

ന്യൂഡല്‍ഹി: വരാനിരിക്കുന്ന സെന്‍സസില്‍ സംസ്കൃതം മാതൃഭാഷയായോ അറിയാവുന്ന ഭാഷകളിലൊന്നായോ രേഖപ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന രാജ്യവ്യാപക ക്യാമ്പയിന് തുടക്കമിട്ട് സെന്‍ട്രല്‍ സംസ്കൃത സര്‍വകലാശാല. 'മമ ഭാഷാ സംസ്കൃതം' എന്ന പേരിലുള്ള പ്രചാരണത്തിലൂടെ 10 കോടി ആളുകളിലേക്ക് എത്തുകയാണ് ലക്ഷ്യം. 2011ലെ സെന്‍സസ് പ്രകാരം 24,821 പേര് മാത്രമാണ് സംസ്കൃതം മാതൃഭാഷയായി രേഖപ്പെടുത്തിയത്. അധിക ഭാഷയായി സംസ്കൃതം അറിയുന്നവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഭാഷയെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയും വരാനിരിക്കുന്ന സെന്‍സസില്‍ സംസ്കൃതത്തെ കൃത്യമായി രേഖപ്പെടുത്താന്‍ പ്രേരിപ്പിക്കുകയുമാണ് പ്രചാരണത്തിന്റെ ലക്ഷ്യം.
സെന്‍സസ് ചോദ്യാവലിയിലെ 14ാം ചോദ്യത്തില്‍ മാതൃഭാഷയും അറിയാവുന്ന മറ്റ് ഭാഷകളും രേഖപ്പെടുത്തണം. സംസ്കൃതം മാതൃഭാഷയായവര്‍ അങ്ങനെ തന്നെ രേഖപ്പെടുത്തണമെന്നും ഭാഷ അറിയുന്ന മറ്റുള്ളവര്‍ അധിക ഭാഷകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വരഖേഡി അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ ഭാഷാ വൈവിധ്യവും സംസ്കൃതത്തിന്റെ സാമൂഹിക സാന്നിധ്യവും മനസ്സിലാക്കാന്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയുടെ ആസ്ഥാനവും ക്യാമ്പസുകളും മാതൃകാ കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും സംസ്കൃത വിദ്യാലയങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും പ്രചാരണത്തിന്റെ ഭാഗമാകും. സ്കൂളുകള്‍, കോളേജുകള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങളില്‍ പ്രചാരണവും വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തും. സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഇതിനായി ഉപയോഗിക്കും.
ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തില്‍ സംസ്കൃതത്തിന് നിര്‍ണായക സ്ഥാനമുണ്ടെന്ന് വരഖേഡി പറഞ്ഞു. വേദങ്ങള്‍, ഉപനിഷത്തുകള്‍, ആയുര്‍വേദം, യോഗ, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സംസ്കൃതത്തിലുള്ള വിപുലമായ അറിവുകളും സാഹിത്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭാഷകളെ സമ്പന്നമാക്കുകയും രാജ്യത്തിന്റെ സാംസ്കാരിക ഐക്യത്തിന് ശക്തമായ അടിത്തറയാകുകയും ചെയ്ത ഭാഷയാണ് സംസ്കൃതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Central Sanskrit University has launched a nationwide campaign titled 'Mama Bhasha Sanskritam' to encourage people to record Sanskrit as their mother tongue or one of the languages they know in the upcoming Census. The campaign aims to reach 10 crore people and increase awareness about Sanskrit. According to the 2011 Census, only 24,821 people reported Sanskrit as their mother tongue, excluding those who knew it as an additional language. The initiative seeks to promote accurate recognition of Sanskrit in the forthcoming Census.