വെസ്റ്റ് ബാങ്കിൽ ആരോഗ്യപ്രവർത്തകർക്ക് നേരയുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ 350% വർദ്ധനവ്

കഴിഞ്ഞ വർഷം മാത്രം വെസ്റ്റ് ബാങ്കിലെ ആരോഗ്യമേഖലയ്ക്ക് നേരെ 233 ആക്രമണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 165 എണ്ണവും ആംബുലൻസുകൾ തടഞ്ഞതുമായി ബന്ധപ്പെട്ടതാണ്

വെസ്റ്റ് ബാങ്കിൽ ആരോഗ്യപ്രവർത്തകർക്ക് നേരയുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ 350% വർദ്ധനവ്
Medics in West Bank
dot image

വെസ്റ്റ് ബാങ്ക്: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ആരോഗ്യ പ്രവർത്തകർക്കും ആംബുലൻസുകൾക്കും നേരയുള്ള ഇസ്രായേലി പട്ടാളക്കാരുടെയും കുടിയേറ്റക്കാരുടെയും ആക്രമണത്തിൽ 350% വർദ്ധനവ് ഉണ്ടായാതായി റിപ്പോർട്ടുകൾ. ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രായേൽ (PHRI) എന്ന മനുഷ്യാവകാശ സംഘടനയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ആരോഗ്യപ്രവർത്തകരാണെന്ന് വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന യൂണിഫോമിലും വാഹനങ്ങളിലുമെത്തുന്നവരെ പോലും ഇസ്രായേൽ സൈന്യം ക്രൂരമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ.

അന്വേഷണത്തിന്‍റെ ഭാഗമായി 25 ആരോഗ്യപ്രവർത്തകരുമായി സംഘടന അഭിമുഖം നടത്തിയിരുന്നു. നബ്ലസ് മേഖലയിൽ നിന്നുള്ള ഒരു പാരാമെഡിക്കൽ ജീവനക്കാരൻ പങ്കുവെച്ച അനുഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്; 'പരിക്കേറ്റു കിടന്ന ഒരാളുടെ തൊട്ടടുത്താണ് ഞാൻ നിന്നിരുന്നത്. എനിക്ക് നിഷ്പ്രയാസം അയാളുടെ അടുത്തെത്താമായിരുന്നു. പക്ഷേ ഇസ്രായേൽ സൈനികർ എന്നെ തടഞ്ഞു. രക്തം വാർന്ന് അയാൾ മരിക്കുന്നതുവരെ അവർ എന്നെ വിട്ടില്ല. അയാൾ മരിച്ചെന്ന് ഉറപ്പായ ശേഷമാണ് സൈനികർ അവിടെനിന്ന് പോയതും ഞങ്ങൾക്ക് മൃതദേഹത്തിനടുത്തെത്താൻ കഴിഞ്ഞതും.'

തോക്കുചൂണ്ടിയുള്ള ഭീഷണി, ശാരീരിക മർദ്ദനം, അസഭ്യവർഷം, അപമാനകരമായ ദേഹപരിശോധന എന്നിവ പതിവാണെന്ന് ആരോഗ്യപ്രവർത്തകർ വെളിപ്പെടുത്തി. 'ഓരോ ഫോൺ കോളും വലിയൊരു അപകടത്തിലേക്കുള്ള വിളിയാണ്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തിരികെ വരുമെന്ന് യാതൊരു ഉറപ്പുമില്ല,' ഒരു ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ഭീഷണികൾക്കും ആക്രമണങ്ങൾക്കും ഇടയിൽ നിന്നുകൊണ്ടുതന്നെ രോഗികളെ ചികിത്സിക്കാൻ ആരോഗ്യപ്രവർത്തകർ പലപ്പോഴും നിർബന്ധിതരാകുന്നുണ്ട്.

Israeli soldiers inspecting Ambulance in Palestine
പലസ്തീനിൽ ആംബുലൻസ് പരിശോധിക്കുന്ന ഇസ്രായേലി സൈനികർ

2023 ഒക്ടോബർ 7ന് ഗാസയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കിലും സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട് തയ്യാറാക്കിയ ഇമ്രാൻ അനാതി ചൂണ്ടിക്കാട്ടി. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, പലസ്തീനിലെ അടിയന്തര വൈദ്യസഹായ സംവിധാനങ്ങളെ ആസൂത്രിതമായി തകർക്കാനുള്ള നീക്കമാണെന്നും അദ്ധേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മാത്രം വെസ്റ്റ് ബാങ്കിലെ ആരോഗ്യമേഖലയ്ക്ക് നേരെ 233 ആക്രമണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 165 എണ്ണവും ആംബുലൻസുകൾ തടഞ്ഞതുമായി ബന്ധപ്പെട്ടതാണ്. ആംബുലൻസുകൾ ദീർഘദൂരം ചുറ്റിസഞ്ചരിക്കേണ്ടി വരുന്നതിനാൽ പല രോഗികളും വഴിമധ്യേ മരിക്കുന്നതും ഗർഭിണികൾ ആശുപത്രിക്ക് പുറത്ത് പ്രസവിക്കേണ്ടി വരുന്നതും പതിവായിരിക്കുകയാണ്.

Content Highlights: A new report by Physicians for Human Rights Israel alleges a sharp rise in attacks on medical workers and ambulances in the occupied West Bank, citing threats, assaults and delays in emergency care.

dot image
To advertise here,contact us
dot image