ഗര്‍ഭിണിയായിരിക്കെ ഓടിയത് ഏഴ് മാരത്തണുകളില്‍; അപൂര്‍വ നേട്ടവുമായി ന്യൂയോര്‍ക്കുകാരി ഡെയ്‌ദ്രെ കീന്‍

നാല് മണിക്കൂര്‍ ആറ് മിനിറ്റ് 55 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്

ഗര്‍ഭിണിയായിരിക്കെ ഓടിയത് ഏഴ് മാരത്തണുകളില്‍; അപൂര്‍വ നേട്ടവുമായി ന്യൂയോര്‍ക്കുകാരി ഡെയ്‌ദ്രെ കീന്‍
dot image

വാഷിങ്ടണ്‍: ഗര്‍ഭിണിയായിരിക്കെ 2026ല്‍ ലോകത്തിലെ ഏഴ് പ്രമുഖ മാരത്തണുകളും പൂര്‍ത്തിയാക്കി 38കാരിയായ ഡെയ്‌ദ്രെ കീന്‍. 34 ആഴ്ച ഗര്‍ഭിണിയായിരിക്കെയാണ് സ്വന്തം നാട്ടില്‍ നടന്ന ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ കീന്‍ പൂര്‍ത്തിയാക്കിയത്. നാല് മണിക്കൂര്‍ ആറ് മിനിറ്റ് 55 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഡോക്ടറുടെ അനുമതിയോടെയായിരുന്നു ഈ നേട്ടം.

Also Read:

മാരത്തണ്‍ ഓട്ടത്തില്‍ നേരത്തെ തന്നെ 60ലധികം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്ന കീന്‍, 2026ല്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. വേള്‍ഡ് മാരത്തണ്‍ മേജേഴ്സിലെ ഏഴ് മത്സരങ്ങള്‍ ഉള്‍പ്പെടെ 11 മത്സരങ്ങളില്‍ പങ്കെടുക്കാനായിരുന്നു ആദ്യം പദ്ധതി. എന്നാല്‍ ഏപ്രിലില്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പദ്ധതിയില്‍ മാറ്റം വരുത്തി. ടോക്കിയോ, ബോസ്റ്റണ്‍, ലണ്ടന്‍ മാരത്തണുകള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ബ്രയാനുമായി ആലോചിച്ച് കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അയര്‍ലന്‍ഡിലെ മത്സരത്തിന്റെ വേഗം കുറയ്ക്കുകയും അയണ്‍മാന്‍ മത്സരവും രണ്ടാമത്തെ അള്‍ട്രാ മാരത്തണും ഒഴിവാക്കുകയും ചെയ്തു.

Deirdre Keane
ഡെയ്‌ദ്രെ കീന്‍ മാരത്തണിൽ പങ്കെടുക്കുന്നു

ഓട്ടം തുടരാന്‍ ഡോക്ടര്‍ അനുമതി നല്‍കിയെങ്കിലും പോഷകാഹാരം, ജലാംശം എന്നിവ ഉറപ്പാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പേശിവലിവ് ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ മാരത്തണ്‍ നിര്‍ത്തണമെന്നും നിര്‍ദേശിച്ചിരുന്നു. 25 ആഴ്ച ഗര്‍ഭിണിയായിരിക്കെ സിഡ്നി മാരത്തണും 29 ആഴ്ചയില്‍ ബെര്‍ലിന്‍ മാരത്തണും പൂര്‍ത്തിയാക്കി. 31 ആഴ്ചയില്‍ ചിക്കാഗോ മാരത്തണും ഓടി. 34 ആഴ്ച ഗര്‍ഭിണിയായിരിക്കെയാണ് ന്യൂയോര്‍ക്ക് സിറ്റി മാരത്തണില്‍ പങ്കെടുത്തത്. നാല് മണിക്കൂര്‍ ആറ് മിനിറ്റ് 55 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.

നേരത്തെ മാരത്തണുകളിലും അള്‍ട്രാ മാരത്തണുകളിലുമായി 74 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അനുഭവസമ്പത്തും കീനിന് കരുത്തായി. വേഗം കൂട്ടാന്‍ ശ്രമിക്കാതെ ശരീരത്തിന്റെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചായിരുന്നു ഓട്ടം. ആവശ്യമായി വന്നാല്‍ നടക്കാനും തയ്യാറായിരുന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തും ലക്ഷ്യബോധവും കുഞ്ഞിനും പകര്‍ന്നുനല്‍കണമെന്നാണ് കീനിന്റെ ആഗ്രഹം.

Content Highlights: 38-year-old Deirdre Keane from New York has completed all seven World Marathon Majors in 2026 while pregnant, finishing the New York City Marathon at 34 weeks with her doctor's approval. Her remarkable achievement highlights determination, endurance and the importance of prioritising health while pursuing personal goals

dot image
To advertise here,contact us
dot image