

തെഹ്റാന്: ഒമാന്‍ സമീപം രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ അജ്ഞാത പ്രൊജക്ടൈലുകള്‍ പതിച്ചതായി ബ്രിട്ടീഷ് മാരിടൈം അധികൃതര്‍ അറിയിച്ചു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ ശനിയാഴ്ചയാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) പറയുന്നതനുസരിച്ച്, ഒമാനിലെ വടക്കന്‍ തീരത്തുള്ള ഖസബ് തുറമുഖത്തിന് ഏകദേശം 20 കിലോമീറ്റര്‍ വടക്ക് ഒരു എണ്ണക്കപ്പലിന്റെ പിന്‍ഭാഗത്താണ് പ്രൊജക്ടൈല്‍ പതിച്ചത്. ഖസബിന് ഏകദേശം 31 കിലോമീറ്റര്‍ കിഴക്കായി മറ്റൊരു കപ്പലിന്റെ എന്ജിന് റൂമിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. ആളപായമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമിക വിവരം. രണ്ട് സംഭവങ്ങളിലും വ്യത്യസ്ത കപ്പലുകളാണോ ഉള്‍പ്പെട്ടതെന്ന് വ്യക്തമല്ല.
ഹോര്‍മൂസ് കടലിടുക്കിന് കിഴക്കുള്ള നിയന്ത്രിത മേഖലയിലെ നേവൽ മൈനില്‍ (Naval Mine) തട്ടി ഒരു എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാന് നാവികസേനയും അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച കപ്പല്‍, തിരിച്ചറിയല്‍ സംവിധാനങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമാക്കി സഞ്ചരിച്ചിരുന്നുവെന്നാണ് ഇറാന്റെ ആരോപണം. ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ വഴിയാണ് പ്രസ്താവന പുറത്തുവിട്ടത്. ഈ വിവരങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല. തീ പിടിച്ച കപ്പല്‍ യുകെഎംടിഒ റിപ്പോര്‍ട്ട് ചെയ്ത രണ്ട് സംഭവങ്ങളില്‍ ഉള്‍പ്പെട്ടതാണോ എന്ന കാര്യവും വ്യക്തമല്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഏകദേശം 25 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ശരാശരി ദിവസേന മൂന്ന് സംഭവങ്ങള്‍ വീതം ഉണ്ടായിട്ടുണ്ടെന്നുമാണ് ഇറാന് സൈന്യത്തിന്റെ പ്രസ്താവനകളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്നും അതിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ തങ്ങളുമായി പൂര്‍ണ ഏകോപനം നടത്തണമെന്നും നിശ്ചയിച്ച പാതകള്‍ പിന്തുടരണമെന്നും ഇറാന് ആവശ്യപ്പെടുന്നു. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കപ്പലുകള്‍ ആക്രമിക്കപ്പെടുകയോ ഇറാന്റെ സൈന്യമോ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) സ്ഥാപിച്ച കടല്‍ മൈനുകളില്‍ തട്ടുകയോ ചെയ്യാമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇറാന് എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ മറ്റ് രാജ്യങ്ങള്‍ക്കും കടലിലൂടെയുള്ള വ്യാപാരം തടസ്സപ്പെടുമെന്ന് സന്ദേശം നല്‍കാനാണ് തെഹ്റാന് സംഘര്‍ഷം ശക്തമാക്കുന്നതെന്നാണ് വിലയിരുത്തല്‍. ഗള്‍ഫിനെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പാതകളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കടലിടുക്കില്‍ നിയന്ത്രണം ഉറപ്പാക്കാനും ഇറാന് ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇറാന്റെ നിയന്ത്രണ നീക്കങ്ങള്‍ക്ക് മറുപടിയായി അമേരിക്ക ഇറാന്റെ തുറമുഖങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ഹോര്‍മൂസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ കടന്നുപോകുമ്പോള്‍ സുരക്ഷയ്ക്കായി നാവികസേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ആഗോള ഊര്‍ജ വിതരണത്തിന് നിര്‍ണായകമായ ഈ പാതയിലെ സംഘര്‍ഷം വര്‍ധിക്കുന്നത് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വാഷിങ്ടണും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ വാണിജ്യ കപ്പലുകളും പ്രതിസന്ധിയിലായിരിക്കുകയാണ്.
Content Highlights: Two oil tankers were reportedly hit by unidentified projectiles near Oman's northern coast amid restrictions on shipping through the Strait of Hormuz. According to UK Maritime Trade Operations (UKMTO), one incident occurred about 20 km north of Khasab port, while another was reported around 31 km east of the port, involving damage to an engine room. No casualties were reported, and it remains unclear whether the incidents involved two separate vessels.