

തെഹ്‌റാന്‍: സംഘര്‍ഭരിതമായ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്ന എണ്ണ ടാങ്കറുകളിലെ ക്യാപ്റ്റന്മാര്‍ക്ക് മാസശമ്പളത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോർട്ട്. ശമ്പളത്തിനൊപ്പം കനത്ത ബോണസും നല്‍കാന്‍ തയ്യാറായിരിക്കുകയാണ് ഷിപ്പിങ് കമ്പനികള്‍. പല കമ്പനികളുടെയും ക്യാപ്റ്റന്മാരുടെ അടിസ്ഥാന ശമ്പളം ഒരു ലക്ഷം ഡോളറോളമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനൊപ്പം അമ്പതിനായിരം ഡോളർ വരെ ബോണസായി നല്‍കുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടിൽ പറയുന്നു.
ഹോര്‍മൂസ് കടലിടുക്കില്‍ ടാങ്കറുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതിനിടയിലും, പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി യുദ്ധത്തിന് മുന്നേയുള്ള അളവിലും ഉയര്‍ന്നുവെന്ന് ചില കണക്കുകൾ പറയുന്നുണ്ട്. അതേസമയം ഇതില്‍ നാല്‍പത് ശതമാനത്തോളം എണ്ണ കയറ്റുമതി പൈപ്പ്‌ലൈനുകളിലൂടെയും അപകടകരമായ ഷട്ടില്‍ ബോട്ടുകള്‍ വഴിയാണെന്നും ആഗോള ഷിപ്പിങ് ട്രാക്കറായ കെപ്‌ളര്‍ ഡാറ്റ വ്യക്തമാക്കുന്നു.
എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ ഇറാന്‍ കടുപ്പിച്ച സാഹചര്യത്തില്‍ കപ്പലുടമകള്‍ സീഫാറര്‍മാര്‍ക്ക്(നാവികർ) വലിയ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്ന് ടാങ്കര്‍ ഉടമകളും ക്രൂ അംഗങ്ങളും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ചെങ്കടലിലും ഗള്‍ഫ് ഒഫ് ഒമാനിലും സാധാരണ നാവികരുടെ അടിസ്ഥാന ശമ്പളം 1500 ഡോളറും (ഏറ്റവും കുറഞ്ഞത്) ക്യാപ്റ്റന്‍മാരുടേത് 15,000 ഡോളറുമാണ്. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ടാങ്കര്‍ ഉടമകള്‍, സാധാരണ നാവികര്‍ക്ക് നാലും ആറും ഇരട്ടി തുകകളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഇറാനിയന്‍ മിസൈലുകളെയും ഡ്രോണ്‍ ആക്രമണങ്ങളെയും നേരിടാനുള്ള അപകടകരമായ ദൗത്യം ഏറ്റെടുത്താല്‍ ഒരു മാസം ഏറ്റവും കൂടുതല്‍ തുക വരുമാനമായി ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചരക്കുക്കപ്പലുകളുടെ വാടക തുകയും കുതിച്ചു കയറി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ദിവസേന 20,000 മുതല്‍ 50000 ഡോളർവരെയായിരുന്ന തുക, ഇക്കഴിഞ്ഞ ഒരാഴ്ചയിൽ ദിവസേന 1.3 മില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ കടന്ന് എണ്ണ നിറച്ച് മടങ്ങാന്‍ നാലു ദിവസത്തോളമാണ് കപ്പലുകൾക്ക് വേണ്ടത്. വിരലിലെണ്ണാവുന്ന കപ്പലുകള്‍ മാത്രമാണ് ഇതിന് തയ്യാറാകുന്നത്. ഈ കപ്പലുകളാണ് ഗള്‍ഫ് ഒഫ് ഒമാനിലെ ഫുജൈറയില്‍ കാത്തുനില്‍ക്കുന്ന മറ്റ് ടാങ്കറുകളിലേക്ക് എണ്ണ എത്തിക്കുന്നത്. സംഘർഷ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർമൂസ് കടക്കാൻ തയ്യാറാകാത്ത ക്രൂ അംഗങ്ങൾക്ക് മേൽ കപ്പലുടമകൾ സമ്മർദം ചെലുത്തുന്നുണ്ടെന്നും, ദൗത്യം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കില്‍ അവരെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നതടക്കമുള്ള ഭീഷണി ഉയർത്തുന്ന അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Oil tanker captains are being offered significant salary increases along with a $50,000 bonus for crossing the Strait of Hormuz.