

അടൂര്‍: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അടൂര്‍ ബ്ലോക്ക് കമ്മിറ്റി. 'ഡിവൈഎഫ്ഐ അടൂര്‍ ബിസി' എന്ന പേജിനെതിരെ ശ്രീനാദേവി പരാതി നല്‍കിയിരുന്നു. നിരന്തരമായി നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാമെന്നും പൊലീസിനെ ഉപയോഗിച്ച് കേസ് എടുത്ത് വാ അടപ്പിക്കാമെന്നുമാണ് തീരുമാനമെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്ന് ഡിവൈഎഫ് ഐ ശ്രീനാദേവിയോട് പറഞ്ഞു.
ശ്രീനാദേവി ക്രിമിനലാണെന്നും വണ്ടി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമടക്കം ആരോപണങ്ങൾ ഉന്നയിക്കുന്ന വിവിധ പ്രതികരണങ്ങളുള്ള വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. ഇത് ഡിവൈഎഫ്ഐ പ്രചരിപ്പിച്ചതിനെതിരെയാണ് ശ്രീനാദേവി പരാതി നൽകിയത്. എന്നാലിത് തങ്ങള്‍ ഉണ്ടാക്കി വിട്ട വീഡിയോ അല്ലെന്നും പ്രചരിപ്പിച്ചതാണോ കുറ്റമെന്നുമാണ് ഡിവൈഎഫ്ഐ ചോദിക്കുന്നത്.
'ഒരു വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ആണല്ലോ ഇപ്പോള്‍ പരാതി നല്‍കുമെന്ന് പറഞ്ഞത്. ആ വീഡിയോ വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിലവിലുള്ളതാണ്. അല്ലാതെ ഡിവൈഎഫ്ഐ ഉണ്ടാക്കി വിട്ട വീഡിയോ അല്ല. പ്രചരിപ്പിച്ചതാണോ കുറ്റം? ഇന്നും അവിടെ ഉള്ള നാട്ടുകാര്‍ മുഴുവന്‍ നിങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ ആ വീഡിയോയില്‍ വന്ന് പ്രതികരിക്കുന്നുണ്ട്. എന്നിട്ടും അത് തെറ്റാണെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവസ്ഥ വളരെ കഷ്ടമാണ്', ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നികൃഷ്ടമായ വാക്കുകൾ ഉപയോഗിച്ച് ഒരു ജനപ്രതിനിധി സംസാരിക്കാൻ പാടില്ലാത്ത വാക്കുകളിൽ സംസാരിച്ചപ്പോഴൊന്നും ഇല്ലാത്ത എന്ത് പ്രിവിലേജ് ആണ് തിരിച്ച് കിട്ടേണ്ടതെന്നും ഇങ്ങോട്ട് എങ്ങനെയാണോ അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഡിവൈഎഫ്ഐ കുറിച്ചു.
ഇടതുപക്ഷത്തിന്റെ ആയുധം അന്നും ഇന്നും അപരാധകഥകളും വ്യാജ നിർമ്മിതികളും ആണെന്നും നിയമപരമായി നീക്കം ചെയ്ത തനിക്കെതിരെയുള്ള വീഡിയോകൾ പ്രചരിപ്പിച്ച DYFI ADOOR BC പേജിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശ്രീനാദേവി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
അതേസമയം, അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സംഭവം നടന്ന ജൂലൈ 11 രാത്രി കൂടാതെ അടുത്ത ദിവസവും പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങുന്ന സംഘം എത്തി. മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസ് പ്രതി ഫെനി നൈനാന്, ഗര്‍ഭഛിദ്ര കേസിലെ കൂട്ടുപ്രതി ജോബി ജോസഫ് തുടങ്ങിയവരുടെ സംഘമാണ് 12ന് പൊലീസ് സ്റ്റേഷനിലെത്തിയത്.
പൊലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തിയവരെ അടൂരിലെ കോണ്‍ഗ്രസിന്റെ പട്ടാളം എന്ന് വിശേഷിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പോസ്റ്റ് പങ്കുവെച്ചത് എന്നതും ശ്രദ്ധേയമാണ്. സംഘത്തിന്റെ അതിക്രമത്തില്‍ പൊലീസുകാരനുള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.
Content Highlights: dyfi adoor block committee responds to sreenadevi kunjamma