ഫ്രാൻസിൽ ജെൻ ആൽഫാ പ്രതിഷേധം ശക്തം; കൂടുതൽ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്ത് വിദ്യാർത്ഥി-അധ്യാപക സംഘടനകൾ

രാജ്യത്തുടനീളം പ്രകടനങ്ങള്‍ വ്യാപകമായതിനെത്തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടി

ഫ്രാൻസിൽ ജെൻ ആൽഫാ പ്രതിഷേധം ശക്തം; കൂടുതൽ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്ത് വിദ്യാർത്ഥി-അധ്യാപക സംഘടനകൾ
dot image

പാരീസ്: രണ്ടാഴ്ചയിലേറെയായി തുടരുന്ന ഫ്രാന്‍സിലെ ജെന്‍ ആല്‍ഫാ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് അനാവശ്യമായി ആക്രമണം നടത്തുകയാണെന്ന തരത്തില്‍ വ്യാപക പരാതികള്‍ ഉയരുന്നുണ്ട്. ബുധനാഴ്ച പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് വയസുകാരന്റെ കൈപ്പത്തി വേര്‍പെട്ടുപോയിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതില്‍ സ്റ്റണ്‍ ഗ്രനേഡുകള്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. അതിനിടെ പൊലീസിനെ പിന്തുണച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകൊര്‍നോ രംഗത്തെത്തി. സമരക്കാരുടെ എല്ലാ ആവശ്യങ്ങളെ പരിഗണിക്കുമെന്നും പ്രശ്‌നങ്ങള്‍ ഈ മാസം അവസാനത്തോടെ പരിഹരിക്കുമെന്നും ലെകൊര്‍നു പറഞ്ഞു.

ജെന്‍ ആല്‍ഫാ പ്രതിഷേധത്തെ തുടര്‍ന്ന് 500ലധികം സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. 24 സ്‌കൂളുകള്‍ ഇതുവരെ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത 6000ലധികം പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 210 വിദ്യാര്‍ത്ഥികള്‍ക്കും 715 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രതിഷേധനങ്ങള്‍ക്ക് അയവ് വരുന്നതായി സൂചനയില്ല. രാജ്യത്തുടനീളം പ്രകടനങ്ങള്‍ വ്യാപകമായതിനെത്തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ വ്യാഴാഴ്ച കൂടുതല്‍ മാര്‍ച്ചുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ മാറ്റാനുള്ള തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പാണ് വ്യാപകമായ പൊതുജന രോഷം തുറന്നുകാട്ടിയത്.

വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണം ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്. പാരീസില്‍ സെപ്റ്റംബറില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു. ക്ലാസ് മുറികളിലെ തിരക്ക്, മോശം അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ കുറവ് തുടങ്ങിയ വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ഉന്നയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചത് 'വ്യക്തമായ നിർദേശങ്ങളല്ലെ'ന്നാണ് പ്രധാന പ്രതിഷേധ സംഘടനയായ യൂണിയന്‍ സിന്‍ഡികേല്‍ ലൈസീന്‍ ആരോപിച്ചത്. 

Content Highlights: Gen Alpha protests are intensifying in France, with student and teacher organisations calling for further demonstrations across the country.

dot image
To advertise here,contact us
dot image