ഇറാനും സൊഹ്റാൻ മംദാനിക്കും വിമർശനം; സഖ്യരാജ്യങ്ങളായ ബ്രിട്ടനെയും ഫ്രാൻസിനെയും കടന്നാക്രമിച്ച് നെതന്യാഹു

ഗാസയിലെ ഇസ്രയേലി നടപടികൾ വംശഹത്യയാണെന്ന ആരോപണവും നെതന്യാഹു നിഷേധിച്ചു

ഇറാനും സൊഹ്റാൻ മംദാനിക്കും വിമർശനം; സഖ്യരാജ്യങ്ങളായ ബ്രിട്ടനെയും ഫ്രാൻസിനെയും കടന്നാക്രമിച്ച് നെതന്യാഹു
dot image

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ വിമർശകരെയും സഖ്യകക്ഷികളെയും ഒരുപോലെ കടന്നാക്രമിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വ്യാഴാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത നെതന്യാഹു ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, വിമർശകർ, ഇറാൻ്റെ ഭരണ നേതൃത്വം എന്നിവർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിയ യുദ്ധത്തെക്കുറിച്ചും യു എൻ പൊതുസഭയിൽ നെതന്യാഹു വിശദീകരിച്ചു. 'ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുക എന്നത് വളരെ പ്രയാസകരമായിരുന്നു. എന്നാൽ പ്രധാനമന്ത്രിയെന്ന നിലയിൽ എനിക്ക് എടുക്കേണ്ടിവന്ന തീരുമാനങ്ങളിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു അത്. ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, നമ്മളെല്ലാവരും മരിച്ചുപോകുമായിരുന്നു' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ഇസ്രയേൽ ഇപ്പോൾ ഏഴ് മുന്നണികളിലായി യുദ്ധം ചെയ്യുകയാണെന്നും നെതന്യാഹു പറഞ്ഞു. ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, സിറിയ, ലെബനൻ, ഇറാൻ, യെമനിലെ ഹൂതികൾ, ഇറാഖിലെ സായുധ സംഘങ്ങൾ എന്നിവയെയാണ് അദ്ദേഹം ഏഴ് മുന്നണികളായി വിശേഷിപ്പിച്ചത്. നമ്മൾ വിജയിക്കും. നമുക്ക് മറ്റ് വഴിയില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 1976ൽ ഉഗാണ്ടയിലെ ഓപ്പറേഷൻ എൻടെബ്ബെയ്ക്കിടെ കൊല്ലപ്പെട്ട തന്റെ മൂത്ത സഹോദരൻ യോനാതൻ നെതന്യാഹുവിന്റെ വാക്കുകളും അദ്ദേഹം ആവർത്തിച്ചു.

ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാൻസും നെതന്യാഹുവിന്റെ വിമർശനത്തിന് ഇരയായി. 'ചെറിയ രാജ്യമായ ഇസ്രയേലിനെ കൊളോണിയലിസം ആരോപിച്ച് അവർ കുറ്റപ്പെടുത്തുന്നു. നമ്മെ കുറ്റപ്പെടുത്തുന്നത് ആരാണ്? ബ്രിട്ടനിലെയും ഫ്രാൻസിലെയും ചിലരാണ്. ദൈവമേ, ആ പദം തന്നെ കണ്ടുപിടിച്ചത് അവരാണ്' എന്നായിരുന്നു സഖ്യരാജ്യങ്ങളെക്കുറിച്ചുള്ള നെതന്യാഹുവിൻ്റെ വിമർശനം. ഇസ്രയേലിന്റെ നടപടികളെക്കുറിച്ച് ബ്രിട്ടനും ഫ്രാൻസും അടുത്തിടെ കൂടുതൽ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് ഇരുരാജ്യങ്ങളും പരിമിതമായ ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് നെതന്യാഹു നന്ദി അറിയിച്ചു. 'ഈ ബാർബേറിയൻമാർക്കെതിരായ പോരാട്ടത്തിൽ പ്രസിഡന്റ് ട്രംപിനേക്കാൾ വലിയൊരു പങ്കാളി ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു നെതന്യാഹു പറഞ്ഞു. ഇസ്രയേലും അമേരിക്കയും ഒരുമിച്ച് പ്രവർത്തിച്ചെന്നും ഇരു രാജ്യങ്ങളിലെയും വൈമാനികർ ഇറാന്റെ ആകാശത്ത് സംയുക്ത ദൗത്യങ്ങൾ നടത്തിയെന്നും' അദ്ദേഹം അവകാശപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരിൽ ശേഷിക്കുന്നവരെ തിരികെ കൊണ്ടുവരുന്നതിനും അമേരിക്കയും ഇസ്രയേലും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും നെതന്യാഹു പറഞ്ഞു. നെതന്യാഹുവിൻ്റെ ട്രംപ് പ്രശംസക്കിടെ അമേരിക്കൻ പ്രതിനിധി സംഘം ഇസ്രയേൽ പ്രതിനിധി സംഘത്തോടൊപ്പം എഴുന്നേറ്റ് കൈയടിച്ചു. ഗാസയിലെ ഇസ്രയേലി നടപടികൾ വംശഹത്യയാണെന്ന ആരോപണവും നെതന്യാഹു നിഷേധിച്ചു.

ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെയും നെതന്യാഹു രൂക്ഷ വിമർശനം ഉന്നയിച്ചു. 'ഈ ഹാളിലിരുന്നാലും ന്യൂയോർക്കിലെ ജൂതവിരുദ്ധ മേയറുടെ ഓഫീസിലിരുന്നാലും എന്റെ രാജ്യത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്ന എല്ലാവരോടും ഞാൻ പറയുന്നത് ഇതാണ് ലജ്ജിക്കണം എന്നായിരുന്നു നെത്യാഹുവിൻ്റെ പ്രതികരണം. നെതന്യാഹു പറഞ്ഞു. മിസ്റ്റർ മംദാനി, ഞാൻ ഇവിടെ വരുന്നത് തടയാൻ നിങ്ങൾ ശ്രമിച്ചു. എന്നെ നിശബ്ദനാക്കാൻ നിങ്ങൾ ശ്രമിച്ചു. എന്നാൽ നിങ്ങൾക്ക് എന്നെ നിശബ്ദനാക്കാനാകില്ല' എന്നും നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ന്യൂയോർക്കിലെത്തുമ്പോൾ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുമെന്ന് നേരത്തെ മംദാനി പറഞ്ഞിരുന്നു.

നെതന്യാഹു പ്രസംഗം ആരംഭിച്ചപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ സൗദി അറേബ്യ, സുഡാൻ, ടുണീഷ്യ, ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അൾജീരിയ, ഇറാൻ, മലേഷ്യ, മോണ്ടെനെഗ്രോ, കിർഗിസ്ഥാൻ, ജോർദാൻ, ലിബിയ, മാർഷൽ ദ്വീപുകൾ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ സീറ്റുകൾ ഒഴിഞ്ഞുകിടന്നു. ഇവയിൽ പല രാജ്യങ്ങളും ഒരു പ്രതിനിധിയെ വീതം ഹാളിൽ സന്നിഹിതരാക്കിയിരുന്നു. മറ്റ് പ്രതിനിധികൾ പ്രതിഷേധ സൂചകമായി പ്രസംഗത്തിനിടെ പുറത്തുപോകുകയായിരുന്നു. ചിലർ നെതന്യാഹുവിൻ്റെ പ്രസം​ഗത്തിനിടെ കൂവുകയും പരിഹസിക്കുകയും ചെയ്തു. അതേസമയം, നെതന്യാഹുവിന്റെ സംഘാംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ബഹളം നിയന്ത്രിക്കാൻ സമ്മേളനത്തിന്റെ അധ്യക്ഷന് ഇടപെടേണ്ടിവന്നു. 'ഈ ഹാളിൽ ഇപ്പോഴും തുടരുന്ന ധാർമിക ഭീരുക്കളിൽ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ, ദയവായി അവരും പുറത്തുപോകുക എന്നായിരുന്നു' ഹാളിൽ നിന്ന് ഇറങ്ങിപ്പോയ പ്രതിനിധികളോടുള്ള നെതന്യാഹുവിൻ്റെ പ്രതികരണം.

Content Highlights: Israeli Prime Minister Benjamin Netanyahu criticised Iran and Zohran Mamdani while also sharply attacking allies Britain and France during his speech.

dot image
To advertise here,contact us
dot image