

ടൊപേക: അമേരിക്കന്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍സിന്റെ തട്ടകമായ കാന്‍സസിലും കരുത്തുകാട്ടി ഡെമോക്രാറ്റുകള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ റോജര്‍ മാര്‍ഷലിനെ പരാജയപ്പെടുത്തി ആദം ഹാമില്‍ട്ടണ്‍ കാന്‍സസില്‍ വിജയിച്ചതായി ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1932ന് ശേഷം ഇതാദ്യമായാണ് കാന്‍സസില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.
2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് 16 ശതമാനത്തിലധികം പോയിന്റുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച, തുടക്കത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനായാസം വിജയിക്കാനാകുമെന്ന് കരുതിയിരുന്ന സംസ്ഥാനത്ത് ഡെമോക്രാറ്റുകള്‍ നേടിയ ശ്രദ്ധേയമായ മുന്നേറ്റം, ട്രംപിനേറ്റ രാഷ്ട്രീയ തിരിച്ചടി കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ യുണൈറ്റഡ് മെത്തഡിസ്റ്റ് സഭയായ 'ചര്‍ച്ച് ഓഫ് ദി റെസറക്ഷന്റെ' (Church of Resurrection) സ്ഥാപക പാസ്റ്റര്‍ എന്ന നിലയിലുള്ള പ്രശസ്തി ഉയര്‍ത്തിക്കാട്ടിയാണ് മിതവാദിയായ ആദം ഹാമില്‍ട്ടണ്‍ പ്രചാരണം നടത്തിയത്. തന്നെ തീവ്ര ഇടതുപക്ഷക്കാരനായി ചിത്രീകരിച്ച റിപ്പബ്ലിക്കന്‍ പ്രചാരണങ്ങളെ പൂര്‍ണമായും തള്ളിയ അദ്ദേഹം, സ്വതന്ത്ര ചിന്താഗതിക്കാരനായ ഡെമോക്രാറ്റ് എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ദേശീയ പാര്‍ട്ടി നേതാക്കളില്‍ നിന്നും അകലം പാലിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്.
2020ല്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുന്‍ ഗൈനക്കോളജിസ്റ്റും യുഎസ്. ജനപ്രതിനിധിയുമായ സെനറ്റര്‍ റോജര്‍ മാര്‍ഷലിന് പിന്തുണയുമായി ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും അവസാനഘട്ടത്തില്‍ നേരിട്ടെത്തി റാലികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ജനങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കൈവിടുകയായിരുന്നു.
Thank you, Kansas. Thank you for your faith in me and for the opportunity to fight for you in Washington.You'll hear more from me soon. – AH https://t.co/s6krWX524M
— Adam Hamilton (@Hamilton4Kansas) November 4, 2026
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നേരിട്ട് ആക്രമണമഴിച്ചുവിടാതെ, എതിരാളിയായ മാര്‍ഷലിനെയും കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍ അംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഹാമില്‍ട്ടണിന്റെ പ്രചരണം നടത്തിയത്. 'ഞാന്‍ പ്രസിഡന്റ് ട്രംപിനെതിരെയല്ല മത്സരിക്കുന്നത്,' ഇരുവരും പങ്കെടുത്ത അവസാന സംവാദത്തില്‍ ഹാമില്‍ട്ടണ്‍ പറഞ്ഞു. അതേസമയം, തനിക്ക് വോട്ട് ചെയ്യുന്നത് പ്രസിഡന്റിന്റെ നയപരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നതിന് തുല്യമാണെന്നായിരുന്നു റോജര്‍ മാര്‍ഷല്‍ വോട്ടര്‍മാരോട് പറഞ്ഞത്.
You can get a whole lot done when you don't care who gets the credit. https://t.co/CxMcDjhyz5
— Adam Hamilton (@Hamilton4Kansas) November 4, 2026
ഇരുവരും തമ്മില്‍ ഇറക്കുമതി തീരുവയുടെ കാര്യത്തിലും രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ പിന്‍വലിക്കണമെന്നും പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസിന്റെ അനുമതി നിര്‍ബന്ധമാക്കണമെന്നും ഹാമില്‍ട്ടണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, തീരുവകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു മാര്‍ഷലിന്റെ വാദം.
ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവിലയിലെ വര്‍ധനവ് മൂലം നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കന്‍സസിലെ നിരവധി കര്‍ഷകരെ സോയാബീന്‍, ഗോതമ്പ് തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ തിരിച്ചടിത്തീരുവകളും ബാധിച്ചിട്ടുണ്ട്. ബീഫ് ഇറക്കുമതിക്ക് നിലവിലുള്ള തീരുവകളില്‍ ഇളവ് വരുത്താനുള്ള ട്രംപിന്റെ പദ്ധതിയും കന്നുകാലി കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായി. ഇതെല്ലാം കാന്‍സസില്‍ ഹാമില്‍ട്ടണിന് വോട്ടായി മാറുകയും ചെയ്തു.
അതേസമയം, ഇടക്കാല തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം മറികടന്ന് റിപ്പബ്ലിക്കന്‍സ് സെനറ്റ് പിടിച്ചെടുത്തിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടകളിലേക്കും കടന്നുകയറിയ ഡെമോക്രാറ്റുകള്‍ പലയിടങ്ങളിലും അട്ടിമറി വിജയവും സ്വന്തമാക്കി. കാന്‍സസിന് പുറമെ ടെക്സാസ്, അയോവ, ഒഹായോ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന തുടങ്ങിയ സീറ്റുകളിലാണ് ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയം നേടിയത്. ജനപ്രതിനിധി സഭയിലും ഡെമോക്രറ്റുകള്‍ മുന്നേറ്റം തുടരുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തെരഞ്ഞെടുപ്പ് മാറ്റമുണ്ടായേക്കും. അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.
Content Highlight: Democrats make gains in Republican stronghold Kansas, with Adam Hamilton defeating Republican candidate Roger Marshall in the Senate election. The New York Times and other media outlets reported Hamilton's victory, citing media projections. It marks the first time since 1932 that a Democratic candidate has won in Kansas.