ആറ് മണിക്കൂറിനുള്ളില്‍ അമേരിക്ക വിടും, ട്രംപുമായി കൂടിക്കാഴ്ചയില്ല; സന്ദര്‍ശന സമയം വെട്ടിച്ചുരുക്കി നെതന്യാഹു

സുരക്ഷാ കാരണങ്ങളാലാണ് സമയം പരിമിതപ്പെടുത്തിയത്

ആറ് മണിക്കൂറിനുള്ളില്‍ അമേരിക്ക വിടും, ട്രംപുമായി കൂടിക്കാഴ്ചയില്ല; സന്ദര്‍ശന സമയം വെട്ടിച്ചുരുക്കി നെതന്യാഹു
dot image

ടെൽഅവീവ്: യുഎന്‍ ജനറല്‍ അസംബ്ലിയിലെ സന്ദര്‍ശന സമയം വെട്ടിച്ചുരുക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സുരക്ഷാ കാരണങ്ങളാലാണ് സമയം പരിമിതപ്പെടുത്തിയത്. യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നതിനായി നെതന്യാഹു വ്യാഴാഴ്ച യുഎസില്‍ എത്തും. അതേ ദിവസം വൈകീട്ട് തന്നെ ഇസ്രയേലിലേക്ക് മടങ്ങാനാണ് നെതന്യാഹുവിന്റെ തീരുമാനം. ഏകദേശം ആറ് മണിക്കൂര്‍ മാത്രം യുഎസില്‍ ചെലവഴിക്കാനാണ് സാധ്യത.

ന്യൂജേഴ്സിയിലെ ഒരു സൈനിക വിമാനത്താവളത്തിലാണ് നെതന്യാഹു വിമാനമിറങ്ങുക. ഇവിടെ നിന്ന് മാന്‍ഹാട്ടനിലെത്തി ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയും തുടര്‍ന്ന് ഇസ്രായേലിലേക്ക് മടങ്ങുകയും ചെയ്യുമെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായാണ് നെതന്യാഹുവിന്റെ സന്ദര്‍ശന സമയം ഇത്രയും പരിമിതമാക്കുന്നത്. സന്ദര്‍ശനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയോ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയോ നെതന്യാഹു കാണില്ല. നേതാക്കൾ തമ്മില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ഇസ്രായേല്‍ നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നടന്നില്ല.

നിശ്ചയിച്ച പ്ലാന്‍ അനുസരിച്ച് ബുധനാഴ്ച രാത്രി ഇസ്രായേലില്‍ നിന്ന് പുറപ്പെടുന്ന നെതന്യാഹു, വ്യാഴാഴ്ച രാവിലെ ന്യൂയോര്‍ക്കിലെത്തും. തുടര്‍ന്ന് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം അന്ന് തന്നെ ഇസ്രയേലിലേക്ക് മടങ്ങും. ഗാസയില്‍ തുടരുന്ന വംശഹത്യയിലും വെസ്റ്റ് ബാങ്കിലെ മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ച് ന്യൂയോര്‍ക്കില്‍ നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതോടൊപ്പം, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി നെതന്യാഹുവിനെ യുദ്ധക്കുറ്റവാളി എന്നും വംശഹത്യയുടെ സൂത്രധാരന്‍ എന്നും വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ യു എസ് ഫെഡറല്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങള്‍ കാരണം നെതന്യാഹുവിന്റെ സുരക്ഷയില്‍ ഇസ്രയേല്‍ അതീവ ജാഗ്രതയിലാണ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

Content Highlights: Israeli Prime Minister Benjamin Netanyahu has shortened his US visit to a few hours to attend the UN General Assembly and return to Israel the same day.

dot image
To advertise here,contact us
dot image