

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി കവർച്ചയായി വിലയിരുത്തപ്പെടുന്ന ബിനാൻസിൽ നിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരാണെന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ഈയാഴ്ച നടന്ന ആക്രമണത്തിന് 'ട്രേഡർ ട്രെയിറ്റർ' (TraderTraitor) എന്നറിയപ്പെടുന്ന ഹാക്കർ സംഘത്തിന്റെ സൈബർ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എഫ്ബിഐ വ്യക്തമാക്കി. കഴിഞ്ഞ വർഷം ബൈബിറ്റ് (Bybit) ക്രിപ്റ്റോ എക്സ്ചേഞ്ചിൽ നിന്ന് 1.5 ബില്യൺ ഡോളർ കവർന്ന ആക്രമണത്തിന് പിന്നിലും ഇതേ സംഘമാണെന്നാണ് വിലയിരുത്തൽ.
കവർച്ചയുമായി ബന്ധപ്പെട്ട ക്രിപ്റ്റോ കറൻസി ഇടപാടുകൾ തടയാൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകളോടും ബ്ലോക്ക്ചെയിൻ ഇടപാടുകൾ വിശകലനം ചെയ്യുന്ന സ്ഥാപനങ്ങളോടും മറ്റ് ബന്ധപ്പെട്ടവരോടും എഫ്ബിഐ ആവശ്യപ്പെട്ടു. മോഷ്ടിച്ച പണം അതിന്റെ യഥാർഥ ഉറവിടം മറച്ചുവെച്ച് വെളുപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം.മോഷ്ടിച്ച ആസ്തികൾ പ്രധാനമായും 'ഇഥീരിയം' (Ethereum) എന്ന ക്രിപ്റ്റോകറൻസിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും എഫ്ബിഐ അറിയിച്ചു. ഇനി വികേന്ദ്രീകൃത ധനകാര്യ സേവനങ്ങളായ ഡിഫൈ (DeFi), തൽക്ഷണ ക്രിപ്റ്റോകറൻസി കൈമാറ്റ സേവനങ്ങൾ എന്നിവ ഉപയോഗിച്ച് മോഷ്ടിച്ച ആസ്തികൾ മറ്റ് രൂപങ്ങളിലേക്ക് മാറ്റാൻ ഹാക്കർമാർ ശ്രമിക്കുമെന്നാണ് എഫ്ബിഐയുടെ വിലയിരുത്തൽ.
ഉത്തരകൊറിയയുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ ഉറപ്പായിട്ടില്ലെന്ന സൂചനയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. എനിക്ക് ആശങ്കയില്ല. ഞങ്ങൾ ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയയാണോ ഇതിന് പിന്നിലെന്ന് ഞങ്ങൾക്ക് അറിയില്ല എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. എന്നാൽ അന്വേഷണത്തിലൂടെ ഉത്തരകൊറിയയുടെ പങ്ക് സ്ഥിരീകരിക്കപ്പെടാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസിൽ നിന്ന് വ്യാഴാഴ്ചയാണ് ബിറ്റ്കോയിനും മറ്റ് ഡിജിറ്റൽ കറൻസികളുമായി 6.3 ബില്യൺ ഡോളർ കവർച്ച ചെയ്യപ്പെട്ടത്. ഉത്തരകൊറിയൻ ഹാക്കർമാരുടെ പ്രവർത്തനരീതിയുമായി ആക്രമണത്തിന് സാമ്യമുണ്ടെന്ന് നിരവധി ക്രിപ്റ്റോ വിദഗ്ധർ അന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, കവർച്ച ചെയ്യപ്പെട്ട അതേ ഡിജിറ്റൽ കറൻസിയിൽ നഷ്ടപ്പെട്ട ആസ്തികളുടെ 90 ശതമാനത്തോളം നികത്താൻ ആവശ്യമായ തുക തങ്ങളുടെ കൈവശം നീക്കിവെച്ചിട്ടുണ്ടെന്ന് ബിനാൻസ് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ നൽകുമെന്നും കമ്പനി ഉറപ്പുനൽകി.
Content Highlights: The FBI has blamed North Korean hackers for a massive $6.3 billion cryptocurrency theft from Binance, describing the incident as one of the biggest crypto heists in history.