

ടെല്‍അവീവ്: ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഗാഡി ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ ലഭിച്ചു. ഞായറാഴ്ച സര്‍ക്കാര്‍ രൂപീകരണ ചുമതല ഏല്‍പ്പിക്കുമെന്നു ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അറിയിച്ചു.
ഒക്ടോബര്‍ 27ന് നടന്ന ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി നെതന്യാഹുവിനോ മുന്‍ സൈനിക മേധാവിയായ ഗാഡി ഐസന്‍കോട്ടിനോ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ആവശ്യമായ പിന്തുണ നേടാനായില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നേതാവിനെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വം പ്രസിഡന്റ് ഐസക് ഹെര്‍സോഗിനാണ്. ഈ ചുമതല പ്രസിഡന്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയും രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകളില്‍ 120 അംഗ പാര്‍ലമെന്റിലെ 67 അംഗങ്ങള്‍ ഗാഡി ഐസന്‍കോട്ടിനെ പിന്തുണച്ചു. 46 അംഗങ്ങള്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെയും പിന്തുണച്ചു.
എന്നാല്‍ കണക്കുകള്‍ നിലവില്‍ ഐസന്‍കോട്ടിന് അനുകൂലമാണെങ്കിലും വിവിധ രാഷ്ട്രീയ മുന്നണികള്‍ക്കുള്ളിലും അവ തമ്മിലും പരസ്പര എതിര്‍പ്പുകളുണ്ടെന്ന് ഹെര്‍സോഗ് പറഞ്ഞു. അതിനാല്‍ ആര്‍ക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സാധ്യതയെന്ന് ഉറപ്പിക്കാനുമാകില്ല. ഞായറാഴ്ച അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പാര്‍ട്ടി നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.

പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്ന നേതാവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസമാണ് ആദ്യം ലഭിക്കുക. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടിനല്‍കാം. അതായത് പരമാവധി 42 ദിവസമാണ് ലഭിക്കുക. പുതിയ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ നെതന്യാഹു കാവല്‍ പ്രധാനമന്ത്രിയായി തുടരും. ആരും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ വിജയിച്ചില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
120 അംഗങ്ങളുള്ള ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്. പാര്‍ട്ടിക്ക് 27 സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ സഖ്യത്തിന് ആകെ ലഭിച്ചത് 53 സീറ്റുകള്‍ മാത്രമാണ്. നെതന്യാഹുവിനെ എതിര്‍ക്കുന്ന ഐസന്‍കോട്ടിന്റെ സഖ്യത്തിന് 48 സീറ്റുകളാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സര്‍വേകള്‍ ഇരു മുന്നണികളും തമ്മില്‍ കടുത്ത മത്സരമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ഫലം കൂടുതല്‍ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ഇസ്രായേലിലെ അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന രണ്ട് പാര്‍ട്ടികള്‍ക്ക് ചരിത്രത്തിലാദ്യമായി ആകെ 19 സീറ്റുകള്‍ ലഭിച്ചു.
നെതന്യാഹുവിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂദായിസം പാര്‍ട്ടി, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് അറിയിച്ചതും നെതന്യാഹുവിന് തിരിച്ചടിയായി. ഐസന്‍കോട്ടും നെതന്യാഹുവും അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നാണ് ഇതുവരെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇരു അറബ് പാര്‍ട്ടികളും ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അദ്ദേഹത്തിന് 67 എംപിമാരുടെ പിന്തുണ ലഭിച്ചു.

അതേസമയം, അധികാരം നഷ്ടപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍, തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടിപ്പ് നടന്നുവെന്ന ആരോപണം നെതന്യാഹു ഉയര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ നെതന്യാഹു ശ്രമിക്കുന്നുവെന്നുള്ള വിമര്‍ശനവും ഉയരുകയാണ്. അറബ് പാര്‍ട്ടികള്‍ വോട്ട് കൊള്ള നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് അതിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് നെതന്യാഹുവും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും ശ്രമിക്കുന്നതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേലിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Gadi Eisenkot secures backing from 67 lawmakers, challenging Benjamin Netanyahu's grip on power as Israel faces a political deadlock over government formation