ദുബായ് റൈഡ് 2026 ; ഷെയ്ഖ് സായിദ് റോഡിൽ സൈക്കിളുമായി ആയിരങ്ങൾ

ദുബായ് ഫിറ്റ്നസ് ചലഞ്ച് 2026ന്റെ ഉദ്ഘാടന വാരാന്ത്യത്തിന്റെ ഭാഗമായാണ് സൗജന്യ സൈക്ലിങ് പരിപാടി സംഘടിപ്പിച്ചത്

ദുബായ് റൈഡ് 2026 ; ഷെയ്ഖ് സായിദ് റോഡിൽ സൈക്കിളുമായി ആയിരങ്ങൾ
dot image

ആയിരക്കണക്കിന് സൈക്കിൾ യാത്രക്കാർ പങ്കെടുത്ത് ദുബായ് റൈഡ് 2026 ശ്രദ്ധേയമായി. തിരക്കേറിയ ഷെയ്ഖ് സായിദ് റോഡ് കാറുകൾക്ക് പകരം സൈക്കിളുകൾക്കായി തുറന്നുനൽകിയതോടെ നഗരം വലിയ സൈക്ലിങ് ട്രാക്കായി മാറി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങളും സുഹൃത്തുക്കളും സൈക്കിൾ പ്രേമികളും പരിപാടിയുടെ ഭാഗമായി.

ദുബായ് ഫിറ്റ്നസ് ചലഞ്ച് 2026ന്റെ ഉദ്ഘാടന വാരാന്ത്യത്തിന്റെ ഭാഗമായാണ് സൗജന്യ സൈക്ലിങ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുക്കുന്നവർക്കായി രണ്ട് റൂട്ടുകളാണ് ഒരുക്കിയിരുന്നത്. ഷെയ്ഖ് സായിദ് റോഡിലൂടെയുള്ള 12 കിലോമീറ്റർ റൂട്ടും ഡൗൺടൗൺ ദുബായിലെ നാല് കിലോമീറ്റർ ദൈർഘ്യമുള്ള കുടുംബ സൗഹൃദ റൂട്ടുമായിരുന്നു അവ. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ബുർജ് ഖലീഫ, ദുബായ് ഓപ്പറ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ പിന്നിട്ടാണ് സൈക്കിൾ യാത്രക്കാർ മുന്നേറിയത്. കുടുംബങ്ങളോടൊപ്പം എത്തിയവരും സുഹൃത്തുക്കൾക്കൊപ്പം പങ്കെടുത്തവരും ആദ്യമായി സൈക്ലിങ് പരിപാടിയുടെ ഭാഗമായവരും ഉൾപ്പെടെ നിരവധി പേരുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.

Dubai Ride 2026
ദുബായ് റെെഡ് 2026

പരിപാടിയുടെ നടത്തിപ്പിനായി നവംബർ ഒന്ന് ഞായറാഴ്ച പുലർച്ചെ മൂന്ന് മുതൽ രാവിലെ 9.30 വരെ മൂന്ന് പ്രധാന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വാഹനയാത്രക്കാർ അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ വസൽ റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിർദേശിച്ചിരുന്നു.

പങ്കെടുക്കുന്നവർക്ക് പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്താനും മടങ്ങാനും സൗകര്യമൊരുക്കുന്നതിനായി ദുബായ് മെട്രോ സർവീസ് സമയവും ദീർഘിപ്പിച്ചിരുന്നു. പുലർച്ചെ മൂന്ന് മുതൽ അർധരാത്രി വരെയാണ് സർവീസ്. ദുബായിൽ കായികവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് ദുബായ് റൈഡ്. ഷെയ്ഖ് സായിദ് റോഡിലൂടെ ആയിരക്കണക്കിന് പേർ ഒരുമിച്ച് സൈക്കിൾ ചവിട്ടിയ കാഴ്ചകളാണ് ഈ വർഷത്തെ പരിപാടിയുടെ പ്രധാന ആകർഷണമായത്.

Content Highlights: Thousands of cyclists took part in Dubai Ride 2026 as Sheikh Zayed Road was transformed into a cycling route for the annual event.

dot image
To advertise here,contact us
dot image