്ല. ഇതൊരു കുറ്റകൃത്യമാണ്,' -പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, പാരഗ്വായ് സെനറ്റര്‍ സെലസ്റ്റെ അമരില്ലയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നിലപാടെടുത്ത കിലിയന്‍ എംബാപ്പെയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പിന്തുണച്ചിരുന്നു. എംബാപ്പെ ഇത്തവണ വംശീയതയ്ക്കെതിരെ 'മറ്റൊരു ഗോള്‍' കൂടിയാണ് നേടിയതെന്ന് മാക്രോണ്‍ പറഞ്ഞു. 'കിലിയന്‍ എംബാപ്പെയ്ക്ക് മറ്റൊരു ഗോള്‍ കൂടി. ഇത്തവണ വംശീയതയ്ക്കെതിരെയാണ്. എന്റെ എല്ലാ പിന്തുണയും നല്‍കുന്നു. വാക്കുകള്‍ മലിനമാക്കുമ്പോള്‍, നമ്മുടെ മൂല്യങ്ങള്‍ പ്രതികരിക്കുന്നു. അന്തസ്സ്, ബഹുമാനം, സാഹോദര്യം' -മാക്രോണ്‍ എക്‌സില്‍ കുറിച്ചു.

content highlights: FIFA Players' Voice panel strongly condemns racist abuse against Kylian Mbappé

dot image
To advertise here,contact us
dot image