

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കും. കാണാതായ 5,285 പേരുടെ മരണം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കാണതായവരുടെ പട്ടികയില്‍ ഏഴ് മലയാളികളുമുണ്ട്. ഇതിനായി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറെടുക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങള്‍ നീക്കുന്നതിനും നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുമായി ഒരു ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കാന്‍ നേപ്പാള്‍ മന്ത്രിസഭ ബുധനാഴ്ച ശുപാര്‍ശ ചെയ്തു. സിംഘാ ദര്‍ബാറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മരിച്ചതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരാളെ 12 വര്‍ഷത്തേക്ക് കാണാതായിരിക്കണം എന്ന നിലവിലുള്ള വ്യവസ്ഥ 45 ദിവസമായി കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ദുരന്തത്തില്‍ ഇതുവരെ 1,455 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ദുരന്ത ഭൂമിയിലെ തെരച്ചില്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഏകദേശം 70,000 പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.
ആഗസ്റ്റ് 26ന് പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകർന്നിരുന്നു. ദുരന്തത്തില്‍ ഇതുവരെ 1,400-ലധികം പേര്‍ മരിച്ചു. അതേസമയം 6,000ത്തിലധികം പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
Content Highlights: Following the end of search operations after Nepal's devastating floods, authorities have begun legal processes to declare missing persons dead.